ജോസഫിന് ജനപിന്തുണയില്ല; കുഞ്ഞാലിക്കുട്ടിയുടെ നീക്കവും തിരിച്ചടിയായി; റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ ഘടകക്ഷി നേതാക്കള്‍ക്കെ വരെ ആരോപണങ്ങള്‍ ഉയര്‍ത്തി കെപിസിസി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ കെപിസിസി നിയോഗിച്ച അഞ്ച് മേഖലാ സമിതികള്‍ കഴിഞ്ഞ ദിവസം നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ കുഞ്ഞാലിക്കുട്ടിയും പിജെ ജോസഫും ഉള്‍പ്പടേയുള്ള ഘടകക്ഷി നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉണ്ടെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തൂവെള്ളയില്‍ അതീവ സുന്ദരിയായി രഞ്ജിനി ജോസ്: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

കോണ്‍ഗ്രസ് മാത്രമല്ല, പികെ കുഞ്ഞാലിക്കുട്ടിയും പിജെ ജോസഫും ഉള്‍പ്പടേയുള്ളവരും യുഡിഎഫിന്‍റെ തോല്‍വിക്ക് കാരണമായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞാലിക്കുട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി ലോക്സഭാ അംഗത്വം രാജിവെച്ചത് ഇടതുമുന്നണി വലിയ ആയുധമാക്കി. അധികാരത്തിന് വേണ്ടി ആര്‍ത്തി പിടിച്ച് നടക്കുന്ന നേതാവാണ് കുഞ്ഞാലിക്കുട്ടിയെന്ന പ്രതീതിയുണ്ടാക്കി.

മലപ്പുറത്ത് ലീഗിന് സീറ്റുകള്‍ കുറഞ്ഞില്ലെങ്കിലും വോട്ടുകളില്‍ ഇടിവുണ്ടായത് കൂടി ഈ സാഹചര്യത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ പ്രവര്‍ത്തിയില്‍ മുന്നണിക്കോ അദ്ദേഹത്തിനോ ലീഗിനോ പോലും കൃത്യമായ വിശദീകരണം നല്‍കാന്‍ പോലും കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.

നേരത്തെ ലീഗില്‍ നിന്ന് തന്നെയും കുഞ്ഞാലിക്കുട്ടിക്കെതിരെ സമാനമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കത്തില്‍ പിജെ ജോസഫിനൊപ്പം നില്‍ക്കാനായിരുന്നു യുഡിഎഫ് തീരുമാനം. ഇതാണ് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം മുന്നണി വിടാന്‍ ഇടയാക്കിയത്. ഇത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ തിരിച്ചടിയുണ്ടാക്കി.

തിരഞ്ഞെടുപ്പിന് മുമ്പ് ജോസഫിനെ വിശ്വാസത്തിലെടുത്തായിരുന്നു മുന്നണി പ്രവര്‍ത്തിച്ചത്. വലിയ തോതില്‍ സീറ്റ് നല്‍കിയിട്ടും വിജയിക്കാന്‍ കഴിഞ്ഞത് കേവലം രണ്ടിടത്ത് മാത്രം. ഇതോടെ ജോസഫ് വിഭാഗത്തിന് ജനപിന്തുണയില്ലെന്ന് വ്യക്തമായെന്നും കെപിസിസി റിപ്പോര്‍ട്ടിലുണ്ടെന്നും മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.

കേരള കോണ്‍ഗ്രസില്‍ ശക്തര്‍ ആരാണ് എന്നതിന്‍റെ സൂചനകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തന്നെ വ്യക്തമായിരുന്നു. മധ്യകേരളത്തില്‍ മുന്നണിയുടെ പരമ്പരാഗത വോട്ടുകള്‍ മാണി വിഭാഗത്തിനൊപ്പം എല്‍ഡിഎഫിലേക്ക് പോയി. ഇത് തടയാന്‍ ജോസഫ് വിഭാഗത്തിന് സാധിച്ചില്ല. സംഘടനാപരമായി ശേഷിയില്ലെന്ന വിമര്‍ശനവും ജോസഫ് വിഭാഗത്തിന് എതിരായുണ്ട്.

ഇതോടെ കെപിസിസി സമിതി റിപ്പോര്‍ട്ട് കോണ്‍ഗ്രസില്‍ മാത്രമല്ല, യുഡിഎഫിലും തര്‍ക്കങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ഇടയാക്കുമെന്ന കാര്യം ഉറപ്പായി. കേരള കോൺഗ്രസ് ജോസ് പക്ഷത്തെ പരോക്ഷമായി പിന്തുണച്ച റിപ്പോർട്ടിൽ ജോസഫ് വിഭാഗം കടുത്ത അമർഷത്തിലാണ്. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ റിപ്പോര്‍ട്ടില്‍ ലീഗില്‍ പ്രതികരണം ഒന്നും ഇല്ല.

യുഡിഎഫില്‍ ഉറച്ച് നില്‍ക്കുന്ന നിലപാട് സ്വീകരിച്ചവരാണ് ഞങ്ങള്‍. അങ്ങനെയുള്ള തങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമം തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഉണ്ടായിട്ടുണ്ട്. അതിന്‍റെ ബാക്കിപത്രമാണ് ഇതെന്നുമാണ് ജോസഫ് വിഭാഗം ആരോപിക്കുന്നത്. തോല്‍വിയില്‍ ഘടകകക്ഷികളെ പഴിച്ച് തടിതപ്പാനുള്ള കോൺഗ്രസിന്റെ തന്ത്രമാണ് ഇതെന്നും ഇവർ പറയുന്നു .

അതേസമയം, പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ മുന്നേറ്റങ്ങള്‍ പോലും പല മണ്ഡലങ്ങളിലും നിലനിര്‍ത്താന‍് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പലയിടത്തും വ്യക്തമായ കാല് വാരല്‍ നടന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കോണ്‍ഗ്രസില്‍ നിന്നുള്ള ശക്തമായ നേതാക്കളെ സ്ഥാനാര്‍ത്ഥിയാക്കാമായിരുന്നു പാലക്കാട്, പൊന്നാനി, നിലമ്പൂർ, നെടുമങ്ങാട്, കാട്ടാക്കട തുടങ്ങിയ മണ്ഡലത്തില്‍ കാലുവാരല്‍ ഉണ്ടായെന്നാണ് കണ്ടെത്തല്‍.

കാട്ടാക്കടയില്‍ നല്ല വിജയസാധ്യതയുണ്ടായിരുന്നു നേതാവായിരുന്നു ആന്‍സിജിത റസല്‍. എന്നാല്‍ അവരെ പാറശ്ശാലയില്‍ മത്സരിപ്പിക്കാനുള്ള തീരുമാനം തിരിച്ചടിയായി. കുന്നത്തുനാട്ടില്‍ ട്വന്‍റി-ട്വന്‍റിയുടെ സാന്നിധ്യമാണ് പരാജയത്തിന് കാരണം. അവരുടെ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ടാല്‍ അതിനെ മറികടക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.












Click it and Unblock the Notifications