'എന്താണ് നിങ്ങളെ വഴിതെറ്റിച്ചത്? അക്കാര്യം ഗൗരവമായി പരിശോധിക്കണം'; തോൽവിയിൽ അണികളെ പഴിച്ച് പിണറായി
കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ പരാജയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം അതീവ ഗൗരവമായാണ് കാണുന്നതെന്ന് അദ്ദേഹം പറയുന്നു. ഏത് പരാജയത്തെയും വളരെ ഗൗരവത്തോടെ കാണുന്ന പ്രസ്ഥാനമാണ് സിപിഎമ്മെന്നും അതിന്റെ ഭാഗമായുള്ള എല്ലാ വിലയിരുത്തലുകളും പരിശോധനകളും തുടർനടപടികളും പാർട്ടി എന്ന നിലയിൽ സ്വീകരിക്കുമെന്നും പിണറായി തളിപ്പറമ്പിൽ നടന്ന സിപിഎം വിശദീകരണ യോഗത്തിൽ സംസാരിക്കവേ പറഞ്ഞു.
എന്നാൽ തിരഞ്ഞെടുപ്പ് തോൽവിയിൽ അണികൾക്ക് നേരെയും പിണറായി വിജയൻ ചോദ്യമുയർത്തി. എന്താണ് നിങ്ങളെ വഴിതെറ്റിച്ചതെന്നും ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്ന് പിണറായി വിജയന്‍ പ്രസംഗത്തിനിടെ പറഞ്ഞു. ആരെയാണ് നിങ്ങള്‍ വിശ്വാസത്തിലെടുത്തതെന്നും പിണറായി ചോദിച്ചു. തോൽവിയിൽ അണികളെ പഴിക്കുന്ന രീതിയിലായിരുന്നു പിണറായി വിജയൻ സംസാരിച്ചത്. ചെയ്‌ത തെറ്റ് ഇപ്പോഴെങ്കിലും മനസിലാക്കണമെന്നും പിണറായി പറഞ്ഞു.

പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ മാത്രമുള്ള വീഴ്‌ച സംഭവിച്ചോ? താല്‍ക്കാലിക പ്രചാരവേലയില്‍ ആളുകള്‍ വീണു. എല്ലാ വെല്ലുവിളികളെയും നേരിട്ട് കരുത്താര്‍ജിക്കേണ്ട ഘട്ടമാണിത്. ടികെ ഗോവിന്ദനെ പോലെയുള്ള അവസരവാദിയെ സ്വീകരിക്കാന്‍ തയ്യാറായതിനുള്ള പശ്ചാത്താപം പലര്‍ക്കും ഉണ്ടായിട്ടുണ്ടാവും. എല്ലാ കാലവും ഈ ജയം നിലനില്‍ക്കില്ല. പാര്‍ട്ടി ഏകോപിതമായി നീങ്ങേണ്ട ഘട്ടമാണിതെന്നും പിണറായി ചൂണ്ടിക്കാട്ടി.
അത്യപൂർവ ഘട്ടങ്ങളിൽ ചിലരിൽ സ്ഥാനമോഹങ്ങളോ വഴിവിട്ട നടപടികളോ ഉണ്ടായേക്കാമെങ്കിലും യഥാർഥ പാർട്ടി വികാരമുള്ള സാധാരണക്കാർ അത്തരം ആളുകളുടെ പിന്നാലെ പോകാറില്ലെന്ന് അദ്ദേഹം പറയുന്നു. ടികെ ഗോവിന്ദനെപ്പോലെയുള്ള ആളുകളെ സ്വീകരിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയത് പാർട്ടി വികാരം നഷ്‌ടപ്പെട്ടതുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
1965 മുതൽ ഒരു തവണയൊഴികെ 2021 വരെയുള്ള ദീർഘകാലം ഇടതുപക്ഷം തുടർച്ചയായി വിജയിച്ച തളിപ്പറമ്പ് മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി പരാജയപ്പെട്ടപ്പോൾ വലതുപക്ഷം അത് വലിയ രീതിയിൽ ആഘോഷിച്ചു. പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ വലതുപക്ഷം അഴിച്ചുവിട്ട കുപ്രചാരണങ്ങളുടെയും പ്രചാരവേലകളുടെയും യഥാർഥ വസ്‌തുതയും ലക്ഷ്യവും തിരിച്ചറിയാൻ കഴിയാതെ പോയതാണ് ടികെ ഗോവിന്ദന്റെ ജയത്തിന് കാരണമെന്നും പിണറായി വിജയൻ പറഞ്ഞു.
1970-ൽ ഇടതുപക്ഷം പരാജയപ്പെട്ട മണ്ഡലത്തിൽ 1977 വന്നപ്പോൾ ജനങ്ങൾ അതേ രീതിയിൽ എൽഡിഎഫിനെ തിരികെ സ്വീകരിക്കുന്ന നിലയായിരുന്നു ഉണ്ടായത്. അതാണ് ഈ നാടിന്റെ ചരിത്രം. ടികെ ഗോവിന്ദൻ എന്ന അവസരവാദിക്ക് താൽക്കാലികമായി ജയിക്കാൻ കഴിഞ്ഞു എന്നത് ശാശ്വതമായ വിജയമായി കാണേണ്ടതില്ലെന്നും പിണറായി പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം പയ്യന്നൂരിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പിണറായി വിജയൻ സമാനമായി സംസാരിച്ചിരുന്നു. വി കുഞ്ഞികൃഷ്‌ണൻ അടക്കമുള്ളവരെ രൂക്ഷമായി വിമർശിക്കുകയും ചെയ്‌തിരുന്നു. തുടർച്ചയായി സിപിഎം അധികാരത്തിൽ വന്നാൽ അത് അപകടം വരുത്തുമെന്ന് ചിലർ പ്രചരിപ്പിച്ചുവെന്നാണ് പിണറായി ആരോപിച്ചത്. അതിന്റെ തുടർച്ചയായാണ് തളിപ്പറമ്പിലെ ഇന്നത്തെ വിശദീകരണം.


Click it and Unblock the Notifications