Perambra Election Result Live: പേരാമ്പ്രയിൽ ഫാത്തിമ തഹ്‌ലിയയുടെ കുതിപ്പ്; ടിപി രാമകൃഷ്‌ണനെ വീഴ്ത്തി
കോഴിക്കോട്: സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റത്തിന് ഇടയിൽ എൽഡിഎഫിന് കടുത്ത തിരിച്ചടി നൽകി കൊണ്ട് പേരാമ്പ്രയിൽ ഫാത്തിമ തഹ്‍ലിയക്ക് ജയം. 5087 വോട്ടുകൾക്ക് ആയിരുന്നു ജയം. മണ്ഡലത്തിൽ ആദ്യഘട്ടത്തിൽ ചില സമയത്ത് ടിപി രാമകൃഷ്‌ണൻ മുന്നേറ്റം കാണിച്ചെങ്കിലും ഇവിഎം വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ അത് ഇല്ലാതെയാവുകയും പിന്നാലെ ഫാത്തിമ മുന്നിൽ എത്തുകയും ചെയ്‌തിരുന്നു. പിന്നീട് ഒരു ഘട്ടത്തിലും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് മുന്നേറ്റം നടത്താനായില്ല.
1980 മുതൽ ഭൂരിഭാഗം തിരഞ്ഞെടുപ്പുകളിലും സിപിഎം നേതാക്കൾ വിജയിച്ചുവരുന്ന ഒരു ഇടതുപക്ഷ കോട്ടയാണ് പേരാമ്പ്ര മണ്ഡലം. നിലവിലെ എംഎൽഎയായ ടിപി രാമകൃഷ്‌ണൻ എൽഡിഎഫ് സ്ഥാനാർത്ഥിയായി വീണ്ടും അങ്കത്തിനിറങ്ങിയപ്പോൾ പരിചയസമ്പന്നനായ കമ്മ്യൂണിസ്‌റ്റ് സംഘാടകനെതിരെ ശക്തമായ യുവത്വത്തിന്റെ പ്രതീകമായി ഇറങ്ങിയ തഹ്‌ലിയയുടെ പ്രചാരണം യുഡിഎഫിന് പ്രതീക്ഷ നൽകിയിരുന്നു.

തിരഞ്ഞെടുപ്പിന് ആഴ്‌ചകൾക്ക് മുൻപേ പേരാമ്പ്ര മണ്ഡലം വാർത്തകളിൽ നിറഞ്ഞിരുന്നു. മുസ്‌ലിം ലീഗ് പ്രവർത്തകർ തഹ്‌ലിയയെ 'കൗമിന്റെ കുട്ടി' എന്ന് വിശേഷിപ്പിച്ച് വോട്ട് തേടുകയാണെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചിരുന്നു. 'കൗമിന്റെ കുട്ടി' എന്ന പ്രയോഗം മുസ്‌ലിം സ്വത്വവുമായി ബന്ധപ്പെട്ടതാണെന്നും, ഇത് ഈ തിരഞ്ഞെടുപ്പിലെ വലിയ വിഷയങ്ങളിൽ ഒന്നായി സിപിഎം ഉയർത്തി കാട്ടുകയും ചെയ്‌തിരുന്നു.
അറബിയിൽ 'കൗമ്' എന്ന വാക്കിന് 'ഇസ്‌ലാം മതവിശ്വാസികൾ' എന്നാണ് അർത്ഥം. ഈ മുദ്രാവാക്യം തഹ്‌ലിയയുടെ മതവിശ്വാസത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന് യുഡിഎഫ് അനുകൂലികൾ വാദിച്ചു. എന്നാൽ എൽഡിഎഫിന്റെ ആരോപണങ്ങൾ എല്ലാം പാഴായെന്നാണ് ഇപ്പോഴത്തെ സാഹചര്യം സൂചിപ്പിക്കുന്നത്. നിലവിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തഹ്‌ലിയ തന്നെയാണ് മുന്നിൽ.












Click it and Unblock the Notifications