Palakkad Municipality Election Results: പാലക്കാട് പ്രതീക്ഷിച്ചത് പോലെ തന്നെ ബിജെപി കുതിപ്പ്; വിജയാഘോഷം തുടങ്ങി
പാലക്കാട്: പാലക്കാട് നഗരസഭയിൽ വമ്പൻ മുന്നേറ്റത്തോടെ ഭരണം നിലനിർത്തിയിരിക്കുകയാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ. നിലവിൽ ആകെയുള്ള 53 സീറ്റുകളിൽ 25 എണ്ണവും സ്വന്തമാക്കിയാണ് എൻഡിഎയുടെ മുന്നേറ്റം. ഇവിടെ ഒരു ഘട്ടത്തിൽ മുന്നിട്ട് നിന്നിരുന്ന എൽഡിഎഫ് പിന്നീട് താഴേക്ക് പോയി. അവർക്ക് എട്ട് സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളു. യുഡിഎഫ് അവരുടെ സീറ്റ് നില 17 ആക്കി ഉയർത്തുകയും ചെയ്‌തു.
വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപി മുന്നേറ്റം പ്രകടമായിരുന്നു. എന്നാൽ പിന്നീടുള്ള ഫല സൂചനകൾ വന്നപ്പോൾ എൽഡിഎഫും എൻഡിഎയും ഒപ്പത്തിനൊപ്പം നിൽക്കുന്നു എന്നായത് വലിയ ആശങ്കയായി മാറിയിരുന്നു ബിജെപി പ്രവർത്തകർക്ക്. ആറ് വീതം സീറ്റുകളിലാണ് ഇരു മുന്നണികളും ജയിക്കുകയോ മുന്നിട്ട് നിൽക്കുകയോ ചെയ്‌തത്. ആ ഘട്ടത്തിൽ യുഡിഎഫ് മൂന്നിടത്തും ലീഡ് ചെയ്‌തു.

വിജയം ഉറപ്പിച്ചുകൊണ്ട് എൻഡിഎ പ്രവര്‍ത്തകര്‍ പാലക്കാട് നേരത്തെ തന്നെ വിജയാഹ്ലാദം തുടങ്ങിയിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ ബിജെപിക്കായിരുന്നു പാലക്കാട് നഗരസഭയിൽ വ്യക്തമായ മുന്നേറ്റം. എന്നാൽ ഇടയ്ക്ക് എൽഡിഎഫ് കയറി വന്നെങ്കിലും ഫൈനൽ ലാപ്പ് എത്തുമ്പഴേക്കും അത് തിരിച്ചു പിടിക്കാമെന്നാണ് ബിജെപി ക്യാമ്പിന്റെ പ്രതീക്ഷ. എങ്കിലും എൽഡിഎഫ് വെല്ലുവിളിയാവുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
അതിനിടെ പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ നഗരസഭയിലും ബിജെപി മുന്നേറ്റം പ്രകടമാണ്. ഇതുവരെ എണ്ണിയവയിൽ 20 വാര്‍ഡുകളിൽ പത്ത് സീറ്റുകളിൽ ബിജെപി വിജയിച്ചു. എട്ടു വാർഡുകള്‍ എൽഡിഎഫും കോൺഗ്രസ് മൂന്നു സീറ്റുകളും നേടിയിട്ടുണ്ട്. നഗരസഭയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ഇത്തവണ 15 വർഷം എസ്‌ഡിപിഐ വിജയിച്ച സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു എന്നതാണ്.
പാലക്കാടിന് പുറത്തും കാര്യമായ മുന്നേറ്റമുണ്ടാക്കാൻ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിന് സാധിച്ചുവെന്നതാണ് പ്രധാന കാര്യം. കോഴിക്കോട് കോർപ്പറേഷനിലെ പൊറ്റമ്മലിൽ എൻഡിഎയുടെ ടി റെനീഷ് ജയിച്ചു കയറിയിരിക്കുകയാണ്. നിലവിലെ മേയർ ബീന ഫിലിപ്പിന്റെ വാർഡ് ആണ് പൊറ്റമ്മൽ ഡിവിഷൻ. ഇവിടെയാണ് എൻഡിഎ സ്ഥാനാർഥി ജയിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ 16 പഞ്ചായത്തുകളിലും, രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, നാല് മുന്‍സിപാലിറ്റികള്‍ എന്നിവിടങ്ങിലും എന്‍ഡിഎ ആദ്യഘട്ടത്തിൽ ലീഡ് ചെയ്യുന്നുണ്ട്. എറണാകുളത്ത് തൃപ്പൂണിത്തുറ, ആലപ്പുഴയിലെ ചെങ്ങന്നൂര്‍, നഗരസഭകളിലും എന്‍ഡിഎ ലീഡ് ചെയ്യുന്നു. ഇതേ മുന്നേറ്റം അവസാനം വരെ നിലനിർത്തുമോ എന്നാണ് അണികൾ ഉറ്റുനോക്കുന്നത്.
അതിനിടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂല തരംഗം ഉണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി രാവിലെ തന്നെ പറഞ്ഞിരുന്നു. എല്ലാവരും ശ്രദ്ധിക്കുന്നത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പാണെന്നും അവിടെ ഇത്തവണയും മികച്ച വിജയം തന്നെ എൽഡിഎഫിന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ തവണ എല്‍ഡിഎഫ് 54 സീറ്റ് നേടി. ഇത്തവണയും പുറകോട്ട് പോകില്ല. പ്രതിപക്ഷം പറയുന്ന ഒരു ആരോപണവും ജനങ്ങളെ ഏശിയിട്ടില്ലെന്നും 55-60 സീറ്റെങ്കിലും ഇത്തവണ നേടുമെന്നും മന്ത്രി പറഞ്ഞു. ബിജെപിയുടെ 10 സീറ്റുകള്‍ എങ്കിലും കുറയുമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. എന്നാൽ അതിൽ നിന്ന് വിഭിന്നമായി എൻഡിഎ കോർപ്പറേഷനിൽ മുന്നേറ്റമുണ്ടാക്കുന്ന കാഴ്‌ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.












Click it and Unblock the Notifications