പൂഞ്ഞാറിൽ ഇക്കുറി പിസി ജോർജ് മത്സരിക്കില്ല?, ആരാകും പകരക്കാരൻ, ഷോണിന് പാലാ തന്നെ കിട്ടും
കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിസി ജോർജ് മത്സരിച്ചേക്കില്ലെന്ന് സൂചന. ഏഴ് തവണ മത്സരിച്ച് വിജയിച്ച മണ്ഡലത്തിൽ ഇത്തവണ ജനവിധി തേടാൻ പിസി ഉണ്ടാവില്ലെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. നിലവിലെ സാഹചര്യത്തിൽ പിസി ജോർജ് മത്സരിക്കുന്നതിന് യാതൊരു എതിർപ്പും അറിയിച്ചിട്ടില്ലെങ്കിലും പാർട്ടി അദ്ദേഹത്തെ പരിഗണിക്കുന്നില്ലെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യത്തിൽ പിസിക്ക് തന്നെ ധാരണ ഉണ്ടെന്നതാണ് വാസ്‌തവം.
അടുപ്പക്കാരുമായി ഇക്കാര്യം അദ്ദേഹം പങ്കുവച്ചിട്ടുണ്ടെന്നാണ് സൂചന. ബിജെപിയിൽ ചേർന്നതോടെ പഴയത് പോലെ ഒറ്റയ്ക്ക് തീരുമാനം എടുക്കുക എന്നത് പിസിയെ സംബന്ധിച്ചിടത്തോളം ഇനി അത്ര എളുപ്പമല്ല. എന്തെന്നാൽ മുന്നണിയുടെ ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ടുള്ള പ്രവർത്തനമായതിനാൽ താൽപര്യം ഉണ്ടെങ്കിലും പാർട്ടി തീരുമാനിക്കാതെ പൂഞ്ഞാറിൽ മത്സരിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല.

നേരത്തെ തന്നെ ഈ നിലപാട് പിസി പരസ്യമായി വ്യക്തമാക്കിയതാണ്. താൻ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ട ബിജെപി നേതൃത്വമാണ് എന്ന നിലപാടിലാണ് പിസി. പാർട്ടി നേതൃത്വം പറഞ്ഞാൽ മത്സരിക്കുമെന്നും ജയിക്കുമെന്നും പിസി പറയുന്നു. എങ്കിലും അങ്ങനെ പറയാനുള്ള സാധ്യത വിരളമാണ് എന്നാണ് അദ്ദേഹം തന്നെ ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെയെങ്കിൽ പൂഞ്ഞാറിൽ മറ്റൊരു സ്ഥാനാർത്ഥി പിസിക്ക് പകരം ജനവിധി തേടും.
1980ലും, 1982ലും ജയിച്ചു തുടങ്ങിയതാണ് പിസി ജോർജ് പൂഞ്ഞാറിൽ. പിന്നീട് ഏതാണ്ട് പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം 1996 മുതൽ രണ്ട് പതിറ്റാണ്ട് കാലം പിസിയായിരുന്നു പൂഞ്ഞാറിനെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയത്. എന്നാൽ കഴിഞ്ഞ തവണ ജനപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച പിസി ജോർജിന് മണ്ഡലത്തിൽ ജയം കൈവരിക്കാൻ കഴിഞ്ഞില്ല. കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ സെബാസ്‌റ്റ്യൻ കുളത്തുങ്കലിനോട് പരാജയപ്പെടുകയായിരുന്നു.
പാർട്ടി മാറുന്നതോ മുന്നണികളിലേക്ക് ചേക്കേറുന്നതോ ഒന്നും പിസി ജോർജിനെ സംബന്ധിച്ച് പുതിയ കാര്യമല്ല. അങ്ങനെ എൻഡിഎയുടെ ഭാഗമായി മാറിയ പിസി പക്ഷേ അടുത്തിടെയാണ്, ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയിൽ ലയിച്ചത്. ഈ സാഹചര്യത്തിൽ പൂഞ്ഞാറിൽ ആര് മത്സരിക്കണമെന്ന് ഇനി പാർട്ടി നേതൃത്വം പറയുന്നത് അനുസരിക്കുക മാത്രമാണ് പിസി ജോർജിന്റെ മുന്നിലുള്ള വഴി. അത് അദ്ദേഹത്തിനും കൃത്യമായി അറിയാം.
ഈ സാഹചര്യത്തിൽ കൂടിയാണ് എല്ലാം നേതൃത്വത്തിന് വിട്ടുകൊടുത്തു കൊണ്ട് പിസി മാറി നിൽക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പൂഞ്ഞാറിൽ പിസിക്ക് പകരം ആരെന്ന കാര്യത്തിൽ ഇതുവരെയും ബിജെപി ചർച്ചകൾ ഒന്നും ആരംഭിച്ചിട്ടില്ല. എന്തായാലും ക്രിസ്ത്യൻ ഭൂരിപക്ഷ മേഖല ആയതിനാൽ ഇവിടെ അത്തരത്തിൽ ഉള്ള ഒരാളെ തന്നെയാവും പാർട്ടി പരിഗണിക്കുക.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സര രംഗത്ത് ഇക്കുറി പിസി ജോർജ് ഇല്ലെങ്കിലും ആ കുടുംബത്തിൽ നിന്ന് മറ്റൊരാൾ ഉണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. പാലാ സീറ്റിൽ മകൻ ഷോൺ ജോർജ് മത്സരിക്കുമെന്ന് തന്നെയാണ് പിസിയും ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചത്. ഷോണിന് പാലാ സീറ്റ് നൽകിയാൽ അവിടെ ജയം പിടിച്ചെടുക്കാമെന്ന് തന്നെയാണ് പിസി ഉറച്ച് വിശ്വസിക്കുന്നത്.












Click it and Unblock the Notifications