പേരാമ്പ്ര തിരഞ്ഞെടുപ്പ്: മാറ്റത്തിന് തയ്യാറായി കൊണ്ടാണ് വോട്ടർമാർ ബൂത്തിലേക്ക് വരുന്നതെന്ന് ഫാത്തിമ തഹ്‌ലിയ
കോഴിക്കോട്: മാറ്റത്തിന് തയ്യാറായി കൊണ്ടാണ് വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് വരുന്നതെന്ന് മുസ്ലീം ലീഗ് നേതാവും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഫാത്തിമ തഹ്‌ലിയ. നല്ല ആത്മവിശ്വാസമുണ്ടെന്നാണ് അവരുടെ വാക്കുകൾ. സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് കൂടിയായ പേരാമ്പ്രയിലാണ് ഇത്തവണ ഫാത്തിമ തഹ്‌ലിയ ജനവിധി തേടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
കോഴിക്കോട് ജില്ലയിലെ ഇടത് പക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ പേരാമ്പ്രയിൽ കടുത്ത പോരാട്ടമാണ് എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ തമ്മിൽ നടക്കുന്നത്. എൽഡിഎഫിന് വേണ്ടി മുൻ മന്ത്രിയും മുന്നണി കൺവീനറുമായ ടിപി രാമകൃഷ്‌ണൻ ഇറങ്ങുമ്പോൾ യുഡിഎഫിന് വേണ്ടിയാണ് ഫാത്തിമ തഹ്‌ലിയ മത്സരിക്കുന്നത്. എൻഡിഎക്ക് വേണ്ടി ബിജെപിയുടെ മോഹനൻ മാസ്‌റ്ററും പോരാട്ടത്തിന് ഇറങ്ങുന്നുണ്ട്.

ഫാത്തിമ തഹ്‌ലിയയുടെ വാക്കുകൾ: നല്ല ആത്മവിശ്വാസമുണ്ട്, ഇക്കുറി കേരളം യുഡിഎഫ് ഭരിക്കും. പേരാമ്പ്ര മണ്ഡലത്തിലെ കാര്യങ്ങൾ ഞാൻ നേരത്തെ പറഞ്ഞതാണ്. ഒരു ചരിത്രം കുറിക്കാൻ തുടങ്ങുകയാണ്, അവിടെയുള്ള ആളുകൾ എല്ലാം മാറ്റത്തിന് തയ്യാറായി കൊണ്ടാണ് പോളിങ് ബൂത്തിലേക്ക് പോയത്. പലരും അവരുടെ പ്രാർത്ഥനകളിലും വഴിപാടുകൾ, പള്ളികളിലെ കുർബാനകൾ എന്നിവയിൽ ഒക്കെ ഉൾപ്പെടുത്തിയെന്ന് പറഞ്ഞിരുന്നു.
എന്തായാലൂം ഞാൻ വളരെയധികം സന്തോഷത്തിൽ, അവരുടെ ഒക്കെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞതിൽ. അതിരാവിലെ തന്നെ വലിയ നീണ്ട ക്യൂവാണ് കാണുന്നത്. അത് തന്നെയൊരു വലിയ മാറ്റമാണ്. ആളുകൾക്ക് മെയ് നാല് വരെ കാത്തിരിക്കാൻ പോലും വയ്യെന്നാണ് പറയുന്നത്. അതുപോലെ ആളുകളുടെ ഭാഗത്ത് നിന്നുള്ള റെസ്പോൺസ് ഒക്കെ വലിയ കാര്യം തന്നെയാണ്.
ഇതൊക്കെ എടുത്ത് കാണിക്കുന്നത്, ആ ട്രെൻഡ് യുഡിഎഫിന് അനുകൂലമാണ് കാര്യങ്ങൾ എന്നതാണ്. വിവാദങ്ങൾ ചർച്ചയായിട്ടുണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് പറയാനില്ല. എന്നെ സംബന്ധിച്ച് മണ്ഡലത്തിന്റെ വികസനമാണ് ചർച്ച, വോട്ടർമാരോടും ഞാൻ അത് തന്നെയാണ് പങ്കുവച്ചിട്ടുള്ളത്. വികസനത്തിൽ ഊന്നിയാണ് പ്രചാരണം നടത്തിയതും.
കഴിഞ്ഞ 46 വർഷം ഭരിച്ചിട്ടുള്ള പേരാമ്പ്ര ഭരിച്ചിരുന്ന എൽഡിഎഫ് സംവിധാനത്തിന് അതിദാരിദ്ര്യ നിർമ്മാജനം നടത്തി എന്ന് പറയുമ്പോൾ പല വീടുകളും എനിക്ക് കാണിച്ചു തരാൻ കഴിയും. എനിക്ക് പരാതികളുടെ ഒരു പ്രളയമാണ് വരുന്നത്, കാര്യങ്ങൾ തുറന്ന് സംസാരിക്കുമ്പോൾ അത്തരം പരാതികൾ ഉണ്ടാവും, എൽഡിഎഫ് പാളയത്തിൽ നിന്നാണ് എനിക്ക് പരാതികൾ വന്നത്.


Click it and Unblock the Notifications