ഇരുമ്പുയുഗം മുതല്‍ പഴശ്ശിയുടെ പടയോട്ടം വരെ; കേരള സിംഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ ഇവിടെയുണ്ട്
കോഴിക്കോട്: രാജ്യം 78ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ പോവുകയാണ്. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നവരില്‍ നിരവധി പേരുണ്ട്. എന്നാല്‍ അതില്‍ തന്നെ ജ്വലിക്കുന്ന ഓര്‍മയായി നില്‍ക്കുന്നത് കേരള വര്‍മ പഴശ്ശിരാജയാണ്. കേരള ചരിത്രത്തില്‍ കുഞ്ഞാലി മരക്കാറിനോളം കൊണ്ടാടിയ വീര പോരാളിയാണ് അദ്ദേഹം.
സിനിമകളിലൂടെ പഴശ്ശിരാജയെ കേരള ജനതയ്ക്ക് അറിയാം. പക്ഷേ പൂര്‍ണമായും അറിയുമെന്ന് പറയാനാവില്ല. ആ വീരപോരാട്ടത്തിന്റെ ഓര്‍മകള്‍ കോഴിക്കോട്ടെ പഴശ്ശിരാജ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിലുണ്ട്. കേരള ചരിത്രത്തിന്റെ അമ്പരപ്പിക്കുന്ന പല ഏടുകളും ഇവിടെയുണ്ട്. വിജ്ഞാന കോശം എന്ന് തന്നെ പറയാവുന്ന മ്യൂസിയാണിത്.

മ്യൂസിയത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സാധാരണത്തേത്തില്‍ നിന്ന് വ്യത്യസ്തമായി കുറച്ചധികം മാറ്റങ്ങള്‍ തന്നെ വന്നിട്ടുണ്ടെന്ന് മ്യൂസിയം ഡയറക്ടറായ കൃഷ്ണരാജ് വണ്‍ ഇന്ത്യ മലയാളത്തിനോട് പറഞ്ഞു. ഇതൊരു തീമാറ്റിക് മ്യൂസിയമാണ്. ശിലായുഗം മുതല്‍ മലബാറിലെയും മറ്റും കൊളോണിയല്‍ പിരീഡിലെ വരെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ മ്യൂസിയത്തിലുണ്ട്.
പഴശ്ശിരാജയുടെ പടയോട്ട ചരിത്രവും അതിന്റെ ഭാഗമാണെന്ന് കൃഷ്ണരാജ് പറഞ്ഞു. മാറ്റം എന്നത് തീമാറ്റിക് മാറ്റം മാത്രമല്ല, മ്യൂസിയത്തിന് ആവശ്യവുമാണ്. പണ്ട് കണ്ടത് തന്നെ വീണ്ടും കാണണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. പുതിയ കാര്യങ്ങള്‍ ചരിത്രത്തില്‍ നിന്ന് കണ്ടെത്തുകയും അത് മ്യൂസിയത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. ആളുകള്‍ക്ക് പുതിയ കാര്യങ്ങള്‍ നല്‍കേണ്ടതുണ്ട്. അതിന്റെ ഭാഗമായിട്ടാണ് മാറ്റമെന്ന് കൃഷ്ണരാജ് വ്യക്തമാക്കി.

പഴശ്ശിരാജയെ കുറിച്ച് പറയാനാണെങ്കില്‍ ഏറെയുണ്ട്. ഇന്നത്തെ തലമുറയ്ക്ക് ചിലപ്പോള്‍ പഴശ്ശിയെ ഇത്ര ആഴത്തില്‍ അറിഞ്ഞെന്നും വരണമെന്നില്ല. 1753ല്‍ കോട്ടയം രാജവംശത്തിലായിരുന്നു പഴശ്ശിരാജയുടെ ജനനം. കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പിനടുത്ത കോട്ടയം എന്ന സ്ഥലത്തായിരുന്നു രാജവംശത്തിന്റെ ആസ്ഥാനം. കോട്ടയം പ്രദേശം, ഇപ്പോഴത്തെ വയനാട് ജില്ല, തമിഴ്‌നാടിന്റെ ഭാഗമായ ഗൂഡല്ലൂര്‍ എന്നിവ അടങ്ങിയതായിരുന്നു കോട്ടയംരാജ്യം.
പുരളിമലയില്‍ കോട്ടകെട്ടി താമസിക്കുന്നതിനാല്‍ കോട്ടയം രാജവംശക്കാര്‍ പുരളീശന്മാര്‍ എന്നും അറിയപ്പെട്ടു. പുരളീശന്മാര്‍ ജനങ്ങളില്‍ മതിപ്പുളവാക്കിയ ഭരണാധികാരികളായിരുന്നു. ഒന്നാം മൈസൂര്‍ യുദ്ധാനന്തരം സൃഷ്ടിച്ച ശ്രീരംഗപട്ടണം കരാറിന്റെ മറവില്‍ ബ്രിട്ടീഷുകാര്‍ പഴശ്ശിയുടെ അധികാരം കവരാന്‍ തുടങ്ങി.
ഈസ്റ്റ് ഇന്ത്യകമ്പനി അധിനിവേശവും വ്യാപനവും ശക്തിപ്പെടുത്തിയ കാലമായിരുന്നു അത്.യുദ്ധാനന്തരം ബ്രിട്ടീഷുകാര്‍ കോട്ടയത്തിന് സ്വതന്ത്ര പദവി നല്‍കിയില്ലെന്ന് മാത്രമല്ല, നാട്ടുരാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനും തുടങ്ങി. നികുതി പിരിക്കാനുള്ള അവകാശം
പഴശ്ശിയുടെ ശത്രുവും അമ്മാവനുമായ കുറുമ്പ്രനാട് രാജാവ് വീരവര്‍മ്മയ്ക്ക് നല്‍കി.സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലേറെയായിരുന്നു നികുതി ചുമത്തിയത്. അതിലൊരു പങ്ക് ബ്രിട്ടീഷുകാര്‍ക്ക് നല്‍കണം. അതിനെതിരെ ജനങ്ങള്‍ ഇളകി. അനധികൃത നികുതിപിരിവ് പഴശ്ശിരാജ നിരോധിച്ചു. അതോടെ യുദ്ധത്തിന്റെ കാഹളം മുഴങ്ങുകയായി.
പഴശ്ശിയുടെ യുദ്ധ മുറയ്ക്ക് മുന്നില്‍ ബ്രിട്ടീഷുകാര്‍ ഒന്നൊന്നായി വീഴുന്നതാണ് കണ്ടത്. ബ്രിട്ടനില്‍ നിന്ന് വന്ന കരുത്തരായ പടത്തലവന്‍മാര്‍ പോലും പഴശ്ശിക്ക് മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു. പുല്‍പ്പള്ളിയായിരുന്നു പഴശ്ശിയുടെ പോരാട്ടത്തിന്റെ ആസ്ഥാനം.
തലയ്ക്കല്‍ ചന്തു, ഉണ്ണിമൂസ, കണ്ണവത്ത് ശങ്കരന്‍ നമ്പ്യാര്‍, എടച്ചേന കുങ്കന്‍, കൈതേരി അമ്പു, കാര്‍വേരിയള്ളി കണ്ണന്‍, യോഗി മലമച്ചാന്‍ എന്നിവര്‍ പഴശ്ശിപ്പടയെ നയിച്ചു. വാളും പരിചയുമായിട്ടാണ് തോക്കേന്തിയ വെള്ളപ്പട്ടാളക്കാരെ അവര്‍ നേരിട്ടത്.മുളകുപൊടിക്കിഴികളുമായിട്ടായിരുന്നു പഴശ്ശിപ്പടയുടെ അസ്ത്രങ്ങള്‍ കുതിച്ചത്.
1797ല്‍ മറ്റ് വഴിയില്ലാതെ ബ്രിട്ടീഷുകാര്‍ പഴശ്ശിയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാവുകയായിരുന്നു. ഇത് പക്ഷേ അധിക കാലം നീണ്ടുനിന്നില്ല 1799ല്‍ നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധാനന്തരമുണ്ടാക്കിയ രണ്ടാം ശ്രീരംഗപ്പട്ടണ സന്ധി പ്രകാരം വയനാട് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സ്വത്തായി പ്രഖ്യാപിക്കപ്പെട്ടു.
വയനാടും കോട്ടയംമേഖലയും മറ്റും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമാക്കി. ഇതാണ് രണ്ടാം പഴശ്ശിയുദ്ധത്തിന് വിത്തുപാകിയത്. വയനാട് കൈയടക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പഴശ്ശി പ്രഖ്യാപിച്ചു. നികുതിപിരിക്കാനുള്ള നീക്കം തടഞ്ഞു.പഴശ്ശിപ്പട ബ്രിട്ടീഷ് പട്ടാളവുമായി പലയിടത്തും ഏറ്റുമുട്ടി.
കൊടും കാട്ടില്‍ താമസിച്ച് ഒളിയാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പഴശ്ശിയെ സഹായിക്കുന്നവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും അവരെ അറസ്റ്റ് ചെയ്യാനും ഉത്തരവിറങ്ങി.ഇതിനിടെ മലബാറില്‍ കളരികള്‍ നിരോധിക്കപ്പെട്ടു. ഈ യുദ്ധത്തിനൊടുവിലാണ് പഴശ്ശി വീരചരമം വരിക്കുന്നത്. പഴശ്ശിയുടെ കാലത്തെ നന്നങ്ങാടികളാണ് മ്യൂസിയത്തില്‍ ഏറ്റവും പ്രശസ്തം.
ഇരുമ്പുയുഗത്തിലെ ലോഹഭാഗങ്ങളും, 16ാം നൂറ്റാണ്ട് മുതലുള്ള പാത്രങ്ങളും പീരങ്കികളും വരെ ഇവിടെയുണ്ട്. പുതിയ തലമുറയിലെ പലര്‍ക്കും ചരിത്രത്തിനോട് താല്‍പര്യമില്ലെന്ന് കരുതുമെങ്കില്‍ പഴശ്ശിയുടെ പടയോട്ടത്തെ കുറിച്ച് അറിയാനായി വിദ്യാര്‍ത്ഥികളും, ഗവേഷകന്മാരുമെല്ലാം ഇവിടെയെത്തുന്നുണ്ട്. അതിനൊപ്പം ത്രീഡി ദൃശ്യങ്ങളുള്ള തിയേറ്ററും ആളുകളെ ആകര്‍ഷിക്കുന്നു.












Click it and Unblock the Notifications