'ജയിക്കാവുന്ന സീറ്റ് അനിൽ നശിപ്പിച്ചു, സ്ഥാനാർത്ഥികളെ നിർത്തുമ്പോൾ പാർട്ടി ശ്രദ്ധിക്കണം'; പിസി ജോർജ്
പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റിൽ പരാജയപ്പെട്ടതിന്റെ കാരണങ്ങൾ അക്കമിട്ട് നിരത്തി അനിൽ ആന്റണിയെ വിമർശിച്ച് മുൻ എംഎൽഎയും ബിജെപി നേതാവുമായ പിസി ജോർജ്. അനിൽ ആന്റണിക്ക് കേരളവുമായി ഒരു ബന്ധവുമില്ലെന്നും ഇനിയെങ്കിലും സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ പാർട്ടി ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട സീറ്റ് താൻ ആവശ്യപ്പെട്ടുവെന്ന പ്രചരണം വ്യാജമാണെന്നും പിസി ജോർജ് പറയുകയുണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മണ്ഡലത്തിലെ തോൽവിയുടെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് പിസി ജോർജ് രംഗത്ത് വന്നത്. പത്തനംതിട്ട മണ്ഡലത്തിൽ സ്ഥാനാർത്ഥിയാവുമെന്ന് ആദ്യഘട്ടത്തിൽ പറഞ്ഞുകേട്ട ആളായിരുന്നു പിസി ജോർജ്.

'സ്ഥാനാർത്ഥിയെ നിശ്ചയിക്കുമ്പോൾ വളരെയധികം ചിന്തിക്കാനുണ്ട്. നാടുമായി ബന്ധമുള്ളവരെയോ, നാട്ടിൽ അറിയപ്പെടുന്ന ആളുകളെയോ, സംസ്ഥാനതലത്തിൽ അറിയപ്പെടുന്നവരെയോ ഒക്കെയാണ് സ്ഥാനാർഥിയാക്കേണ്ടത്. എങ്കിലേ ഒരു നിലയും വിലയുമുണ്ടാകൂ. ജനങ്ങൾക്ക് അവരോട് ആഭിമുഖ്യം തോന്നും' പിസി ജോർജ് പറയുന്നു.
അതല്ലെങ്കിൽ പാർട്ടിക്ക് സ്വന്തമായി കുറച്ചധികം വോട്ടുകൾ ഉണ്ടാവണമെന്നും പിസി ജോർജ് ചൂണ്ടിക്കാട്ടി. സിപിഎം അങ്ങനെ ആണെന്നും അവർക്ക് സ്വന്തമായി വോട്ട് ഉള്ളത് കൊണ്ട് ആരെ വേണമെങ്കിലും നിർത്താമെന്നും ജയിക്കാനുള്ള സാധ്യത ഉണ്ടെങ്കിലും വളർന്നുവരുന്ന പാർട്ടിയായ ബിജെപി അങ്ങനെ ചെയ്‍തിട്ട് കാര്യമില്ലെന്നും പിസി വ്യക്തമാക്കി.
അനിൽ ആന്റണിക്ക് വേണ്ടി വോട്ടുപിടിക്കാൻ വളരെയധികം ബുദ്ധിമുട്ടിയെന്ന് പറഞ്ഞ പിസി സ്വന്തം നിലയ്ക്ക് ഫോൺ വിളിച്ചാണ് പലരോടും വോട്ട് ചോദിച്ചതെന്നും പറഞ്ഞു. കൂടാതെ അനിൽ തോൽക്കാനുള്ള കാരണങ്ങളും പിസി ജോർജ് ചൂണ്ടിക്കാണിച്ചു. അനിൽ നല്ല ചെറുപ്പക്കാരനാണെങ്കിലും കേരളവുമായി ഒരു ബന്ധവുമില്ല. ആന്റണിയുടെ മകനെന്നേയുള്ളൂ. ആന്റണി തന്നെ മകനെ തള്ളിപ്പറഞ്ഞതും പേരുദോഷമായെന്ന് പിസി പറയുന്നു.
പൂഞ്ഞാർ പഞ്ചായത്തിൽ അനിൽ ലീഡ് ചെയ്‌തു. മറ്റ് ചില പഞ്ചായത്തുകളിൽ രണ്ടാം സ്ഥാനത്തെത്തി. എന്നാൽ മുണ്ടക്കയത്ത് പിന്നോട്ട് പോയി. അതിന്റെ കാരണം അനിലിനെ ആർക്കും അറിയാത്തതാണെന്നും പിസി ജോർജ് പറഞ്ഞു. ജയിക്കാവുന്ന സീറ്റ് കൊണ്ട് പോയി നശിപ്പിച്ചെന്നും അനിലിനെ പോലെ ഭാവിയുള്ള ഒരാളെ പത്തനംതിട്ടയിൽ കൊണ്ട് പോയി മത്സരിപ്പിക്കരുതായിരുന്നു എന്നും അദ്ദേഹം പറയുന്നു.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി പത്തനംതിട്ട മണ്ഡലം താനൊരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പിസി ജോർജ് പറയുന്നത്. പത്തനംതിട്ടയിലെ ഏഴ് നിയോജക മണ്ഡലങ്ങളിലെയും ആളുകൾ തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ താൻ ഇടപെടില്ലെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications