പാലക്കാട് കൊട്ടിക്കലാശത്തിലേക്ക്: നാടും നഗരവും ഇളക്കിയ പരസ്യപ്രചരണത്തിന് ഇന്ന് സമാപനം
പാലക്കാട്: നാടും നഗരവും ഇളക്കിയ പ്രചരണത്തിന് ശേഷം പാലക്കാട് ഇന്ന് കൊട്ടിക്കലാശം. ഉപതിരഞ്ഞെടുപ്പുകളില്‍ സംസ്ഥാനം അടുത്തെങ്ങും കാണാത്ത വാദ-പ്രതിവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും സാക്ഷ്യം വഹിച്ച പ്രചരണ നാളുകളാണ് കൊട്ടിക്കലാശത്തിലേക്ക് നീങ്ങുന്നത്. ഉച്ചയോടെ ആരംഭിക്കുന്ന മൂന്ന് മുന്നണികളുടേയും റോഡ് ഷോ പാലക്കാട് സ്റ്റേഡിയം പരിസരത്ത് സമാപിക്കുന്ന രീതിയിലാണ് കൊട്ടിക്കലാശം ആസൂത്രണം ചെയ്തിരിക്കുന്നത്.
യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിന്റെ റോഡ് ഷോയ്ക്ക് ഉച്ചയ്ക്ക് രണ്ട് മണിയോടെ തുടക്കമാകും. ഒലവങ്കോട് നിന്നുമാണ് യു ഡി എഫ് റോഡ് ഷോആരംഭിക്കുന്നത്. വൈകീട്ട് നാലിന് സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നുമാണ് എല്‍ ഡി എഫ് സ്ഥാനാർത്ഥി പി സരിന്റെ റോഡ് ഷോ തുടങ്ങുന്നത്. ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെ റോഡ് ഷോ മേലാമുറി ജങ്ഷനിൽ നിന്നും ആരംഭിക്കും.

വീറും വാശിയും അത്രയേറെ ഏറി നില്‍ക്കുന്നതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് ഇന്ന് നഗരത്തില്‍ കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇരട്ട വോട്ട് ആരോപണം ശക്തമാക്കുന്ന എല്‍ ഡി എഫ് ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് രാവിലെ 10 ന് കളക്ട്രേറ്റ് മാർച്ചും നടത്തും. മണ്ഡലത്തില്‍ യുഡിഎഫും ബിജെപിയും 2700 ഓളം ഇരട്ടവോട്ടുകള്‍ ചേർത്തിട്ടുണ്ടെന്നും ഇവ നീക്കം ചെയ്യണമെന്നുമാണ് എല്‍ഡിഎഫ് ആവശ്യം.
മൂന്ന് മുന്നണികളും തികഞ്ഞ വിജയ പ്രതീക്ഷ വെച്ച് പുലർത്തുന്ന മണ്ഡലം പ്രചരണത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതിയാണ് പുലർത്തിയത്. പ്രചരണത്തിന്റെ ചൂട് വോട്ടെടുപ്പില്‍ തട്ടിയോ എന്ന് അറിയാം 23 വരെ കാത്തിരിക്കണം. 2011 മുതല്‍ യു ഡി എഫിന്റെ സിറ്റിങ് സീറ്റാണെങ്കിലും കഴിഞ്ഞ തവണ മെട്രോമാന്‍ ഇ ശ്രീധരനിലൂടെ നടത്തിയ മുന്നേറ്റമാണ് ഇത്തവണ ബി ജെ പിയുടെ പ്രതീക്ഷകളും വർധിപ്പിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാർത്ഥിയായി എത്തിയതോടെ അതുവരെ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്ന പി സരിന്‍ ഇടയുന്നതുമാണ് പാലക്കാട് അങ്കത്തില്‍ ജനം കണ്ട ഇന്‍ട്രോ സീന്‍. അധികം വൈകാതെ തന്നെ അദ്ദേഹം പാർട്ടിയും മുന്നണിയും വിട്ട് ഇടത് പിന്തുണയില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി. ബി ജെ പിയിലും സ്ഥാനാർത്ഥിത്വം സംബന്ധിച്ച തർക്കങ്ങള്‍ ശക്തമായിരുന്നെങ്കിലും അതൊന്നും പുറത്തേക്ക് അത്ര വ്യക്തമായി എത്തിയില്ലെന്നതാണ് സത്യം
ഇതിനിടയില്‍ ചെറുതും വലുതമായ നിരവധി ട്വിസ്റ്റുകള്‍. ട്രോളി വിവാദവും സിസിടിവി തെളിവുകളും ത്രസിപ്പിച്ച ഇന്റർവെല്‍ ബ്രേക്ക്. ക്ലൈമാക്സിന് തൊട്ടുമുമ്പ് എതിർപക്ഷത്തേക്ക് പാളയത്തിലേക്ക് മാറുന്ന നടനെപ്പോലെ സന്ദീപ് വാര്യറുടെ കോണ്‍ഗ്രസ് പ്രവേശനം. ഒടുവില്‍ ഇന്ന് കൊട്ടിക്കലാശവും കഴിഞ്ഞ് ബുധനാഴ്ച തിരഞ്ഞെടുപ്പ്. ക്ലൈമാക്സില്‍ ജനം ഒളുപ്പിച്ചുവെച്ച ട്വിസ്റ്റ് എന്തെന്ന് അറിയാന്‍ 23 വരെ നീണ്ട് നില്‍ക്കുന്ന കാത്തിരിപ്പ്. അപ്പോള്‍ അറിയാം പാലക്കാടെ യഥാർത്ഥ ജനനായകന്‍ ആരെന്ന്.












Click it and Unblock the Notifications