വാക്‌സിനേഷനെതിരെ നടക്കുന്നത് നുണ പ്രചരണം; രൂക്ഷവിമര്‍ശനവുമായി പിണറായി...
തിരുവനന്തപുരം: വാക്‌സിനേഷനെതിരെ മലപ്പുറത്തും സമീപ ജില്ലകളിലും നടക്കുന്ന കുപ്രചരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം നുണപ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനും, ജനങ്ങള്‍ക്കിടയില്‍ വാക്‌സിന്‍ അവബോധം വളര്‍ത്തുന്നതിനും എല്ലാവരും രംഗത്തിറങ്ങണമെന്നും പിണറായി ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മലപ്പുറത്തും കോഴിക്കോടും പ്രതിരോധകുത്തിവയ്പിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി രംഗത്ത് വന്നത്. അടുത്തിടെയും ഡിഫ്തീരിയ ബാധിച്ച് മലപ്പുറത്ത് മരണം സംഭവിച്ചിരുന്നു. ഡിഫ്തീരിയ മരണം കൂടിയിട്ടും പ്രതിരോധ കുത്തിവപ്പിനെതിരെ മലപ്പുറത്ത് പ്രചരണം ശക്തമായി. ഇതോടെയാണ് പിണറായി വിമര്‍ശനവുമായി രംഗത്തെത്തിയത്.

പ്രതിരോധ കുത്തിവെയ്പുകള്‍ക്കെതിരെ നടത്തപ്പെടുന്ന പ്രചാരണങ്ങള്‍ നമ്മുടെ ആരോഗ്യരംഗത്തെ തകര്‍ക്കും, ഇത്തരത്തിലുള്ള തെറ്റിദ്ധാരണാജനകമായ ക്യാമ്പയിനുകള്‍ക്ക് തടയിടുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. സാര്‍വത്രിക രോഗപ്രതിരോധ പദ്ധതികളില്‍ ഇന്ത്യയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന 48 ജില്ലകളില്‍ കേരളത്തില്‍ നിന്നുള്ള മലപ്പുറവും കാസര്‍ഗോഡുമുണ്ട്.
ഈ ജില്ലകളിലും അതോടൊപ്പം തന്നെ വയനാട്, പാലക്കാട്, കോഴിക്കോട് ജില്ലകളിലും സാര്‍വത്രിക രോഗപ്രതിരോധ പദ്ധതികള്‍ക്കെതിരെ നടക്കുന്ന കുപ്രചരണം പൊതുജനാരോഗ്യ സംവിധാനത്തെ തകിടം മറിക്കുന്ന ഒന്നാമെന്ന് പിണറായി പറഞ്ഞു. വാക്‌സിനേഷന്‍ കൊണ്ട് പ്രതിരോധിക്കാവുന്ന രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന സന്ദര്‍ഭത്തില്‍ ഇത്തരം അശാസ്ത്രീയമായ നിലപാടുകള്‍ ഏറെ ആശങ്ക ഉളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.
പൊതുജനാരോഗ്യത്തില്‍ സംസ്ഥാനം കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ മുമ്പോട്ടു കൊണ്ടുപോകുവാന്‍ പ്രതിരോധ കുത്തിവെയ്പ്പുകളെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ഭീതി ഇല്ലാതെയാക്കണം. സംസ്ഥാനത്തൊട്ടാകെ രോഗപ്രതിരോധ സംവിധാനത്തിന്റെ വ്യാപനം വര്‍ധിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications