'സാധാരണക്കാർ എങ്ങനെ ഇവിടെ ജീവിക്കും'; മറിയക്കുട്ടിയുടെ ഹർജിയിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: വിധവ പെൻഷൻ ലഭിക്കാത്ത ചോദ്യം ചെയ്‌ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജിയിൽ സർക്കാരിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. സർക്കാരിന്റെ ഉരുക്കുമുഷ്‌ടിയുടെ ഇരയാണ് മറിയക്കുട്ടിയെപ്പോലുള്ളവരെന്ന് സിംഗിൾ ബെഞ്ച് വിമർശിച്ചു. ഇവരെപ്പോലുളള സാധാരണക്കാർ എങ്ങനെ ജീവിക്കുമെന്നും ഹൈക്കോടതി ചോദിച്ചു.
മറിയക്കുട്ടി നൽകിയ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. പെൻഷൻ നൽകാൻ ആവശ്യത്തിന് പണമില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. വിധവാ പെൻഷനായി നൽകുന്ന 1600 രൂപയിൽ 300 രൂപ കേന്ദ്ര വിഹിതമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം, മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കിയേ തീരൂവെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അല്ലെങ്കില്‍ മൂന്നുമാസത്തെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. പണം കൊടുക്കാന്‍ വയ്യെങ്കില്‍ മരുന്നിന്റെയും ആഹാരത്തിന്റെയും ചെലവ് കൊടുക്കണമെന്നുമായിരുന്നു കോടതി നിര്‍ദേശിച്ചത്.
നേരത്തെ പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് യാചനാസമരം നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച വയോധികയാണ് മറിയക്കുട്ടി. അഞ്ചു മാസമായി വിധവാ പെന്‍ഷന്‍ മുടങ്ങിക്കിടക്കുകയാണെന്നും പുതുവര്‍ഷത്തിനു മുമ്പ് കിട്ടാനായി ഹൈക്കോടതി ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടാണ് മറിയക്കുട്ടി ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയത്.
ഇതിന് പിന്നാലെ രൂക്ഷ വിമർശനമാണ് സർക്കാരിനെതിരെ കഴിഞ്ഞ ദിവസം നടത്തിയത്. പെൻഷൻ നൽകാൻ സർക്കാരിന്റെ കൈയിൽ പണമില്ലെന്ന് പറയരുത്. ഏതെങ്കിലും ആഘോഷം സർക്കാർ വേണ്ടെന്ന് വയ്ക്കുന്നുണ്ടോ എന്ന ചോദ്യവും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഉന്നയിച്ചിരുന്നു. മറിയക്കുട്ടി വിഐപിയാണെന്നും പെൻഷൻ നൽകാനായില്ലെങ്കിൽ മൂന്ന് മാസത്തെ ചെലവ് ഏറ്റെടുക്കണമെന്നുമായിരുന്നു ഹൈക്കോടതി വാക്കാൽ നടത്തിയ പരാമർശം.
പെൻഷന് വേണ്ടി കേന്ദ്ര സർക്കാർ വിഹിതം നൽകിയിട്ടുണ്ട്. സാമൂഹ്യ ക്ഷേമ പെൻഷൻ നൽകാനായി കേരളം മദ്യ സെസ് പിരിക്കുന്നുണ്ട്. ഇതുവരെ പിരിച്ച തുക പെൻഷൻ നൽകാൻ മതിയായതാണ്. അതിനാൽ പെൻഷൻ കുടിശ്ശിക ഉടൻ നൽകണം. ഭാവിയിൽ പെൻഷൻ കുടിശ്ശിക വരുത്തരുതെന്നുമാണ് മറിയക്കുട്ടി ഹർജിയിലൂടെ ആവശ്യപ്പെട്ടത്.
നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ മറിയക്കുട്ടി രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ വിജയിപ്പിച്ചത് പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കാനാണ്. തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഈ സര്‍ക്കാര്‍ എന്നാണ് പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമല്ലേ ഗുണങ്ങള്‍ ലഭിക്കുന്നത് എന്നും മറിയക്കുട്ടി ചോദിച്ചിരുന്നു.












Click it and Unblock the Notifications