'വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 32 സീറ്റുകൾ പിടിക്കും, പിണറായി ജയിലിലേക്ക് പോവും'; പിസി ജോർജ്
കൊച്ചി: 2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 32 സീറ്റുകൾ നേടുമെന്ന അവകാശവാദവുമായി ബിജെപി നേതാവ് പിസി ജോർജ്. 2029ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കേരളത്തിലൊരു ബിജെപി മുഖ്യമന്ത്രി ഉണ്ടായിരിക്കുമെന്നും പിസി ജോർജ് പറഞ്ഞു. ക്രിസ്‌തുമസിനോട് അനുബന്ധിച്ച് വൺഇന്ത്യ മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പിസി ഇക്കാര്യം പറഞ്ഞത്.
'അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നിങ്ങൾ നോക്കിക്കോളൂ കേരളത്തിൽ 32 സീറ്റുകൾ എങ്കിലും ബിജെപി നേടിയിരിക്കും. എൽഡിഎഫിന്റെ തുടർഭരണത്തെ കുറിച്ച് നമുക്ക് പിന്നെ ആലോചിക്കാം. 32 എണ്ണം നമുക്ക് വന്നാൽ പിന്നെ ബാക്കി 110 സീറ്റ് അല്ലേ ഇവന്മാർക്ക് വീതിക്കാൻ ബാക്കിയുണ്ടാവൂ. അതെങ്ങനെ വീതിക്കുമെന്നൊക്കെ നമുക്ക് നോക്കാം. എന്നിട്ട് നമുക്ക് മുഖ്യമന്ത്രി ആരാണെന്ന് അപ്പോൾ ചർച്ച ചെയ്യാം' പിസി പറയുന്നു.

'ഏതായാലും 2029ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ എഴുതി വച്ചോളൂ, കേരളത്തിൽ അധികാരത്തിൽ ഇരിക്കുന്നത് ഒരു ബിജെപി മുഖ്യമന്ത്രി ആയിരിക്കും. അതിൽ യാതൊരു തർക്കവും വേണ്ട. കാരണം ജനങ്ങൾ ഇതെല്ലാം മനസിലാക്കുന്നില്ലേ.. കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ കേരളത്തിൽ കൊടുക്കില്ലെന്ന് പറയുന്നത് എന്തൊരു മര്യാദകേടാണ്.' അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജനവികാരം ഉണ്ടെന്നത് തീർച്ചയാണെന്നും പിസി ജോർജ് പറഞ്ഞു. 'പിണറായി ഒരാഴ്‌ചത്തേക്ക് നന്നായിരിക്കുകയാണ്. ഇപ്പോൾ ഉടനെ ജയിലിലേക്ക് പോവേണ്ടത് കൊണ്ടായിരിക്കും. കാരണം സിഎംആർഎല്ലിന്റെ കാശ് വാങ്ങിയത് കേരളത്തിലെ ഏറ്റവും വലിയൊരു ഭരണാധികാരിയാണ് എന്ന് പച്ചയ്ക്ക് എസ്എഫ്ഒ കോടതിയിൽ സത്യവാങ്മൂലം കൊടുത്തു കഴിഞ്ഞു. അതിനർത്ഥം ജയിലിലോട്ട് പോകുകയാണെന്നാണ്.' പിസി പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം പിഴച്ചിട്ടില്ലെന്നും സി കൃഷ്‌ണകുമാർ അനുയോജ്യനായിരുന്നു എന്നും പിസി പറഞ്ഞു. ശോഭ സുരേന്ദ്രൻ ഇക്കാര്യത്തിൽ ഒരു എതിർ അഭിപ്രായവും അറിയിച്ചിട്ടില്ല. താൻ നേരിട്ട് ശോഭയുമായി സംസാരിച്ചതാണെന്ന് പറഞ്ഞ പിസി നിലവിലെ സ്ഥാനാർത്ഥി തന്നെയാണ് പാലക്കാട് നല്ലതെന്ന് ശോഭ പറഞ്ഞതായും അവകാശപ്പെട്ടു.
സന്ദീപ് വാര്യർ എന്തായാലും പാർട്ടിയിൽ നിന്ന് പുറത്തുപോവേണ്ട ആളായിരുന്നുവെന്നും പിസി ചൂണ്ടിക്കാട്ടി. 'ഞാനിപ്പോൾ നിൽക്കുന്ന സ്ഥാനത്തെ നേതൃത്വം തന്നെ നേരത്തെ പറഞ്ഞതാണ് സന്ദീപ് വാര്യരുടെ കാര്യം പ്രശ്‌നമാണെന്നും നടപടി വേണ്ടി വരുമെന്നും. സന്ദീപ് വാര്യരെ ബിജെപി പുറത്താക്കാനിരുന്നതാണ്. തിരഞ്ഞെടുപ്പ് കാലത്തെ ഇത്തരം വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന് മാത്രം' പിസി പറഞ്ഞു.
പാലക്കാട് ഷാഫി പറമ്പിലിന് താര പരിവേഷം ഉണ്ടെന്നും പിസി പറയുന്നു. 'ഷാഫി പറമ്പിലിന്റെത് നല്ല പെരുമാറ്റമാണ്. എനിക്ക് അവിടെ വോട്ടുണ്ടെങ്കിൽ ഞാനായാലും ചിലപ്പോൾ ഷാഫിക്ക് ചെയ്‌തുപോവും. ഷാഫിക്ക് പാലക്കാടൊരു താരപരിവേഷമുണ്ട്. സത്യം പറയുന്നതിൽ എന്ത് മടിക്കണം. ഷാഫിയുടെ പ്രവർത്തനമാണ് പാലക്കാട്ടെ കോൺഗ്രസിന്റെ വളർച്ച' പിസി ജോർജ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications