പാലക്കാട് കോൺഗ്രസിന് പിഴച്ചതെവിടെ? സരിൻ ഒരുമ്പെട്ടാൽ തിരിച്ചടി ഉറപ്പ്, അങ്ങനെ നടന്നാൽ നേട്ടം ബിജെപിക്ക്
പാലക്കാട്: കേരളത്തിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതികൾ ഇന്നലെ വൈകീട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. രാത്രിയോടെ യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ചു. അതിവേഗം ബഹുദൂരം എന്ന നയത്തിന്റെ അടിസ്ഥാനത്തിൽ പുതുപ്പള്ളി, തൃക്കാക്കര മണ്ഡലങ്ങളിൽ നടപ്പാക്കിയ രീതിയാണ് ഇവിടെയും അവർ പരീക്ഷിച്ചത്. എന്നാൽ അതിപ്പോൾ അവരെ തിരിഞ്ഞുകൊത്തി എന്നതാണ് വാസ്‌തവം.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടേത് ഈസി വാക്കോവർ ആയിരിക്കുമെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും പ്രവചിക്കാൻ കഴിയും. ചേലക്കരയിലേത് ഒരു ഭാഗ്യ പരീക്ഷണമാണ് കോൺഗ്രസ് നടത്തുന്നത്. രമ്യ ഹരിദാസിന്റെ വ്യക്തിപ്രഭാവം തുണച്ചാൽ ജയിക്കാം ഇല്ലെങ്കിൽ സിപിഎം മണ്ഡലം നിലനിർത്തിക്കോട്ടെ എന്ന സാമാന്യയുക്തി. എന്നാൽ പാലക്കാട് ഒരിക്കലും അങ്ങനെയല്ല, അവിടെയാണ് ശരിക്കും കോൺഗ്രസ് അഗ്നിപരീക്ഷ നേരിടുന്നത്.

കഴിഞ്ഞ തവണ അവസാന നിമിഷം വരെ മെട്രോമാൻ ഇ ശ്രീധരൻ തനിക്കായി പറഞ്ഞുവച്ച എംഎൽഎ ഓഫീസ് സ്വപ്‌നം കണ്ടിരുന്നപ്പോൾ ക്ലൈമാക്‌സ് ട്വിസ്‌റ്റിലൂടെയാണ് യുവതുർക്കി ഷാഫി പറമ്പിൽ അവിടെ ജയം കൊണ്ട് വന്നത്. അല്ലായിരുന്നെങ്കിൽ ഇക്കുറിയും നിയമസഭയിൽ ഒരു ബിജെപി എംഎൽഎയ്ക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കേണ്ടി വന്നേനെ (പിവി അൻവറിനൊപ്പം).
അതിനാൽ തന്നെ ബിജെപിയും കോൺഗ്രസും ഒരുപോലെ ജയം പ്രതീക്ഷിക്കുന്ന പാലക്കാട് ഇപ്പോഴത്തെ വിമത നീക്കങ്ങൾ അക്ഷരാർത്ഥത്തിൽ കോൺഗ്രസിനെ അങ്കലാപ്പിലാക്കുന്നതാണ്. പി സരിൻ എന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കോൺഗ്രസ് പാളയത്തിൽ വിമതസ്വരം ഉയർത്തിയപ്പോൾ ശരിക്കും അത് പലരെയും ഞെട്ടിച്ചു. ഒടുവിൽ പരസ്യപ്രതികരണവുമായി സരിൻ രംഗത്ത് വന്നതോടെ കോൺഗ്രസ് വെട്ടിലാവുകയും ചെയ്‌തു.
നിലവിലെ സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിലിനോട് വ്യക്തിപരമായ എതിർപ്പില്ലെങ്കിൽ കൂടിയും പാർട്ടിയുടെ വിജയവും രാഹുൽ ഗാന്ധിയുടെ സ്വപ്‌നവും യാഥാർഥ്യമാക്കാൻ താനാണ് ഏറ്റവും ഉത്തമൻ എന്ന് സരിൻ പറയുന്നു. ഇത് കോൺഗ്രസിനെ തെല്ലൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് ജയിച്ച ഒരു മണ്ഡലത്തിൽ, അതും ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടുന്ന ഒരിടത്ത് തൃശൂർ ആവർത്തിക്കുമോ എന്ന ഭയം അവർക്കുള്ളിൽ ആരംഭിച്ചാലും കുറ്റം പറയാൻ പറ്റില്ല.
പാലക്കാട് കോൺഗ്രസിന് സ്ഥാനാർത്ഥി നിർണയത്തിൽ പിഴച്ചത് ഒന്ന് രണ്ട് ഘടകങ്ങളിലാണ്. അതിൽ പ്രധാനമായും ഉള്ളൊരു കാര്യം ജില്ലയ്ക്ക് പുറത്തുനിന്നുള്ളൊരു വ്യക്തിയെ സ്ഥാനാർത്ഥിയാക്കുന്നു എന്നതാണ്. മറ്റൊന്ന് പ്രാദേശിക നേതൃത്വങ്ങളുടെ അഭിപ്രായം ചോദിക്കാതെയുള്ള തിടുക്കപ്പെട്ടുള്ള പ്രഖ്യാപനവുമാണ്.
സരിനെ ഒപ്പം ചേർക്കാൻ സിപിഎമ്മും ശ്രമിക്കുന്നുണ്ട്, ഈ നീക്കങ്ങൾ എത്രത്തോളം വിജയം കാണുമെന്ന് പറയാൻ കഴിയില്ല. എങ്കിലും പാലക്കാട് ഇത്തവണയും സിപിഎമ്മിന് കാര്യമായി ഒന്നും ചെയ്യാനുണ്ടാവില്ല എന്നുറപ്പാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ വിമത നീക്കങ്ങളിൽ ഏറ്റവും നേട്ടമുണ്ടാവാൻ പോവുന്നത് ബിജെപിക്ക് തന്നെയാണെന്ന് ഒരു സംശയവുമില്ലാതെ പറയാം.
ശോഭ സുരേന്ദ്രനോ, കെ സുരേന്ദ്രനോ ഇവിടെ മത്സരിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിജെപിക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പാലക്കാട്. സിപിഎമ്മിന്റെ മണ്ണായ ആലപ്പുഴയിൽ വോട്ട് വിഹിതം കുത്തനെ ഉയർത്തിയ ശോഭയാണ് പാലക്കാട് വരുന്നതെങ്കിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് ബിജെപി വൃത്തങ്ങളുടെ പ്രതീക്ഷ.
നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരുടെ ശരീര ഭാഷയിൽ നിന്നും വിമതനീക്കം എത്രത്തോളം ഗൗരവമേറിയതാണെന്ന് വ്യക്തമാണ്. ഇനി ഒരുപക്ഷേ സരിനെ ഒപ്പം നിർത്താൻ കോൺഗ്രസിന് കഴിഞ്ഞില്ലെങ്കിൽ പാലക്കാട് മണ്ഡലത്തിൽ വലിയൊരു രാഷ്ട്രീയ പോരാട്ടത്തിന് തന്നെയാവും സാക്ഷ്യം വഹിക്കേണ്ടി വരിക, അതിലാവട്ടെ കോൺഗ്രസ് ബിജെപിയേക്കാൾ രണ്ടടി പുറകിൽ നിന്ന് തുടങ്ങുന്ന നിലയിലുമായിരിക്കും.












Click it and Unblock the Notifications