Palakkad By Election: പാലക്കാട് മാത്തൂരിൽ യുഡിഎഫിനെതിരെ ഇരട്ടവോട്ട് ആരോപണവുമായി സിപിഎം, 'വരുന്നവരെ തടയും'
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ യുഡിഎഫിനെതിരെ ഇരട്ട വോട്ട് ആരോപണവുമായി സിപിഎം രംഗത്ത്. മാത്തൂർ പഞ്ചായത്തിലാണ് സിപിഎം ഇരട്ടവോട്ട് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇവിടെ 153ആം നമ്പർ ബൂത്തിൽ മാത്രം 32 ഇരട്ടവോട്ടുകൾ ഉണ്ടെന്ന ഗുരുതര ആരോപണമാണ് സിപിഎം ഉയർത്തിയത്. ഇരട്ട വോട്ടർമാരുടെ പട്ടിക തയ്യാറാക്കി അതും ഉയർത്തിപിടിച്ചാണ് സിപിഎം പ്രതിഷേധം.
കഴിഞ്ഞ കുറേ വർഷങ്ങളായി പഞ്ചായത്തിൽ താമസിക്കാത്തവരും, പഞ്ചായത്തിന് പുറത്തുള്ളവരുമായ വോട്ടർമാരുടെ പേരുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പത്ത് വർഷത്തോളമായി പൊന്നാനിയിൽ കഴിയുന്നവർ വരെ മാത്തൂരിലെ വോട്ടർപട്ടികയിൽ ഇടം നേടിയെന്നാണ് സിപിഎം ചൂണ്ടിക്കാണിക്കുന്നത്. പ്രധാനമായും യുഡിഎഫിന് പ്രതിക്കൂട്ടിൽ നിർത്തിയാണ് സിപിഎമ്മിന്റെ ആരോപണം.

ഒറ്റപ്പാലം, തിരൂർ മണ്ഡലങ്ങളിൽ വോട്ടുളള ആളുകളുണ്ട് എന്നാണ് സിപിഎം ചൂണ്ടിക്കാണിക്കുന്നത്. 15 വർഷമായി പൊന്നാനിയിൽ താമസിക്കുന്നവർ വരെ വോട്ടർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. വോട്ട് ചെയ്യാൻ എത്തുന്നവർ തടയുമെന്നാണ് സിപിഎം ആരോപിക്കുന്നത്. പട്ടികയിൽ ഉള്ളതെല്ലാം കോൺഗ്രസ് വോട്ടുകളാണ്. ആരെങ്കിലും അത്തരത്തിൽ വോട്ട് ചെയ്യാൻ എത്തിയാൽ തടയുമെന്നും മാത്തൂരിലെ സിപിഎം നേതാക്കൾ അറിയിച്ചു.
ഇതിന് പുറമേ പാലക്കാട് പിരായിയലും സമാനമായ ഇരട്ട വോട്ട് ആരോപണവുമായി സിപിഎം രംഗത്ത് വന്നിരുന്നു. ഇവിടെ വോട്ട് ചെയ്യാനെത്തിയ ഒരു വ്യക്തിയുടേത് ഇരട്ട വോട്ടെന്ന എൽഡിഎഫ് ആക്ഷേപവുമായി ഇടത് പക്ഷം രംഗത്ത് വരികയായിരുന്നു. പിരായിരി ജിഎൽപി സ്‌കൂളിലായിരുന്നു സംഭവം. തുടർന്ന് ഇയാളെ കൊണ്ട് സത്യവാങ്മൂലം നൽകിപ്പിച്ചതിന് ശേഷമാണ് വോട്ട് രേഖപ്പെടുത്താൻ അനുവദിച്ചത്.
അതേസമയം, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആദ്യ മണിക്കൂറുകളിലെ വോട്ടർമാരുടെ നീണ്ട നിര പതിയെ കുറഞ്ഞുവരികയാണ്. പുലർച്ചെ മുതൽ വിവിധ ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിര പ്രകടമായിരുന്നു. എന്നാൽ രാവിലെ പത്ത് മണിയോടെ തിരക്ക് പൂർണമായും ഒഴിയുന്ന സാഹചര്യമാണ് പലയിടത്തും കാണാൻ കഴിഞ്ഞത്.
നിലവിൽ പലയിടത്തും തിരക്ക് കുറവാണ്. ചിലയിടത്ത് താരതമ്യേന വോട്ടർമാർ കൂടുതലായി എത്തുന്നുമുണ്ട്. ഇതോടെ പോളിംഗ് കഴിഞ്ഞ തവണത്തേതിൽ നിന്നും കുറയുമെന്ന ആശങ്കയിലാണ് മുന്നണികൾ. ഇത്തവണ 75 ശതമാനം പോളിംഗ് മണ്ഡലത്തിൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു മൂന്ന് മുന്നണികളും, ആദ്യ സൂചനകൾ ഇതിന് വിപരീതമാണ്.












Click it and Unblock the Notifications