'പിണറായി ഏറ്റവും പ്രധാനപ്പെട്ട നേതാവ്, നേതൃമാറ്റം പാർട്ടിക്കും സർക്കാരിനും മുന്നിലില്ല'; എംവി ഗോവിന്ദൻ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും നേതൃമാറ്റം പരിഗണയില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിണറായി വിജയൻ ഏറ്റവും പ്രധാനപ്പെട്ട നേതാവാണെന്നും, തുടർഭരണത്തിലേക്ക് നയിക്കാൻ നെടുംതൂണായി നിന്നത് അദ്ദേഹമാണെന്നും നിലവിൽ നേതൃമാറ്റം എന്നത് പാർട്ടിയുടെയും സർക്കാരിന്റെയും മുന്നിൽ ഇല്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
മാതൃഭൂമി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ഉയർന്ന ഇപി ജയരാജനുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും പാർട്ടി സെക്രട്ടറി മനസ് തുറന്നു. ഇപി ജയരാജന്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി ഗൗരവപൂര്‍വം പരിശോധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പെൻഷൻ മുടങ്ങിയത് ഉൾപ്പെടെ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചുവെന്നാണ് എംവി ഗോവിന്ദനും തുറന്ന് സമ്മതിക്കുന്നത്. പെൻഷൻ കാര്യത്തിൽ പ്രശ്‌നങ്ങളുണ്ട്. മറിയക്കുട്ടി പറഞ്ഞു നടക്കുമ്പോഴും തങ്ങൾക്ക് പെൻഷൻ കിട്ടുമെന്ന് പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു ലക്ഷക്കണക്കിന് ആളുകൾ. കേന്ദ്രം നൽകാത്തതിനാലാണ് സർക്കാർ കിട്ടാത്തതെന്ന തിരിച്ചറിവുള്ള ഒട്ടേറെ പേരുണ്ടെന്നും, അങ്ങനെ അല്ലാത്തവരും ഉണ്ടെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാണിക്കുന്നു.
വിഷയത്തിൽ കേന്ദ്ര സർക്കാരിനെയും അദ്ദേഹം വിമർശിച്ചു. പണം എവിടെ നിന്ന് എടുത്തുകൊടുക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. തങ്ങൾക്ക് പണം അച്ചടിക്കുന്ന സംവിധാനം ഇല്ലെന്നും അതുള്ളത് നാസിക്കിലെ പ്രസിൽ ആണെന്നും കേന്ദ്രത്തിന്റേതല്ലേ റിസർവ് ബാങ്ക് എന്നും പിന്നെ എങ്ങനെയാണു തങ്ങൾ പണം കൊടുക്കയെന്നും എംവി ഗോവിന്ദൻ ചോദിച്ചു.
യുഡിഎഫ് എംപിമാരും കേരളത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചതെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. കേരളത്തെ ഉപരോധം സൃഷ്ടിച്ച് തകർക്കുകയായിരുന്നു കേന്ദ്രത്തിന്റെ നയമെന്നും അതിന് കേരളത്തിലെ എംപിമാർ പിന്തുണ നൽകിയെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യങ്ങൾ ജനങ്ങളോട് തുറന്നുപറഞ്ഞുകൊണ്ട് വരും തിരഞ്ഞെടുപ്പുകൾ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പാർട്ടിയിലും സർക്കാരിലും തിരുത്തലുകൾ നടത്തുമെന്നാണ് എംവി ഗോവിന്ദൻ പറഞ്ഞത്. സംഘടനാപരമായ പരിശോധനയും നടത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ പദ്ധതികളിൽ ഊന്നൽ നൽകേണ്ടവ കൃത്യമായി മനസിലാക്കി നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
നവകേരള സദസ് ഗുണം ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങളുടെ പ്രചരണം ഏശിയില്ലെന്ന് പറഞ്ഞ എംവി ഗോവിന്ദൻ ന്യൂനപക്ഷ പ്രീണനവുമായി ബന്ധപ്പെട്ട വിമർശനങ്ങളോടും പ്രതികരിച്ചു. ന്യൂനപക്ഷ പ്രീണനം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ പ്രശ്‌നങ്ങളൊന്നുമില്ല. ബിജെപി നടത്തി കൊണ്ടിരിക്കുന്ന പ്രചാരവേലയാണത്. ഇടതുപക്ഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ന്യൂനപക്ഷ സംരക്ഷണമാണ്. ലോകത്തെവിടെയും അങ്ങനെയാണെന്നും എംവി ഗോവിന്ദൻ നിലപാട് വ്യക്തമാക്കി.
തൃശൂരിലെ ബിജെപി ജയം ആശങ്കയ്ക്ക് വക നൽകുന്ന കാര്യമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മണ്ഡലത്തിൽ കോൺഗ്രസിന്റെ വോട്ട് ഗണ്യമായി കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കരുവന്നൂർ ബാങ്ക് വിഷയത്തിൽ ഉൾപ്പെടെ സിപിഎമ്മിനെതിരെ വലിയ വേട്ട നടത്തിയെന്നും ആരോപിച്ചു. ഇതിനായി കേന്ദ്ര ഏജൻസികളെ ഉൾപ്പെടെ രംഗത്തിറക്കി. ഇതൊക്കെയും ചേർത്ത് ബിജെപിക്ക് ജയിക്കാനുള്ള അന്തരീക്ഷം സൃഷ്‌ടിക്കുകയും കോൺഗ്രസ് പിന്തുണയ്ക്കുകയും ചെയ്തെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.
ന്യൂനപക്ഷ പ്രീണനം ഭൂരിപക്ഷത്തെ അകറ്റിയെന്ന പ്രചരണം തെറ്റാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി വിമർശിക്കാനുള്ള അവകാശം സിപിഎമ്മിനില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അത് ചെയ്യുന്നത് വോട്ട് കിട്ടുമോ എന്ന് നോക്കിയല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസിന്റേത് മൃദു ഹിന്ദുത്വ സമീപനമാണെന്നും ഇത് ഏക സിവിൽ കോഡിന് പറ്റിയ നാടല്ലെന്നും സംഘപരിവാർ അതിനെ വർഗീയ ആയുധമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് തുറന്നുകാണിക്കാനുള്ള ബാധ്യത ഇടതുപക്ഷത്തിന് ഉണ്ടെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications