'ഇന്ധനവില വർധിപ്പിച്ചത് കൊടിയ ദ്രോഹം, വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രം'; പിണറായി വിജയൻ
തിരുവനന്തപുരം: ഇന്ധനവില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ രൂക്ഷ വിമർശനവുമായി നിയുക്ത പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ. ഇപ്പോൾ തന്നെ വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രമെന്നാണ് പിണറായി ആരോപിക്കുന്നത്.
ശരിയായ ഭരണനയങ്ങളിലൂടെയും ഫലപ്രദമായ ഇടപെടലുകളിലൂടെയും ജനങ്ങളെ സഹായിക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള നടപടികൾ ഒരുവിധ ന്യായീകരണവും അർഹിക്കുന്നില്ലെന്നും ഇന്ധനവില വർദ്ധന നിത്യോപയോഗ സാധനങ്ങളുടെ വിലയും ഗതാഗതച്ചെലവും വീണ്ടും കുതിച്ചുയരാൻ ഇടയാക്കുമെന്നും പിണറായി ഫേസ്‌ബുക്ക് പോസ്‌റ്റിൽ ചൂണ്ടിക്കാട്ടി.

പിണറായി വിജയന്റെ വാക്കുകൾ: രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.
അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതിരുന്ന കേന്ദ്ര സർക്കാർ, ഇപ്പോൾ എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർദ്ധിപ്പിച്ചത്. തെറ്റായ നയങ്ങൾ മൂലം ഉണ്ടായ പാചകവാതക ക്ഷാമവും വൻ വിലവർധനവും ഇതിനകം ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്.
ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട സർക്കാർ, വീണ്ടും വിലവർധനയുടെ ഭാരം അടിച്ചേൽപ്പിക്കുകയാണ്. ശരിയായ ഭരണനയങ്ങളിലൂടെയും ഫലപ്രദമായ ഇടപെടലുകളിലൂടെയും ജനങ്ങളെ സഹായിക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള നടപടികൾ ഒരുവിധ ന്യായീകരണവും അർഹിക്കുന്നില്ല. ഇന്ധനവില വർദ്ധന നിത്യോപയോഗ സാധനങ്ങളുടെ വിലയും ഗതാഗതച്ചെലവും വീണ്ടും കുതിച്ചുയരാൻ ഇടയാക്കും.
ഇതിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുക തൊഴിലാളികളും കർഷകരും ഇടത്തരം കുടുംബങ്ങളുമാകും. ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന അന്യായ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണം.
അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിലാണ് രാജ്യത്തെ ഇന്ധന വില വർധിപ്പിച്ചത്. 2.86 രൂപ മുതൽ 3.29 രൂപ വരെയാണ് വില കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 110.75 രൂപയും ഡീസൽ വില 99.63 രൂപയുമാണ് പുതുക്കിയ വിലയായി നൽകിയിരിക്കുന്നത്.
നാല് സംസ്ഥാനങ്ങളിലേക്കും പുതുച്ചേരിയിലേക്കും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ധന വില വർധിപ്പിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും വർധിച്ചുവരുന്ന ഇറക്കുമതിച്ചെലവുമാണ് ഇന്ത്യയെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് അധികൃതർ പറയുന്നത്.














Click it and Unblock the Notifications