പ്രമുഖ വ്‌ളോഗർ മുകേഷ് എം നായർക്കെതിരെ പോക്‌സോ കേസ്; 'അനുവാദമില്ലാതെ ദേഹത്ത് സ്‌പർശിച്ചു'
തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും പ്രമുഖ വ്‌ളോഗറുമായ മുകേഷ് എം നായര്‍ക്കെതിരേ പോക്‌സോ കേസെടുത്ത് പോലീസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും ചിത്രീകരണസമയത്ത് അനുമതിയില്ലാതെ ദേഹത്ത് സ്‌പര്‍ശിച്ചെന്നുമുള്ള പരാതിയിൽ മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കളാണ് മുകേഷ് എം നായർക്കെതിരെ പരാതി നൽകിയത്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ചിത്രീകരണത്തിനായി എത്തിച്ച കോഡിനേറ്റർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.മോഡലിംഗിന്റെ മറവില്‍ മോശം ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ മൊഴിയും മുകേഷ് എം നായർക്കെതിരാണ്. കോവളത്തെ റിസോര്‍ട്ടിൽ വച്ചായിരുന്നു റീൽസ് ചിത്രീകരണം നടന്നത്.

കേസിൽ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. നിലവില്‍ കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തുകയാണെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു. എന്നാൽ അറസ്‌റ്റ് അടക്കമുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കുമോ എന്ന കാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല.
ഒന്നര മാസം മുൻപാണ് കേസിന് ആസ്‌പദമായ റീൽസ് ചിത്രീകരണം കോവളത്തെ റിസോർട്ടിൽ വച്ച് നടന്നത്. മുകേഷ് എം നായരും ഈ വീഡിയോയിൽ അഭിനയിച്ചിരുന്നു. കേസിലെ ഇരയായ പെൺകുട്ടിയെ ഇവിടേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് സമ്മതമില്ലാതെ അർധനഗ്ന ഫോട്ടോ എടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
ഈ നടപടി കുട്ടിക്ക് മാനസിക പ്രയാസമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നുണ്ട്. കേസിൽ പ്രതിയായ മുകേഷ് എം നായർ നിലവിൽ ഒളിവിലാണെന്നാണ് സൂചന. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം ആരംഭിച്ചു കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സും ആരാധകരുമുള്ള വ്‌ളോഗർ കൂടിയാണ് ഇയാൾ.
നേരത്തെ സാമൂഹിക മാധ്യമങ്ങള്‍ വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചെന്ന സംഭവത്തില്‍ മുകേഷ് എം നായർക്കെതിരെ എക്സൈസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. കൊല്ലത്ത് ഉദ്ഘാടനം ചെയ്‌ത ബാറിലെ ദൃശ്യങ്ങൾ പങ്കുവച്ചതിന് ഉള്‍പ്പെടെയായിരുന്നു നടപടി. കൊട്ടാരക്കരയിലും തിരുവനന്തപുരത്തുമായിരുന്നു ഇയാൾക്കെതിരെ കേസെടുത്തത്. ശേഷവും മദ്യപാനവുമായി ബന്ധപ്പെട്ട വീഡിയോകൾ ഇയാൾ ധാരാളമായി പങ്കുവച്ചിരുന്നു.
അതേസമയം, പോക്സോ കേസ് വാർത്ത പുറത്തുവന്നതിന് പിന്നാലെ മുകേഷ് എം നായരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. പലരും ഇയാളെ കടുത്ത ഭാഷയിൽ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ്. നിരവധി പേരാണ് മുകേഷിന്റെ വീഡിയോകളിൽ കമന്റിലൂടെ പ്രതികരിച്ചിരിക്കുന്നത്.












Click it and Unblock the Notifications