ശോഭ വരണം, വന്നേ പറ്റുവെന്ന് നേതൃത്വം; പാലക്കാട് ബിജെപിക്ക് തലവേദന, ആശങ്ക ഉയർത്തുന്നത് ഈ കാര്യം
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ തികഞ്ഞ പ്രതീക്ഷയിലാണ് ബിജെപി കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോവുന്നത്. എന്നാൽ അവിടെയും അവർക്ക് ആശങ്ക സൃഷ്‌ടിക്കുന്ന ചില ഘടകങ്ങൾ ഉയർന്നുവരുന്നുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വം പാർട്ടിക്കുള്ളിൽ രണ്ട് ധ്രുവങ്ങൾ ഉടലെടുക്കാൻ കാരണമായി എന്നതാണ് വാസ്‌തവം.
തുടക്കം മുതൽ മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന പേരുകളായിരുന്നു ശോഭ സുരേന്ദ്രന്റേതും സി കൃഷ്‌ണകുമാറിന്റേതും. വിവിധ കോണുകളിൽ നിന്ന് ഇവരെ പിന്തുണച്ചും എതിർത്തും അഭിപ്രായങ്ങളുയർന്നു. ഒടുവിൽ സംസ്ഥാന നേതൃത്വം സി കൃഷ്‌ണകുമാറിനെ ശുപാർശ ചെയ്‌തതോടെ കേന്ദ്രത്തിന് മറ്റ് ആലോചനയുടെ ആവശ്യം വന്നില്ല.

അങ്ങനെയാണ് മണ്ഡലത്തിൽ സി കൃഷ്‌ണകുമാർ എത്തുന്നത്. എന്നാൽ അതുകൊണ്ട് ഒന്നും അവസാനിച്ചില്ലെന്നാണ് ഇപ്പോഴത്തെ സ്ഥിതിഗതികൾ നൽകുന്ന സൂചന. മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ള, വനിതാ നേതാക്കളിലെ മുൻനിര പോരാളിയായ ശോഭ കൃഷ്‌ണകുമാറിന്റെ പ്രചാരണത്തിൽ നിന്ന് മാറി നിൽക്കുന്നത് മണ്ഡലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
കേരളത്തിലെ മറ്റേത് നിയമസഭാ മണ്ഡലം പോലെയുമല്ല പാലക്കാടിനെ ബിജെപി നോക്കി കാണുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ ശ്രീധരനെ ഇറക്കി ഏറെക്കുറെ ജയം പിടിച്ചെടുത്തതായിരുന്നു അവർ. എന്നാൽ അവസാന നിമിഷം ഷാഫി പറമ്പിൽ മുന്നേറ്റം നടത്തി ബിജെപിയുടെ പ്രതീക്ഷ കെടുത്തുകയായിരുന്നു.
അതുകൊണ്ട് തന്നെ ഇക്കുറി കരുതലോടെ ആയിരുന്നു ബിജെപി നീക്കം. ജില്ലയിൽ നിന്ന് തന്നെയുള്ള, മണ്ഡലത്തിൽ സുപരിചിതനായ സി കൃഷ്‌ണകുമാറിനെ ഇറക്കിയതും ജയം മാത്രം മനസിൽ കണ്ടാണ്. എന്നാൽ ശോഭ സുരേന്ദ്രൻ പക്ഷം ഇവിടെ തണുപ്പൻ നയം സ്വീകരിക്കുന്നത് പാർട്ടിക്ക് വലിയ രീതിയിൽ തിരിച്ചടിയാവുന്നു എന്നാണ് അടിത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ.
ഇതോടെ ശോഭയെ മണ്ഡലത്തിലെ പ്രചാരണത്തിന്റെ ഭാഗമാക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് ബിജെപി നേതൃത്വം. ഏറ്റവും ഒടുവിൽ ശോഭ പാലക്കാട് പ്രചാരണത്തിന് എത്തുമെന്നായിരുന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചത്. പാർട്ടിക്കുള്ളിൽ യാതൊരു ഭിന്നതയുമില്ലെന്ന് സുരേന്ദ്രൻ പറയുമ്പോഴും ചില്ലറ കുഴപ്പങ്ങൾ ഒക്കെയുണ്ടെന്ന് തന്നെയാണ് പ്രാദേശിക നേതാക്കൾ ഉൾപ്പെടെ സാക്ഷ്യപ്പെടുത്തുന്നത്.
നേരത്തെ കൃഷ്‌ണകുമാറിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചപ്പോൾ ശോഭ സുരേന്ദ്രൻ പക്ഷത്തെ പ്രമുഖനായ ഒരു ബിജെപി നേതാവ് നടത്തിയ പ്രസ്‌താവന വിവാദമായിരുന്നു. പാലക്കാട് ബിജെപി ജയിക്കുമോ എന്നത് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നായിരുന്നു ഈ നേതാവിന്റെ പ്രതികരണം. ഇതൊക്കെയും ശോഭ പക്ഷത്തിന്റെ നിസഹകരണം സൂചിപ്പിക്കുന്നതാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
അതിനിടെ ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും തകൃതിയായി അണിയറയിൽ നടക്കുന്നുണ്ട്. എൻഡിഎ കൺവെൻഷൻ പരിപാടിയിൽ ശോഭയെ എത്തിക്കാനാണ് ശ്രമങ്ങൾ തുടരുന്നത്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ ശോഭ സുരേന്ദ്രനുമായി ഇക്കാര്യം സംസാരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. യുഡിഎഫും എൽഡിഎഫും ബിജെപിയിലെ ഭിന്നത ഏറ്റെടുത്ത സാഹചര്യത്തിൽ എന്ത് വില കൊടുത്തും ശോഭയെ മണ്ഡലത്തിൽ എത്തിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.












Click it and Unblock the Notifications