'വെള്ളാപ്പള്ളിയെ പോലുള്ളവർ ബിജെപിക്ക് വോട്ട് കിട്ടാനായി പ്രവർത്തിച്ചു'; കടുത്ത വിമർശനവുമായി എംവി ഗോവിന്ദൻ
തിരുവനന്തപുരം: ന്യൂനപക്ഷ പ്രീണനവുമായി ബന്ധപ്പെട്ട ആക്ഷേപത്തിൽ എസ്എൻഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിൽ ബിജെപിക്ക് വോട്ട് ലഭിക്കാൻ വെള്ളാപ്പള്ളിയെ പോലെയുള്ളവർ പ്രവർത്തിച്ചുവെന്നാണ് എംവി ഗോവിന്ദന്റെ ആരോപണം.
എൽഡിഎഫ് രാജ്യസഭാ അംഗങ്ങളെ നിശ്ചയിച്ചതിന് എതിരെയുള്ള പ്രസ്‌താവന ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ പ്രതിവാര പംക്തിയായ നേർവഴിയിലാണ് സംസ്ഥാന സെക്രട്ടറി വിമര്‍ശനം കടുപ്പിക്കുന്നത്. 'പലമതസാരവുമേകം' എന്ന കാഴ്‌ചപ്പാട് ഉയര്‍ത്തിപ്പിടിച്ച ഗുരുദര്‍ശനം തന്നെയാണോ വെള്ളാപ്പള്ളിയുടേത് എന്നും ഗോവിന്ദൻ ലേഖനത്തിൽ ചോദിച്ചു.

ന്യൂനപക്ഷ പ്രീണന ആരോപണത്തിൽ എംവി ഗോവിന്ദൻ മറുപടി നൽകി. ഇന്ത്യന്‍ റിപ്പബ്ലിക്കും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ സംരക്ഷണത്തെ സിപിഎം കാണുന്നതെന്നായിരുന്നു എംവി ഗോവിന്ദൻ പ്രതികരിച്ചത്. ഈ നിലപാട് ആരെങ്കിലും തെറ്റായി മനസിലാക്കിയിട്ടുണ്ടെങ്കില്‍ ആ തെറ്റിദ്ധാരണ നീക്കം പാർട്ടി ശ്രമിക്കുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തോൽവിയിൽ ജനങ്ങളുടെ മുന്നറിയിപ്പ് അവഗണിക്കില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തിരുത്തേണ്ടത് തിരുത്തുമെന്നും മാറ്റേണ്ടത് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപി കൂട്ടുമന്ത്രിസഭയിലൂടെ അധികാരത്തിൽ എത്തിയെങ്കിലും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടു.
ഇതിലൂടെ ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം നേടുന്നതിൽ സിപിഎം ഉൾപ്പെടെയുള്ള മതനിരപേക്ഷ കൂട്ടായ്‌മ ഒരു പരിധിവരെ വിജയിച്ചെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. എന്നാൽ ആ വിജയം കേരളത്തിൽ അനുകൂല ഘടകമാക്കാൻ ഇടതുമുന്നണിക്ക് കഴിയാതെ പോയി. അതിനെ കുറിച്ച് പാർട്ടി നേതൃയോഗങ്ങൾ പരിശോധിച്ചുവെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
നേരത്തെ രാജ്യസഭാ സീറ്റുകളുടെ കാര്യത്തിലും മറ്റ് വിഷയങ്ങളിലും സിപിഎമ്മിനെ വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. ന്യൂനപക്ഷ വോട്ട് യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാനുള്ള ആവേശത്തില്‍ എല്‍ഡിഎഫ് പിന്നാക്കവിഭാഗങ്ങളെ അവഗണിച്ചെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിമർശനം. കേരള കൗമുദിയിൽ എഴുതിയ ലേഖനത്തിലായിരുന്നു ഈ പ്രസ്‌താവന.
എന്നാൽ ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നെങ്കിലും തന്റെ നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുകയായിരുന്നു. കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്റെ പേരില്‍ രക്തസാക്ഷിയാകാനും താൻ തയ്യാറാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. എസ്എന്‍ഡിപി യോഗത്തിന്റെ മുഖമാസികയായ യോഗനാദത്തിൽ എഴുതിയ എഡിറ്റോറിയലിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.












Click it and Unblock the Notifications