കിളിമാനൂര്‍ കൊലപാതകം മോഷണമല്ല ലക്ഷ്യം, ആസൂത്രിമെന്ന് പൊലീസ്
തിരുവനന്തപുരം: കിളിമാനൂര്‍ റിട്ട.ഡെപ്യൂട്ടി തഹസില്‍ദാരെ വെട്ടിക്കൊലപ്പെടുത്തുകയും ഭര്‍ത്താവിനെ ആക്രമിയ്ക്കുകയും ചെയ്ത സംഭവം മോഷണശ്രമമല്ലെന്ന് പൊലീസ്. ആസൂത്രിതമായ ആക്രമണമാണെന്ന് അന്വേഷണ സംഘം. സ്വര്‍ണപ്പണയ സ്ഥാപനം നടത്തുകയാണ് തഹസില്‍ദാരുടെ ഭര്‍ത്താവ്. എന്നാല്‍ കണക്കിന്‍പ്രകാരമുള്ള സ്വര്‍ണമോ പണമോ നഷ്ടമായിട്ടില്ല.
കൊല്ലപ്പെട്ട തഹസില്‍ദാര്‍ ശൈലജ(57)യുടെ ശരീരത്തുണ്ടായിരുന്ന ആഭരണങ്ങളും പൂര്‍ണമായി നഷ്ടമായിട്ടില്ല. ശൈലജയുടെ ഭര്‍ത്താവ് മോഹന്‍കുമാറി(62)ന്റെ ശരീരത്തുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടമായി. ഇത് അന്വേഷണത്തെ വഴിതെറ്റിയ്ക്കാനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വാളുപോലുള്ള മൂര്‍ച്ചയേറിയ ആയുധമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് സൂചന. ആക്രമണ സമയത്ത് നിലവിളിയോ മറ്റ് ശബ്ദങ്ങളോ കേട്ടിട്ടില്ലെന്ന് സമീപ വാസികള്‍ പറയുന്നു. സംഭവ ദിവസം ദമ്പതിമാരുടെ വീടിന്റെ പരിസരത്ത് അജ്ഞാതനായ ഒരു യുവാവിനെ കണ്ടിരുന്നു. നാട്ടുകാരനാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നു.
ഇയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. പൊലീസ് നായ വീട്ടില്‍ നിന്നും 500 മീറ്ററോളം അകലെയുള്ള ആറ്റിന്‍കരയിലെ കോളനി പ്രദേശത്ത് വരെ പോയി നിന്നു. ശൈലജ മുന്‍പ് കൊടുവഴന്നൂര്‍ വില്ലേജ് ഓഫീസര്‍ ആയിരുന്ന സമയത്ത് വസ്തു ഇടാപാടുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായിരുന്നത്രേ.
വീട്ടിലെ എല്ലാ മുറികളിലും വെട്ടുകത്തികളും കത്തികളും സൂക്ഷിച്ചിരുന്നു. കുടുംബത്തിന് ഭീഷണി നിലനിന്നിരുന്നതായും സംശയിക്കുന്നു. ബന്ധുക്കളുമായി അകന്നു കഴിയുകയായിരുന്നു ദമ്പതിമാര്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശൈലജയുടെ മൃതദേഹം അവര്‍ അവസാനമായി ജോലി ചെയ്തിരുന്ന ആറ്റിങ്ങല്‍ താലൂക്ക് ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് 2.15 മണിയോടെ പുല്ലയിലെ കുടുംബ വീട്ടില്‍ എത്തിച്ച് സംസ്‌ക്കരിച്ചു.












Click it and Unblock the Notifications