24 വയസ് മാത്രമാണ് പ്രായം, പഠിക്കാൻ അനുവദിക്കണമെന്ന് ഗ്രീഷ്‌മ; പ്രതിക്ക് ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷൻ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിലെ അന്തിമവാദം പൂർത്തിയായി. തന്റെ പ്രായം ഉൾപ്പെടെ ചൂണ്ടിക്കാട്ടി പഠനം തുടരണമെന്നാണ് പ്രതിയായ ഗ്രീഷ്‌മ കോടതിയെ അറിയിച്ചത്. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായി ഗ്രീഷ്‌മ കോടതിയിൽ കത്ത് നൽകി. തുടർന്ന് പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് കത്തിൽ പറയുന്നത്.
വെറും 24 വയസ് മാത്രമാണ് തന്റെ പ്രായമെന്നും അതിനാൽ തന്നെ പരമാവധി ശിക്ഷാ ഇളവ് നൽകണമെന്നും ഗ്രീഷ്‌മ കത്തിൽ ആവശ്യപ്പെടുന്നു. കത്തിനൊപ്പം തന്റെബിരുദ സർട്ടിഫിക്കറ്റുകളും ഗ്രീഷ്‌മ കോടതിക്ക് കൈമാറിയിട്ടുണ്ട്. പ്രായവും പഠന മികവും ഉൾപ്പെടെ ചൂണ്ടിക്കാട്ടി ശിക്ഷയിൽ പരമാവധി ഇളവ് നേടുക എന്നതാണ് പ്രതിഭാഗം സ്വീകരിച്ചിരിക്കുന്ന നയം.

എന്നാൽ ഇതിനെ ശക്തമായ എതിർക്കുകയാണ് പ്രോസിക്യൂഷൻ ചെയ്‌തത്. ഗ്രീഷ്‌മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും ഷാരോൺ അനുഭവിച്ച വേദന ഡോക്‌ടർമാരുടെ മൊഴിയിൽ നിന്ന് വ്യക്തമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസ് ആയതിനാൽ തന്നെ പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ തുടക്കം മുതൽ വാദിക്കുന്നത്. ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണ് ഗ്രീഷ്‌മ ഇല്ലാതാക്കിയത്. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു പ്രതി. ഗ്രീഷ്‌മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും പ്രോസിക്യൂഷൻ അന്തിമ വാദത്തിനിടെ ചൂണ്ടിക്കാട്ടി.
ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രം കഴിയുന്ന കാര്യങ്ങളാണ് പ്രതി ചെയ്‌തത്. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. മുൻകൂട്ടി നിശ്ചയിച്ച കൊലപാതകമാണിതെന്നും അവിചാരിതമല്ലെന്നും പ്രോസിക്യൂഷൻ പറയുന്നു. വിദ്യാസമ്പന്നയായ യുവതി വിവരങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ചെയ്‌തതെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നു.
മരണപ്പെട്ട ഷാരോണിനും സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. അതാണ് ഗ്രീഷ്‌മ തകർത്തത്. പ്രതിക്ക് മനസ്താപം ഉണ്ടാകില്ലെന്നും അതുകൊണ്ട് പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ ഷാരോണിന് സാമൂഹിക വിരുദ്ധ പശ്ചാത്തലം ഉണ്ടെന്നും ബ്രൂട്ടൽ സ്വഭാവങ്ങൾ ഉണ്ടായിരുന്നുവെന്നും പ്രതിഭാഗവും തിരിച്ചടിച്ചു. ശിക്ഷാവിധി തിങ്കളാഴ്‌ചയാണ് വിധിക്കുക.
അതേസമയം. ഷാരോൺ വധക്കേസിൽ കഴിഞ്ഞ ദിവസമാണ് ഗ്രീഷ്‌മയെ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. ഒന്നാം പ്രതി ഗ്രീഷ്‌മയും മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാറും കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്. കേസിലെ രണ്ടാം പ്രതിയായ ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങൾ തെളിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications