ആരോഗ്യനില മോശമായി; പിഡിപി ചെയർമാൻ മഅദനി ചികിത്സയിൽ, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു
കൊച്ചി: ആരോഗ്യനില മോശമായതിനെ തുടർന്ന് പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് മഅദനി ഇപ്പോൾ കഴിയുന്നത്. ശ്വാസതടസം കഠിനമായതോടെയാണ് മഅദനിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ബിപി ഉൾപ്പെടെ ഉയർന്ന നിലയിലായിരുന്നു. ബിപിക്ക് പുറമേ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരുന്ന അവസ്ഥയും മഅദനിക്ക് നേരിടേണ്ടി വന്നിരുന്നു.
തുടർന്ന് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് വിശദ പരിശോധനയ്ക്ക് ശേഷം മാറ്റുകയായിരുന്നു. നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ശ്വാസോച്ഛാസം ക്രമമാക്കുന്നത് എന്നാണ് ലഭ്യമായ വിവരം. ഹീമോഡയാലിസിസ് ഉൾപ്പെടെയുള്ളവയ്ക്കും മഅദനി വിധേയമാകുന്നുണ്ട് എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്ന മഅദനിയെ നേരത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൃക്കകളുടെ പ്രവർത്തനം തകരാറിലായതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത്. തുടർന്ന് ഇതിന്റെ ചികിത്സ നടന്നുവരികയായിരുന്നു. അതിനിടെയാണ് വീണ്ടും ശ്വാസതടസം മൂലം പിഡിപി നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നേരത്തെ സുപ്രീം കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് മദനി കേരളത്തിലേക്ക് തിരിച്ചു വന്നത്. ജൂലായ് 17നായിരുന്നു സുപ്രീം കോടതി മഅദനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നൽകിയത്. അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ 15 ദിവസത്തില്‍ ഒരിക്കല്‍ ഹാജരാകണമെന്നാണ് അറിയിച്ചത്. ജന്മനാടായ കൊല്ലത്ത് കഴിയാനുള്ള അനുമതിയും സുപ്രീം കോടതി പിഡിപി നേതാവിന് നൽകിയിരുന്നു.
മദനി പ്രതിയായ ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയായ കാര്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ നടപടി. സാക്ഷി വിസ്‌താരം പൂര്‍ത്തിയായതും കോടതി പരിഗണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർണാടകയുടെ എതിർപ്പ് മറികടന്ന് മഅദനിക്ക് കേരളത്തിലേക്ക് പോവാനുള്ള അനുമതി ലഭിച്ചത്.
ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ചികിത്സക്കായി ജില്ലയ്ക്ക് പുറത്തേക്ക് പോവാനുള്ള അനുമതിയും കോടതി നൽകിയിരുന്നു. വിചാരണ കോടതി ആവശ്യപ്പെടുകയാണെങ്കിൽ ബെംഗളൂരുവിലേയ്ക്ക് തന്നെ തിരികെ വരണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മഅദനി സ്വന്തം നാട്ടിലെത്തിയത്.
2008ലെ ബാംഗ്ലൂർ ബോംബ് സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാൾ മദനിയാണെന്നായിരുന്നു കർണാടക പോലീസിന്റെ കണ്ടെത്തൽ. പിഡിപി നേതാവ് ഉൾപ്പെടെ 32 പേർക്കെതിരെയാണ് ഇതിൽ കേസെടുത്തത്. സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications