'വിജയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ജനങ്ങൾ നൽകുന്ന വിധി വലിയ ഉത്തരവാദിത്വമാണ്'; പിണറായി വിജയൻ
തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത സൂപ്പർതാരവും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് പിണറായി വിജയൻ. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെയാണ് പിണറായിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന വിധി വലിയ ഉത്തരവാദിത്വമാണെന്നും കേരളവും തമിഴ്‌നാടും ദീർഘകാല സൗഹൃദവും സഹകരണവും പങ്കിടുന്ന സംസ്ഥാനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിണറായി വിജയന്റെ വാക്കുകൾ: തമിഴ്‌നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ജോസഫ് വിജയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന വിധി വലിയ ഉത്തരവാദിത്വമാണ്. തമിഴ്‌നാട്ടിലെ ജനങ്ങൾ താങ്കളിൽ അർപ്പിച്ച വിശ്വാസം, സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണമായി മാറുമെന്ന് പ്രത്യാശിക്കുന്നു.

കേരളവും തമിഴ്‌നാടും ദീർഘകാല സൗഹൃദവും സഹകരണവും പങ്കിടുന്ന സംസ്ഥാനങ്ങളാണ്. ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനും ഇരു സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് വിശ്വസിക്കുന്നു. ആശംസകൾ.
അതേസമയം, ഞായറാഴ്‌ച ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവായ വിജയ്, കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ദ്രാവിഡ പാർട്ടികളായ ഡിഎംകെയുടെയോ എഐഎഡിഎംകെയുടെയോ ഭാഗമല്ലാത്ത ആദ്യ മുഖ്യമന്ത്രിയായി ചരിത്രം കുറിക്കുകയായിരുന്നു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. പരമ്പരാഗത വസ്ത്രങ്ങൾക്ക് പകരം കറുത്ത സ്യൂട്ടും വെളുത്ത ഷർട്ടും കറുത്ത ട്രൗസറും ധരിച്ചാണ് വിജയ് ചടങ്ങിനെത്തിയത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം രാഹുൽ ഗാന്ധിയും മറ്റ് പ്രമുഖരുമൊത്ത് തന്റെ ഫോണിൽ ഒരു സെൽഫിയെടുത്താണ് അദ്ദേഹം ഈ ചരിത്ര നിമിഷം ആഘോഷിച്ചത്.
തുടർന്ന്, സ്‌റ്റേഡിയത്തിലെ ജനക്കൂട്ടത്തിന് നേരെ തിരിഞ്ഞ് ഒരു 360-ഡിഗ്രി വീഡിയോ പകർത്തിയത് വൻ കരഘോഷമുയർത്തി. ഔദ്യോഗിക ചട്ടങ്ങൾക്കൊപ്പം ഒരു സിനിമാ താരത്തിന്റെ സാന്നിധ്യം കൂടി ചേർന്ന ചടങ്ങ്, ആരാധകർ പാർട്ടി പതാകകളും ഫോൺ ഫ്ലാഷ് ലൈറ്റുകളും ഉയർത്തിപ്പിടിച്ച് വലിയ കായിക മത്സരങ്ങളുടെ ആവേശം ഓർമ്മിപ്പിച്ചു.
വിജയ്‌ക്കൊപ്പം ടിവികെയിലെ ഒമ്പത് നേതാക്കളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു. എൻ ആനന്ദ്, ആദവ് അർജുന, കെഎ സെൻഗോട്ടയൻ, കെജി അരുൺരാജ്, പി വെങ്കടരമണൻ, സിടിആർ നിർമ്മൽ കുമാർ, എ രാജ്‌മോഹൻ, കീർത്തന, കെടി പ്രഭു എന്നിവരാണ് പുതിയ മന്ത്രിമാർ. ആകെ 120 എംഎൽഎമാരുടെ പിന്തുണയോടെ ടിവികെയുടെ ആദ്യ മന്ത്രിസഭയായിരിക്കും ഇത്.












Click it and Unblock the Notifications