ആറ്റുകാൽ പൊങ്കാല വരികയാണ്, ആവശ്യത്തിന് ഭക്ഷണവും പാനീയവും ഒരുക്കണമെന്ന് പാളയം ഇമാം; കൈയ്യടി
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്‌ത് തിരുവനന്തപുരത്തെ പാളയം പള്ളി ഇമാം സുഹൈബ് മൗലവി. പൊങ്കാല അർപ്പിക്കാൻ എത്തുന്നവർക്ക് വിശ്രമിക്കാന്‍ വീടുകളും മസ്‌ജിദുകളും തുറന്ന് നല്‍കണമെന്നും ഇമാം ആഹ്വാനം ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം ജുമാ നമസ്‌കാര സമയത്തായിരുന്നു ഇമാം ഇക്കാര്യം പറഞ്ഞത്.
ഇമാമിന്റെ വാക്കുകൾ അടങ്ങിയ വീഡിയോ ദൃശ്യം ഇതിന് പിന്നാലെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരള സ്‌റ്റോറി അടക്കമുള്ള ചിത്രങ്ങൾ ആളുകൾക്ക് ഇടയിൽ സംസ്ഥാനത്തിന്റെ പേര് കളങ്കപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് പാളയം ഇമാമിനെ പോലെയുള്ള മനുഷ്യ സ്നേഹികൾ വേറിട്ട് നിൽക്കുന്നതെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.

'ആറ്റുകാല്‍ പൊങ്കാല വരികയാണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയുന്നത് പോലെ പലനാട്ടില്‍ നിന്നായി സ്ത്രീകളും കുട്ടികളും അടക്കം അനേകം ഭക്തര്‍ തിരുവനന്തപുരത്തേയ്ക്ക് ഒഴുകിയെത്തും. അവരെ എല്ലാവരെയും നന്നായി സ്വീകരിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. നമ്മളുടെ മസ്‌ജിദുകളും വീടുകളും അവര്‍ക്ക് വിശ്രമിക്കാനായി തുറന്നു കൊടുക്കുക' ഇമാം പറയുന്നു.
'നോമ്പ് കാലം ആയത് കൊണ്ട് പകൽ സമയം നിങ്ങളുടെ വീട്ടിൽ സാധാരണ പാനീയങ്ങളോ ഭക്ഷണമോ കാണില്ലല്ലോ. അതുകൊണ്ട് പൊങ്കാല ദിവസം പകൽ സമയം വരുന്നവർക്കായി ആവശ്യത്തിന് പാനീയങ്ങളും പറ്റുന്നവർ ഭക്ഷണവും ഒരുക്കിവെക്കാൻ പ്രതേകം ശ്രദ്ധിക്കണം. ഇത്തരത്തിലൂടെയാണ് വിദ്വേഷത്തെയും ഇസ്ലാമോഫോബിയയേയും പ്രതിരോധിക്കാൻ സാധിക്കൂ എന്ന ബോധ്യം നമുക്കുണ്ടാകണം' അദ്ദേഹം പ്രസംഗത്തിൽ പറയുന്നു.
'സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെ സന്ദർഭങ്ങൾ ജാതി മതവ്യത്യാസമില്ലാതെ നാം നടത്തുന്ന ഇത്തരം ശ്രമങ്ങൾ അല്ലാഹു അവന്റെ പ്രീതിയിലേക്കായി മാറ്റും' എന്നും പാളയം ഇമാം തന്റെ പ്രസംഗത്തിൽ പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് പാളയം ഇമാമിന്റെ വാക്കുകൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടത്. ഇതാണ് യഥാർത്ഥ കേരള സ്‌റ്റോറി എന്ന് ചൂണ്ടിക്കാട്ടി കൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഇത് പങ്കുവയ്ക്കുന്നത്.
അതിന് പിന്നാലെ തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പാളയം ഇമാം. ഭിന്നിപ്പിന്റേതായ സ്വരങ്ങൾ പല ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. നമുക്ക് അതിനെ അതിജീവിക്കണമെങ്കിൽ ഇതുപോലെ പങ്കുവയ്ക്കലിന്റെയും പരസ്‌പര സ്നേഹത്തിന്റെയും ഒരു നല്ല സംസ്‌കാരം വളർത്തിയെടുക്കണം. അതിലൂടെ മാത്രമേ നമ്മുടെ നാടിന് അതിജീവിക്കാൻ കഴിയൂ എന്നതാണ് പറഞ്ഞതിന്റെ ചുരുക്കം; പാളയം ഇമാം ചൂണ്ടിക്കാട്ടി.
മസ്‌ജിദിനോട് ചാരി ഒരേ ചുമരിലാണ് ഇവിടെ ക്ഷേത്രമുള്ളത്. അതുപോലെ തന്നെ ചർച്ചും ഇവിടെയുണ്ട്. ഇത്രയും ആരാധനാലയങ്ങൾ തോളോട് തോൾ ചേർന്ന് നിൽക്കുകയാണ്. നിങ്ങൾ ആലോചിക്കേണ്ട ഒരു കാര്യം ഇതുപോലെയുള്ള കാഴ്‌ചകൾ കേരളത്തിന്റെ മുക്കിലും മൂലയിലും പലയിടത്തുമുണ്ട്. ആറ്റുകാൽ പൊങ്കാലയ്ക്ക് സഹോദരിമാർ വരിക വൈകീട്ടാണ്, അത് നോമ്പിനെ തടസപ്പെടുത്തില്ല; പാളയം ഇമാം പറയുന്നു.












Click it and Unblock the Notifications