രോഗികളെ വലച്ച് ഡോക്ടര്‍മാരുടെ സമരം
തിരുവനന്തപുരം: തിരുവന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുയെ മിന്നല്‍ സമരം. ചികിത്സാ പിഴവ് മൂലം രോഗി മരിച്ചുയെന്ന ആരോപണത്തില്‍ ഡ്യൂട്ടി ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം .ചികിത്സാ പിഴവിനെ തുടര്‍ന്ന് മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ റജിമോന്‍ ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് റജിയെ തളര്‍ച്ചയെതുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അയിഷ ഇസിജിയും രക്തപരിശോധനയും നടത്താന്‍ നിര്‍ദേശിച്ചു. പരിശോധനയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറവാണെന്നു കണ്ടതിനെ തുടര്‍ന്ന് ഡ്രിപ്പ് നല്‍കാന്‍ നിര്‍ദേശിച്ചു. ഒരു മണിക്കൂറിന് ശേഷം ശരീരം തളരുന്നതു കണ്ട് ബന്ധുക്കള്‍ ഡോക്ടറെ വിവരമറിയിച്ചു. ഡോക്ടറെത്തി ഇഞ്ചക്ഷന്‍ എടുത്തതോടെ മരണം സംഭവിക്കുകയായിരുന്നു. മരണകാരണം അന്വേഷിച്ചവരോട് ഡോക്ടര്‍ തട്ടികയറിയതായി ബന്ധുക്കള്‍ പറഞ്ഞു.

മരണവുമായി ബന്ധപ്പെട്ട് ഡിഎംഒയും ഡിഎച്ച്എസും ആശുപത്രി സന്ദര്‍ശിക്കുകയും അന്വേഷണ വിധേയമായി ഡോക്ടര്‍ അയിഷയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടാതെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ മിന്നല്‍ സമരം നടത്തുന്നത്.
ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍ സമരം നടത്തുന്നതിനാല്‍ രോഗികള്‍ ചികിത്സ കിട്ടാതെ വലയുകയാണ്. മുന്‍കൂട്ടി നോട്ടീസ് നല്‍കാത്തതിനാല്‍ ബദല്‍ സംവിദാനം ഒരുക്കാന്‍ കഴിയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.












Click it and Unblock the Notifications