പാലക്കാട് ഇരട്ടകൊലപാതകം: 'ഒരു സമുദായത്തിനും ക്രിമിനലുകളെ ആവശ്യവുമില്ല' - സാദിഖ് അലി ശിഹാബ് തങ്ങള്‍
മലപ്പുറം: പാലക്കാട് ജില്ലയിൽ നടന്ന ഇരട്ട കൊലപാതകങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. അക്രമങ്ങൾക്ക് പിന്നിൽ കക്ഷി ചേരാതിരിക്കാൻ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കേണ്ടത് ഉണ്ടെന്ന് തങ്ങൾ വ്യക്തമാക്കി.
സംഘടനകളുടെ പേരിൽ അക്രമങ്ങൾ നടത്തി സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള പ്രവർത്തികളെ തിരിച്ചറിയാൻ കഴിയാതെ പോകരുത്. നന്മയുള്ള നാടാണ് കേരളം. ആ കേരളം ഒരിക്കലും കൈവിട്ട് പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ 24 മണിക്കൂർ തികയുന്നതിന് മുൻപ് മറ്റൊരു കൊലപാതകം കൂടി ജില്ലയെ നടുക്കി. ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസനാണ് വെട്ടേറ്റ് മരിച്ചത്. ഈ രണ്ടു സംഭവങ്ങൾക്ക് പിന്നാലെ ആണ് തങ്ങൾ പ്രതികരിച്ച് രംഗത്തെത്തിയത്.

സാംസ്കാരിക ഔനിത്യം ഉള്ള രാഷ്ട്രീയ കേരളത്തെ തിരിച്ചു പിടിക്കുകയാണ് ചെയ്യേണ്ടത്. കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങള്‍ നിരത്തിവെക്ക അല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്.
പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ കുറിപ്പ് ഇങ്ങനെ ; -

"നന്മയുടെ കേരളം കൈവിട്ട് പോകാതിരിക്കാൻ ഒരുമിച്ച് നിൽക്കുക.കക്ഷി രാഷ്ട്രീയ താൽപര്യങ്ങൾ നിരത്തിവെക്കലല്ല, സാംസ്കാരിക ഔന്നിത്യമുള്ള രാഷ്ട്രീയ കേരളത്തെ തിരിച്ചു പിടിക്കലാണ് അനിവാര്യം". പാലക്കാട് ജില്ലയിൽ ഇന്നലെയും ഇന്നുമായി നടന്ന അക്രമങ്ങളിൽ രണ്ടു മനുഷ്യ ജീവനാണ് നഷ്ടമായത്. അക്രമങ്ങൾക്കെതിരെ പഴുതടച്ച നിയമ നടപടികളുണ്ടാവുകയും ക്രിമിനലുകളെ സമൂഹം ഒറ്റപ്പെടുത്തുകയും ചെയ്യുകയാണ് പ്രതിവിധി.

സംഘടനകളുടെ പേരിൽ അക്രമങ്ങൾ നടത്തി സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയാതെ പോവരുത്. പോലീസ് കൂടുതൽ ജാഗ്രത പാലിക്കുകയും ജനങ്ങൾ പോലിസിനു പിന്തുണ നൽകുകയുമാണ് ഇപ്പോൾ വേണ്ടത്. അക്രമികൾക്കു പിന്നിൽ കക്ഷി ചേരാതിരിക്കാൻ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ട്.അക്രമികൾ ഒരു സമുദായത്തേയും മുന്നോട്ട് നയിച്ചിട്ടില്ല.ഒരു സമുദായത്തിനും ക്രിമിനലുകളെ ആവശ്യവുമില്ല.
ഇനി കുറച്ച് കാലത്തേക്ക് ഇങ്ങനെയുളള ഫോട്ടോസ് ഇല്ല; സനുഷയുടെ മുന്നറിയിപ്പ് ഇതാ

നാടിൻ്റേയും സമുദായങ്ങളുടേയും പുരോഗതിയെ പിറകോട്ട് വലിച്ച ചരിത്രമാണ് അക്രമങ്ങളും വർഗീയതയും നടത്തുന്നവർ ബാക്കിയാക്കിയത്. കോവിഡ് മഹാമാരിക്ക് ആശ്വാസം വന്ന ഈ ഘട്ടത്തിൽ ലോകം മുഴുവൻ വിദ്യാഭ്യാസത്തിൻ്റേയും വികസനത്തിൻ്റേയും പുതിയ വാതായനങ്ങൾ തുറക്കുകയും ലോക ജനതയെ തങ്ങളുടെ രാജ്യങ്ങളിലേക്ക് ആകർഷിക്കാൻ വൻ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്ത ഈ കാലത്ത് ഇന്ത്യയിലെ പല ഭാഗത്തും സാമുദായിക വേർതിരിവുണ്ടാക്കി മനുഷ്യരെ അകറ്റി നിർത്തുകയും നാടിൻ്റെ സ്വാസ്ഥ്യം തകർത്ത് ഭയപ്പാടുണ്ടാക്കി രാജ്യത്തിൻ്റെ ഉന്നതമായ പാരമ്പര്യത്തിന് കോട്ടം വരുത്തുകയും ചെയ്യുന്ന ദയനീയ കാഴ്ച്ചകളാണ് കാണുന്നത്. മനുഷ്യർ ചേർന്നു നിൽക്കേണ്ട ആഘോഷ സന്ദർഭങ്ങളിൽ പോലും അക്രമങ്ങൾ നടത്തി മനുഷ്യരെ വിഭജിക്കാൻ ശ്രമിക്കുന്ന ദുരന്ത കാഴ്ച്ചകളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്.

സാക്ഷരതയിലും സാംസ്കാരിക തലത്തിലും ഏറെ മുന്നിൽ നിൽക്കുന്ന കേരളം അത്തരം അക്രമങ്ങൾക്കെതിരെ ഉണർന്നിരിക്കേണ്ടതിനു പകരം ദുരന്തങ്ങളോടൊപ്പം സഞ്ചരിക്കാൻ ശ്രമിക്കുന്നത് അപലപനീയവും ദു:ഖകരവുമാണ്. അക്രമങ്ങൾക്കെതിരെയും സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരേയും സമൂഹം ജാഗ്രത പാലിക്കുകയും ബോധവൽക്കരണം നടത്തുകയും വേണം. നന്മയുടെ കേരളം കൈവിട്ട് പോകാതിരിക്കാൻ ഒരുമിച്ചു നിൽക്കുക. കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾ നിരത്തിവെക്കലല്ല, സാംസ്കാരിക ഔന്നിത്യമുള്ള രാഷ്ട്രിയ കേരളത്തെ തിരിച്ചു പിടിക്കലാണ് അനിവാര്യം.












Click it and Unblock the Notifications