വെല്ലുവിളികളെ സൗമ്യമായി നേരിട്ട നേതാവ്: രാഷ്ട്രീയ രംഗത്തും ആത്മീയ രംഗത്തും തീരാനഷ്ടം
മലപ്പുറം: കേരള രാഷ്ട്രീയത്തിലെ ഒരു സൗമ്യ മുഖം എന്നതിനോടൊപ്പം തന്നെ മുസ്ലിം വിശ്വാസികള്‍ക്ക് നേർവഴികാട്ടി പതിറ്റാണ്ടുകള്‍ നിറഞ്ഞ് നിന്ന ഒരു മത പണ്ഡിതനെ കൂടിയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമാവുന്നത്. മുസ്ലീം ലീഗിനെ മുന്നില്‍ നിന്ന് നയിച്ച അദ്ദേഹം സമസ്തയുടെ ഉപാധ്യക്ഷനുമാണ്. അസുഖ ബാധിതനായി ആശുപത്രിയിലായിരുന്നെങ്കിലും ഏറെക്കുറെ അപ്രതീക്ഷിത വിയോഗമായിരുന്നു തങ്ങളുടേത്.
പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും(പി.എം.എസ്.എ പൂക്കോയ തങ്ങള്‍) മര്‍യം എന്ന ചെറിഞ്ഞി ബീവിയുടെയും പുതന്മാനരില്‍ മൂന്നാമനായി 1947 ജൂണിലാണ് ഹൈദരലി ശിഹാബ് തങ്ങള്‍ ജനിക്കുന്നത്. മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സഹോദരങ്ങളാണ്.

18 വർഷത്തോളം മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങള്‍, മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷം 2009 ലാണ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കുന്നത്. സമുന്നതനായ മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് ശേഷം ലീഗിനെ നയിക്കാന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ എത്തിയപ്പോള്‍ സംശയമുനകള്‍ ഉയർത്തിയവർ പാർട്ടിക്ക് അകത്തും പുറത്തും ഏറെയായിരുന്നു. എന്നാല്‍ മുന്‍ഗാമികളുടെ അതേ മാതൃകയില്‍ തന്നെ അദ്ദേഹത്തിന് പാർട്ടിയെ നയിക്കാന്‍ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയപരമായി ലീഗിനെ സംബന്ധിച്ച് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടത്തിലായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍ പാർട്ടിയെ നയിച്ചത്.

ഒത്തുപള്ളിയിലായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍ തന്റെ പ്രാഥമിക പഠനം പൂർത്തിയാക്കിയത്. പണക്കാട്ടെ ദേവധാര്‍ സ്‌കൂളില്‍ ഒന്നു മുതല്‍ നാലു വരെ പഠിച്ചു. തുടര്‍ന്ന് കോഴിക്കോട് മദ്റസത്തുല്‍ മുഹമ്മദിയ്യ(എം എം ഹൈസ്‌കൂള്‍) സ്‌കൂളില്‍ ചേർന്ന് പത്താംക്ലാസ് വരേയുള്ള പഠനം പൂർത്തിയാക്കി. പത്താംക്ലാസ് പഠനത്തിന് ശേഷമാണ് പൂർണ്ണമായ മതപഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോന്നല്ലൂർ ദർസ്, പൊന്നാനി മഊനത്തില്‍ ഇസ്ലാം, പട്ടിക്കാട് ജാമിഅ നൂരിയ്യ എന്നിവിടങ്ങളില്‍ പഠനം തുടർന്നു.

1975 ല്‍ ഫൈസി ബിരുദം സ്വന്തമാക്കി. ജാമിഅയിലെ പഠനത്തിനിടെ വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമ സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതായിരുന്ന സംഘടന പ്രവർത്തനത്തിലെ ആദ്യ കാല്‍വെല്‍പ്പ്. 1973ല്‍ സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായി ഹൈദരലി തങ്ങളെ തെരഞ്ഞെടുത്തു. പിതാവ് പി എം എസ് എ പൂക്കോയ തങ്ങളുടെ മരണത്തോടെ രാഷ്ട്രീയ, മത രംഗത്തേട് കൂടുതല്‍ സജീവമാവാന്‍ തുടങ്ങി.

2008 ല്‍ സമസ്ത മുശാവറ അംഗമായ തെരഞ്ഞെടുക്കപ്പെട്ട തങ്ങളെ 2010 ഒക്ടോബര്‍ രണ്ടിന് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 2009ല്‍ സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റുമായി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ 2009 ഓഗസ്റ്റ് ഒന്നിന് മരണപ്പെട്ടതോടെ പാർട്ടി അധ്യക്ഷനായും അദ്ദേഹം സ്വാഭാവികമായി തിരഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാനത്തെ ആയിരത്തിലധികം മഹല്ലുകളുടെ ഖാസിയായ ഹൈദരലി തങ്ങള്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ നിരവധി ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നു. സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളുടെ മകള്‍ സയ്യിദത്ത് ശരീഫ ഫാത്വിമ സുഹ്റയാണ് ഭാര്യ. മക്കള്‍: സയ്യദ് നഈമലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സയ്യിദത്ത് സാജിദ, സയ്യിദത്ത് വാജിദ












Click it and Unblock the Notifications