'എന്നെ അറിയുന്ന നാട്ടുകാർക്ക് അങ്ങനെയൊരു സംശയമില്ല'; ബിജെപിയിലേക്ക് പോവുമെന്ന വാർത്ത തള്ളി ജി സുധാകരൻ
ആലപ്പുഴ: ബിജെപി പ്രവേശത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. ഇത്തരം പ്രചാരണങ്ങൾ പൂർണമായി തള്ളിക്കൊണ്ട് സിപിഎമ്മിന് ഒപ്പം തന്നെ ഉറച്ചു നിൽക്കുമെന്നാണ് സുധാകരൻ പറയുന്നത്. തന്നെക്കുറിച്ച് അറിയാവുന്ന നാട്ടുകാർക്ക് ഇക്കാര്യത്തിൽ സംശയമില്ലെന്നും അറിയാത്തവർക്കാണ് സംശയമെന്നും സുധാകരൻ പറഞ്ഞു.
'ഇത്തരം പ്രസ്‌താവനകൾ തമാശയായി മാത്രമാണ് കാണുന്നത്. എന്നെ അറിയാവുന്ന നാട്ടുകാർക്ക് അങ്ങനെ ഒരു സംശയമില്ല. അറിയാത്തവരാണ് ഇക്കാര്യങ്ങൾ പറഞ്ഞു നടക്കുന്നത്. എല്ലാവരോടും ബഹുമാനവും സ്നേഹവുമാണ് ഉള്ളത്. എന്നാൽ ക്രിമിനലുകളെ ആദരിക്കുന്നവർ സ്വയം ചിന്തിക്കണം' എന്നായിരുന്നു ജി സുധാകരൻ പറഞ്ഞത്.

പാർട്ടിയിലെ ചില നേതാക്കളെ പേരെടുത്ത് പറയാതെ വിമർശിക്കാനും സുധാകരൻ പറയുന്നു. 'ചില നേതാക്കൾ ഞാൻ ബിജെപിയിലേക്ക് പോവുകയാണെങ്കിൽ പോവട്ടെ എന്ന നിലപാടുള്ളവരായിരുന്നു. പാർട്ടിക്ക് അത്തരമൊരു ചിന്ത ഉണ്ടായിരുന്നില്ല. ബിജെപി പലരെയും പാർട്ടിയിലേക്ക് ക്ഷണിക്കാറുണ്ട്. അതവരുടെ ദൗർബല്യം മാത്രമാണ്.' സുധാകരൻ വ്യക്തമാക്കി.
നേരത്തെ ആലപ്പുഴയിലെ സിപിഎമ്മിന്റെ ഞെട്ടിക്കുന്ന തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ജി സുധാകരനും ചില നേതാക്കളും തമ്മിൽ അസ്വാരസ്യം നിലനിന്നിരുന്നു. പല ഘട്ടത്തിലും ഇത് പരസ്യമാവുകയും ചെയ്‌തിരുന്നു. എച്ച് സലാം എംഎൽഎ അടക്കമുള്ള നേതാക്കൾ സുധാകരനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
സുധാകരന്റെ മോദി സ്‌തുതി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു സലാമിന്റെ വിമർശനം. സുധാകരനെ പൊളിറ്റിക്കൽ ക്രിമിനൽ എന്ന് വിശേഷിപ്പിച്ച സലാം കടുത്ത ഭാഷയിലായിരുന്നു പ്രതികരിച്ചത്. ഇതോടെ സുധാകരൻ വീണ്ടും ഇടഞ്ഞു. നിരന്തരം പാർട്ടിയുടെ വീഴ്‌ചകൾക്ക് എതിരെയും ജില്ലയിലെ നേതാക്കൾക്ക് എതിരെയും രംഗത്ത് വന്നതോടെ അദ്ദേഹം പാർട്ടി വിടുകയാണെന്നും ബിജെപിയിൽ ചേരുകയാണെന്നും പ്രചരണം ശക്തമാക്കി.
ഇതിന്റെ മൂർച്ചകൂട്ടി കൊണ്ട് എൽഡിഎഫ് സർക്കാരിലെ അഴിമതിയെ പറ്റി അദ്ദേഹം ശക്തമായി പ്രതികരിച്ചിരുന്നു. ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് പൊതുമരാമത്ത്, റവന്യൂ, എക്സൈസ് വകുപ്പുകളിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. വികസനത്തിനായി ചെലവഴിക്കുന്ന പണത്തിന്റെ പകുതി പോലും ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന പല പഠനങ്ങളുമുണ്ടെന്നും സുധാകരൻ ആരോപിച്ചിരുന്നു.
ഇതോടെ ബിജെപി പ്രവേശനം എന്ന അഭ്യൂഹം ശക്തമായി. എന്നാൽ ഈ പ്രചരണങ്ങളെ ഒക്കെ തള്ളി പറഞ്ഞുകൊണ്ടാണ് ഇപ്പോൾ മുൻമന്ത്രി കൂടിയായ അദ്ദേഹം സിപിഎമ്മിനൊപ്പം ഉറച്ചു നിൽക്കുമെന്ന് വ്യക്തമാക്കിയത്. ആലപ്പുഴയിലെ വിഭാഗീയത വീണ്ടും തലപൊക്കിയത്തോടെ തിരിച്ചടി നേരിടുന്ന പാർട്ടിയെ സുധാകരന്റെ നടപടികളും പ്രതിരോധത്തിലാക്കുന്നുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications