'പെന്‍ഷന്‍ മുടങ്ങിയതും ക്രമസമാധാന പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പിനെ ബാധിച്ചു'; വിമർശനവുമായി സിപിഐ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാക്കൾ രംഗത്ത്. തിരഞ്ഞെടുപ്പ് തോൽവിയിൽ നിർണായകമായ വിഷയങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐ നേതാക്കളുടെ പരസ്യ വിമർശനം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് നാല് സീറ്റുകളിൽ മത്സരിച്ചെങ്കിലും സിപിഐക്ക് സീറ്റൊന്നും കിട്ടിയിരുന്നില്ല.
പെന്‍ഷന്‍ മുടങ്ങിയതും സംസ്ഥാനത്ത് നിലനിൽക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചെന്നാണ് മുതിർന്ന സിപിഐ നേതാവും മുൻ മന്ത്രിയുമായ സി ദിവാകരന്‍ പറഞ്ഞു. ആരെയെങ്കിലും പഴിചാരി നേതാക്കള്‍ക്ക് രക്ഷപ്പെടാനാകില്ലെന്ന് പറഞ്ഞ അദ്ദേഹം സിപിഎമ്മും സിപിഐയും സംഘടനപരമായി കൃത്യമായ പരിശോധന നടത്തണമെന്നും ചൂണ്ടിക്കാട്ടി.

ഇതിന് പുറമെ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിലും സി ദിവാകരൻ അഭിപ്രായം അറിയിച്ചു. രാജ്യസഭ സീറ്റ് സിപിഐക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അവകാശപ്പെട്ടത് വേണ്ടന്ന് വയ്ക്കാൻ കഴിയില്ലെന്നും സി ദിവാകരന്‍ പ്രതികരിച്ചു.
കൂടാതെ സിപിഐ വകുപ്പുകളിലെ പാളിച്ചകൾ തോൽവിക്ക് കാരണമായെന്ന് മുതിർന്ന നേതാവ് കെ ശിവരാമനും പ്രതികരിച്ചു. ഭക്ഷ്യ വകുപ്പ്, കൃഷി വകുപ്പ്, റവന്യൂ എന്നിവ ഉൾപ്പെടെയുള്ള നിർണായക വകുപ്പുകൾ കൈകാര്യം ചെയ്‌ത സിപിഐക്ക് പക്ഷേ ഇത്തവണ തിരഞ്ഞെടുപ്പിൽ കാര്യമായ അനക്കം സൃഷ്‌ടിക്കാൻ കഴിഞ്ഞിരുന്നില്ല.
സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ടത് കിട്ടുന്നില്ല. ജനങ്ങൾ അസംതൃപ്‌തരാണ്. മാവേലി സ്‌റ്റോറിലെ പാളിച്ചയും ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും ഉൾപ്പെടെ തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചു. സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്നത് വലിയ അഴിമതിയാണെന്നും ഇതും പ്രശ്‌നമായെന്നും ശിവരാമൻ പറയുകയുണ്ടായി.
അതേസമയം, തിരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ വികാരം അലയടിച്ചു എന്നാണ് മുന്നണിയിൽ പൊതുവെയുള്ള അഭിപ്രായം. നാല് സീറ്റുകളിൽ മത്സരിച്ച സിപിഐക്ക് ജയ പ്രതീക്ഷ ഉണർത്തുന്ന പോരാട്ടങ്ങൾ കാഴ്‌ച വയ്ക്കാൻ കഴിഞ്ഞില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിനിടയിലാണ് ഇപ്പോൾ സർക്കാരിനെ പരസ്യമായി വിമർശിച്ച് പ്രധാന ഘടകകക്ഷിയിലെ നേതാക്കൾ തന്നെ രംഗത്ത് വന്നിരിക്കുന്നത്.
കൂടാതെ തിരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതത്തിൽ ഇരിക്കുന്ന സിപിഎമ്മിന് കൂടുതൽ തിരിച്ചടിയായിക്കൊണ്ട് രാജ്യസഭാ സീറ്റ് സംബന്ധിച്ച തർക്കവും വീണ്ടും ആരംഭിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഒരു ചെറിയ ഇടവേള നൽകിയ ചർച്ചകൾ വീണ്ടും ആരംഭിച്ചു കഴിഞ്ഞു. സിപിഐ, കേരള കോൺഗ്രസ് എം എന്നീ പാർട്ടികൾ സീറ്റിനായി ശക്തമായി രംഗത്തുണ്ട്.












Click it and Unblock the Notifications