പാലക്കാട് തിരഞ്ഞെടുപ്പ്: യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നതെന്ന് രമേഷ് പിഷാരടി, 'എന്റെ വീഡിയോ പ്രചരിപ്പിച്ചു'
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നതെന്ന് പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടി. തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടിനായി പണം കൊടുക്കുന്നുവെന്നതും സാരി കൊടുക്കുന്നുവെന്നതും അറിഞ്ഞിരുന്നുവെന്നും നിയമപരമായി നേരിടുമെന്നുമാണ് പിഷാരടി വ്യക്തമാക്കിയത്.
രമേഷ് പിഷാരടിയുടെ വാക്കുകൾ ഇങ്ങനെ: ഞാൻ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. ഇനി പാലക്കാട് നിയോജകമണ്ഡലത്തിലേക്ക് തിരിക്കുകയാണ്. ജനാധിപത്യത്തിന്റെ വലിയൊരു ഉത്സവമാണ് തിരഞ്ഞെടുപ്പ്. ഏറ്റവും പ്രാധാന്യമുള്ള ദിവസങ്ങളിൽ ഒന്നാണിത്. അതെ ഉത്തരവാദിത്തത്തോടെ എല്ലാവരും വോട്ട് രേഖപ്പെടുത്തുക. എല്ലാവരും പോളിങ് ബൂത്തുകളിൽ എത്തുകയെന്നാണ് ഈ അവസരത്തിൽ എനിക്ക് പറയാനുള്ളത്.

കാറ്റെന്ന് പറഞ്ഞാൽ, നല്ല യുഡിഎഫ് അനുകൂല കാറ്റാണ് ഇപ്പോൾ വീശിക്കൊണ്ടിരിക്കുന്നത്. വളരെ അധികം സന്തോഷമുള്ള ഒരു കാര്യമാണ്. കഴിഞ്ഞ കുറേ ദിവസമായി ഞാൻ പാലക്കാട് തനെയായിരുന്നു കൂടുതൽ സമയം ഉണ്ടായിരുന്നത്. ഇവിടുന്ന് ബാബുച്ചേട്ടന്റെ അനുഗ്രഹവും മേടിച്ച് അവിടെ ചെന്ന് കേറിയ അന്ന് മുതൽ രാവിലെ നാല് മണി മുതൽ രാത്രി ഒരു മണി വരെ എന്നാൽ കഴിയുന്ന രീതിയിൽ എല്ലാം ജനങ്ങളെ കാണാൻ ശ്രമിച്ചു.
ഞാൻ ഇവിടുന്ന് പോവുമ്പോൾ പറഞ്ഞ ഒരു വാക്ക്, ഫെയർ പൊളിറ്റിക്‌സ് എന്ന് പറയുന്നൊരു വാക്ക് മാത്രമേ ഞാൻ ഉപയോഗിച്ചിട്ടുള്ളൂ. ഇത്രയും ദിവസം എന്റെ മറുപക്ഷത്തുള്ള സ്ഥാനാർത്ഥികളുടെ പേര് പറയുകയോ വ്യക്തിപരമായി ആരെയെങ്കിലും പരാമർശിക്കുകയോ നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ വേദനിപ്പിക്കുകയോ ചെയ്യാതെ, പരമാവധി ഉത്തരവാദിത്തത്തോടെ കൂടി ആളുകളെ കണ്ടു.
എന്നെക്കൊണ്ട് കഴിയാവുന്ന അത്രയും ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. അതിന്റെയൊക്കെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്. ഞാൻ ചെന്ന ദിവസം മുതൽ, ആദ്യം ദുർബലനായ സ്ഥാനാർത്ഥി എന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നെ രാഷ്ട്രീയമില്ല എന്നാണ് പറഞ്ഞത്. ശരിക്കും വോട്ട് ചെയ്യാൻ നിൽക്കുന്നവരിൽ എല്ലാവർക്കും രാഷ്ട്രീയമുണ്ട്. രാഷ്ട്രീയക്കാരെ തിരഞ്ഞെടുക്കുന്ന ജനങ്ങളാണ് ഏറ്റവും വലിയ രാഷ്ട്രീയക്കാർ.
അപ്പോൾ ഞാൻ രാഷ്ട്രീയക്കാരൻ അല്ലെന്ന് അവർ പറഞ്ഞുപരത്തി, പിന്നെ ഞാൻ പറഞ്ഞതും പറയാത്തതും ആയ കാര്യങ്ങൾ എന്റെ പേരിൽ പല ചാനലുകളെയും എംബ്ലം വച്ച് കൊടുത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രവർത്തകരിൽ പലരും പണം കൊടുക്കുന്നുണ്ട്, സാരി കൊടുക്കുന്നുണ്ട് എന്നൊക്കെ അറിയിച്ചിരുന്നു. ഞാൻ നിയമപരമായി പരാതി കൊടുത്തിരുന്നു. ഇന്നലെയാണ് അതിന്റെ ദൃശ്യങ്ങൾ ഓക്ക് പ്രചരിച്ചത്.
ഇപ്പോൾ ഇന്ന് രാവിലെ പാലക്കാട് വിളിച്ചപ്പോൾ അറിഞ്ഞത് വ്യാപകമായി എല്ലായിടത്തും എന്റെ ഫ്‌ളക്‌സ് ബോർഡുകളും ബാനറുകളും ഒക്കെ നശിപ്പിക്കപ്പെട്ടുവെന്നാണ്. ഞാൻ പാലക്കാട് കൂടി നടക്കുന്ന നടക്കുന്ന ഒരു വീഡിയോ എടുത്തിട്ട്, ഇടത്തോട്ട് മുണ്ട് ഉടുക്കുന്ന രീതിയിൽ വീഡിയോ ഫ്ലിപ്പ് ചെയ്‌ത് ഇടത്തേക്ക് മുണ്ട് ഉടുക്കുന്ന മതേതരനെ കണ്ടോ എന്ന് പറഞ്ഞു പ്രചരിപ്പിച്ചവർ ഉണ്ട് അവിടെ. ഞാൻ പ്രതികരിക്കാൻ വേണ്ടി ചെയ്‌തതാവാം. എന്നാൽ അങ്ങനെ വേണ്ടെന്ന് ഞാൻ തീരുമാനിച്ചതാണ്.












Click it and Unblock the Notifications