വീണ്ടും സഭയിൽ സതീശൻ vs പിണറായി; പ്രതിപക്ഷ നേതാവായി എത്തും, തീരുമാനം സംസ്ഥാന കമ്മിറ്റിയിൽ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ച് ഇടതുമുന്നണി. സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ഇതോടെ സതീശനും പിണറായിയും വീണ്ടും സഭയിൽ നേർക്കുനേർ എത്തും. കഴിഞ്ഞ നിയമസഭയിൽ പിണറായി വിജയൻ മുഖ്യമന്ത്രിയും വിഡി സതീശൻ പ്രതിപക്ഷ നേതാവും ആയിരുന്നെങ്കിൽ ഇക്കുറി കസേരകളിൽ ചെറിയൊരു സ്ഥാന വ്യത്യാസം മാത്രമാണ് ഉണ്ടാവുക.
പത്ത് വർഷം മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയൻ ഇനി സഭയിൽ പ്രതിപക്ഷത്തിന്റെ നാവാകും. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ കഴിഞ്ഞ അഞ്ച് വർഷവും വിഡി സതീശൻ-പിണറായി വിജയൻ പോരാട്ടമായിരുന്നു നിയമസഭയിലെ പ്രധാന ഹൈലൈറ്റ്. ഇക്കുറിയും അതിൽ മാറ്റമുണ്ടാവില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ഇരുവർക്കും പക്ഷേ വ്യത്യസ്‌ത ചുമതകൾ ആണെന്ന് മാത്രം. സതീശൻ 102 സീറ്റുകളുടെ തിളക്കത്തോടെ മുഖ്യമന്ത്രി പദം അലങ്കരിക്കുമ്പോൾ പിണറായി പ്രതിപക്ഷത്തിരിക്കും.

തുടർഭരണം എന്ന സ്വപ്‌ന തുല്യമായ നേട്ടത്തിലേക്ക് ഇടത് മുന്നണിയെ എത്തിച്ച ശേഷം ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സമ്പൂർണ പതനത്തിൽ നിൽക്കുന്ന പാർട്ടിയെയും മുന്നണിയെയും ഒരുപോലെ കൈപിടിച്ച് ഉയർത്തി കൊണ്ട് വരിക എന്നതാവും പിണറായിക്ക് മുന്നിലുള്ള വെല്ലുവിളി. മാത്രമല്ല പാർട്ടിയുടെ സകല ഘടകങ്ങളെയും ഒരുമിച്ച് പഴയ ആർജവത്തോടെയും ശക്തിയുടെയും കൊണ്ട് വരികയെന്നതും അദ്ദേഹത്തിന് മുന്നിലെ ലക്ഷ്യങ്ങളിലെ പ്രധാനപെട്ട ഒന്നാണ്.
കനത്ത തോൽവിക്ക് പിന്നാലെ കെഎൻ ബാലഗോപാലിന്റെ പേരായിരുന്നു പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നത്. എന്നാല്‍ അതിന് അധികം ആയുസ് ഉണ്ടായില്ല. ഒടുവിൽ പിണറായി വിജയൻ തന്നെ പ്രതിപക്ഷ നിരയെ നയിക്കട്ടെയെന്ന് സിപിഎം സംസ്ഥാന സമിതി യോഗം തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രി പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെയും ഇടത് മുന്നണി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തെ ആലസ്യത്തിൽ നിന്ന് മുന്നണിയും പ്രവർത്തകരും ഒരുപോലെ ഉണരുമെന്നാണ് പുതിയ പ്രഖ്യാപനത്തോടെ കരുതുന്നത്. എന്നാൽ പിണറായി വിജയനെതിരായ വികാരം ശക്തമായ സാഹചര്യത്തിൽ പാർട്ടിയുടെ തീരുമാനത്തിന് വിമർശനങ്ങൾ നേരിടേണ്ടി വരുമോ എന്നാണ് ചിലരുടെ ചോദ്യം.
അതേസമയം, ജനങ്ങളുടെയും സാധാരണ കോൺഗ്രസ് പ്രവർത്തകരുടെയും മനസറിഞ്ഞുള്ള പ്രഖ്യാപനമാണ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളും സതീശനായി വാദിച്ചിരുന്നു. ഒടുവിൽ കെസി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും അനുനയിപ്പിച്ച ശേഷമായിരുന്നു ഹൈക്കമാൻഡിന്റെ നിർണായക പ്രഖ്യാപനം. എന്തായാലും സഭയിൽ പിണറായി-സതീശൻ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ജനങ്ങൾ.












Click it and Unblock the Notifications