കേരളത്തില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്; പ്രതിഷേധം ശക്തമാക്കുമെന്ന് കെഎസ്‌യു
തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ ഇന്ന് കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്. സംസ്ഥാന വ്യാപകമായാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് കെ എസ് യു ആഹ്വാനം ചെയ്തിരിക്കുന്നത്. സീറ്റ് പ്രതിസന്ധിയില്‍ പരിഹാരമായില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
സംസ്ഥാന വ്യാപകമായി പ്രഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെ എസ് യുവിനൊപ്പം എം എസ് എഫും പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സമരം ശക്തമാക്കുകയാണ്. കെ എസ് യു സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പ്രതിഷേധ പരിപാടികള്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

അതിനിടെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിവിധ വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തിയേക്കും. സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ ശക്തമായ സമരമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോടും മലപ്പുറത്തും വയനാട്ടിലും തിരുവനന്തപുരത്തും ഉള്‍പ്പെടെ കെ എസ് യു നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെ പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടിയിരുന്നു.
പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ അനങ്ങുന്നില്ല എന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ ആരോപണം. ഞായറാഴ്ച കെ എസ് യു പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ചിരുന്നു. ഇതില്‍ തിരുവനന്തപുരം കെ എസ് യു ജില്ലാ പ്രസിഡന്റിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലത്ത് ഇന്നലെ കളക്ടറേറ്റിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
കോഴിക്കോട് ഇന്നലെ കെ എസ് യു പ്രവര്‍ത്തകര്‍ ആര്‍ ഡി ഡി ഓഫീസ് ഉപരോധിച്ചു. പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കണ്ണൂരിലും മലപ്പുറത്തും എം എസ് എഫ് പ്രവര്‍ത്തകരും ഇന്നലെ ആര്‍ ഡി ഡി ഓഫിസ് ഉപരോധിച്ചിരുന്നു. മലപ്പുറത്തും കോഴിക്കോടും റോഡ് ഉപരോധിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴ ഡി ഡി ഇ ഓഫീസിലേക്ക് കെഎസ്‌യു ഇന്നലെ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ഉന്തും തളളുമുണ്ടായി. പൊലീസ് ബാരിക്കേഡ് പ്രവര്‍ത്തകര്‍ മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സീറ്റ് പ്രതിസന്ധി ഏറെയുള്ള മലപ്പുറത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇവിടെ എസ് എഫ് ഐയും സമരരംഗത്തുണ്ട്.
മലപ്പുറം കളക്ട്രേറ്റിലേക്ക് എസ് എഫ് ഐ നടത്തിയ മാര്‍ച്ചില്‍ നൂറ് കണക്കിന് പേര്‍ പങ്കെടുത്തു. സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിക്കുന്നതിനിടെയാണ് എസ് എഫ് ഐയും സമരത്തിനിറങ്ങിയത്. ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് വിദ്യാര്‍ത്ഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങള്‍ സമരം ചെയ്യാത്തതെന്ന് എസ് എഫ് ഐ സംസ്ഥാന നേതാവ് അഫ്‌സല്‍ പറഞ്ഞു.
അതേസമയം കാര്യങ്ങള്‍ അറിയാതെയാണ് എസ് എഫ് ഐ പ്രതിഷേധമെന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം. പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും മലപ്പുറം അടക്കമുള്ള ജില്ലകളില്‍ സീറ്റ് കിട്ടാതെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പുറത്ത് നില്‍ക്കുകയാണ്.












Click it and Unblock the Notifications