ആ പാർട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെട്ടിട്ടില്ല , ദേവഗൗഡയുടേത് അസംബന്ധ പ്രസ്താവന : മുഖ്യമന്ത്രി
ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടെ പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് ന്യായീകരണം കണ്ടെത്താൻ അദ്ദേഹം അസത്യം പറയുകയാണെന്നും ദേശീയ നേതൃത്വം വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ചപ്പോൾ ആ ബന്ധം വിച്ഛേദിച്ച് കേരളത്തിൽ എൽഡിഎഫിന് ഒപ്പം നിലയുറപ്പിച്ച പാരമ്പര്യമാണ് ജനതാദൾ എസ് സംസ്ഥാന നേതൃത്വത്തിനുള്ളതെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
ആ പാർട്ടിയുടെ ആഭ്യന്തരപ്രശ്നങ്ങളിൽ ഏതെങ്കിലും തരത്തിൽ അഭിപ്രായം പറയാനോ ഇടപെടാനോ സിപിഐ എം ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട ആവശ്യം ഉണ്ടായിട്ടില്ല. അത് ഞങ്ങളുടെ രീതിയല്ല.

ആരുടെയെങ്കിലും വെളിപാടിന് ഞങ്ങളാരും ഉത്തരവാദികളല്ല. ദേവഗൗഡയുടെ അസംബന്ധ പ്രസ്താവന തിരുത്തുന്നതാണ് ഔചിത്യവും രാഷ്ട്രീയ മര്യാദയും. തങ്ങൾ ബിജെപിക്കെതിരാണെന്നും ദേവഗൗഡക്കൊപ്പമല്ല എന്നുമാണ് ജെഡിഎസ് കേരള ഘടകം സ്വീകരിച്ചിരിക്കുന്ന നിലപാട്. ദേവഗൗഡയുടെ പ്രസ്താവന തെറ്റാണെന്ന് സംസ്ഥാന പ്രസിഡൻറ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണൻകുട്ടിയും അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ജെഡിഎസ് ബിജെപിയുമായി സഖ്യം രൂപീകരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയെന്ന വാദവുമായാണ് ജെഡിഎഫ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ രംഗത്തുവന്നത്. ബിജെപിയുമായി മുന്നോട്ടുപോകാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം അറിയിച്ചിട്ടുണ്ടെന്നായിരുന്നു ദേവഗൗഡയുടെ അവകാശവാദം. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിർത്ത കർണാടക പ്രസിഡന്റ് സി.എം.ഇബ്രാഹിമിനെ പുറത്താക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം ദേവെഗൗഡ പറഞ്ഞത്.
മുഖ്യമന്ത്രിയുടെ പ്രസ്താവന പൂർണരൂപം
ജനതാദൾ എസ് കാലങ്ങളായി കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊള്ളുന്ന കക്ഷിയാണ്. ദേശീയ നേതൃത്വം വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ചപ്പോൾ ആ ബന്ധം വിച്ഛേദിച്ച് കേരളത്തിൽ എൽഡിഎഫിന് ഒപ്പം നിലയുറപ്പിച്ച പാരമ്പര്യമാണ് അവരുടെ സംസ്ഥാന നേതൃത്വത്തിനുള്ളത്. ആ പാർട്ടിയുടെ ആഭ്യന്തരപ്രശ്നങ്ങളിൽ ഏതെങ്കിലും തരത്തിൽ അഭിപ്രായം പറയാനോ ഇടപെടാനോ സിപിഐ എം ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല.മുഖ്യമന്ത്രി എന്ന നിലയിലും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട ആവശ്യം ഉണ്ടായിട്ടില്ല. അത് ഞങ്ങളുടെ രീതിയല്ല. ആരുടെയെങ്കിലും വെളിപാടിന് ഞങ്ങളാരും ഉത്തരവാദികളല്ല. ദേവഗൗഡയുടെ അസംബന്ധ പ്രസ്താവന തിരുത്തുന്നതാണ് ഔചിത്യവും രാഷ്ട്രീയ മര്യാദയും. തങ്ങൾ ബിജെപിക്കെതിരാണെന്നും ദേവഗൗഡക്കൊപ്പമല്ല എന്നുമാണ് ജെഡിഎസ് കേരള ഘടകം സ്വീകരിച്ചിരിക്കുന്ന നിലപാട്. ദേവഗൗഡയുടെ പ്രസ്താവന തെറ്റാണെന്ന് സംസ്ഥാന പ്രസിഡൻറ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണൻകുട്ടിയും അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുമുണ്ട്.
ദേവഗൗഡ ബിജെപിക്കൊപ്പം പോകുന്നത് ഇതാദ്യമല്ല. 2006 ൽ ജെഡിഎസ് ബിജെപിക്കൊപ്പം ചേർന്ന സാഹചര്യം എല്ലാവർക്കും ഓർമ്മ കാണും. മകന് മുഖ്യമന്ത്രി കസേര ലഭിക്കാൻ ബിജെപിക്കൊപ്പം കൂട്ടുകൂടി സ്വന്തം പാർടിയുടെ പ്രത്യയശാസ്ത്രത്തെ പോലും വഞ്ചിച്ച നിലപാട് സ്വീകരിച്ചയാളാണ് ഗൗഡ. ദേവഗൗഡയുടെ രാഷ്ട്രീയ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് ദേശീയ നേതാവ് സുരേന്ദ്രമോഹൻറെ നേതൃത്വത്തിൽ ജെഡിഎസ് വിട്ടുവന്നവരാണ് കേരളത്തിലെ ജനതാദൾ നേതൃത്വവും അണികളും.
രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ദേവഗൗഡയുടെ പ്രസ്താവനയിൽ പ്രതികരിക്കാനിറങ്ങിയ കോൺഗ്രസ്സിൻറേത് തരാതരം പോലെ ബിജെപിയെ സഹായിച്ച പാരമ്പര്യമാണ്. കേരളത്തിൽ ബിജെപിയുമായി കൂട്ടുകൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അധികാരം പങ്കിടുന്നവരാണ് അവർ. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ മാണ്ഡ്യയിൽ കോൺഗ്രസ്സും ബിജെപിയും ഒരുമിച്ചു നിന്ന് ചലച്ചിത്ര നടി സുമലതയെ വിജയിപ്പിച്ച കഥ ആരും മറന്നിട്ടില്ല. സുമലത ഇപ്പോൾ ബിജെപിക്കൊപ്പമാണ്.
ദേവഗൗഡയുടെ വാക്കുകേട്ട് "അവിഹിതബന്ധം" അന്വേഷിച്ച് നടന്ന് കോൺഗ്രസ്സ് സ്വയം അപഹാസ്യരാകരുത്. അതിൻറെ പേരിൽ ഒരു മനക്കോട്ടയും കെട്ടേണ്ടതില്ല. ബിജെപിയുമായി ബന്ധമുണ്ടാക്കിയവരും അതിൻറെ മറവിൽ ആനുകൂല്യം പറ്റിയവരും കോൺഗ്രസ്സിലുണ്ടാവും. അവരാണ് ഇപ്പോൾ പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications