സോളാര്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; സരിതയെ അറസ്റ്റ് ചെയ്തത് തൊട്ട് വിവാദം
കായംകുളം: പ്രമാദമായ സോളാര്‍ കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ റിട്ട. ഡി വൈ എസ് പി കെ ഹരികൃഷ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയില്‍വേ ലെവല്‍ ക്രോസില്‍ നിന്ന് ഇന്നലെ രാത്രിയോടെ ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ മൃതദേഹം കണ്ടെത്തിയിരുന്നു.
എന്നാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ നടത്തിയ വിശദ പരിശോധനയില്‍ ആണ് ഹരികൃഷ്ണന്‍ മരിച്ചത് എന്ന് സ്ഥിരീകരിക്കുന്നത്. റെയില്‍വേ ട്രാക്കിന് സമീപം നിര്‍ത്തിയിട്ട നിലയില്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ കാര്‍. കാറില്‍ നിന്ന് ഒരു കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അടുത്ത കാലത്തായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഹരികൃഷ്ണന്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

മാനസിക സമ്മര്‍ദ്ദം കാരണം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഹരികൃഷ്ണന്‍ പെരുമ്പാവൂര്‍ ഡി വൈ എസ് പി ആയിരുന്നു. സോളാര്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഹരികൃഷ്ണന് എതിരെ ഉയര്‍ന്നിരുന്നു. കേസിലെ പ്രതിയായിരുന്ന സരിത എസ് നായരെ അറസ്റ്റ് ചെയ്തത് മുതല്‍ ഹരികൃഷ്ണന്‍ വിവാദത്തിലായിരുന്നു.
അര്‍ധരാത്രി തിടുക്കപ്പെട്ട് സരിതയെ അറസ്റ്റു ചെയ്തത് ഉന്നതരെ സംരക്ഷിക്കാനാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. തലശേരിയില്‍ നിന്ന് എസ് ഐ ബിജു ലൂക്കോസിന്റെ നേതൃത്വത്തില്‍ സരിതയെ അറസ്റ്റ് ചെയ്യാന്‍ പുറപ്പെട്ട പൊലീസ് സംഘത്തെ മറികടന്നു ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം തിരക്കിട്ടു സരിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സരിതയുടെ ലാപ്‌ടോപ്പ് സംബന്ധിച്ച വിവാദങ്ങളിലും ഹരികൃഷ്ണന് എതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടായിരുന്നു.
സോളാര്‍ കമ്മിഷനിലും ഹരികൃഷ്ണന് വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നു. എഡിജിപി കെ. പത്മകുമാറും താനും നടത്തിയ ഗൂഢാലോചനയുടെ ഫലമായാണു ധൃതി പിടിച്ചു സരിതയെ അറസ്റ്റ് ചെയ്തതെന്ന ആരോപണം ഹരികൃഷ്ണന്‍ സോളാര്‍ കമ്മിഷനു മുന്‍പില്‍ നിഷേധിച്ചിരുന്നു. പിന്നീടാണ് ഹരികൃഷ്ണന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പരാതി ഉയര്‍ന്ന് വന്നത്.
Vastu Tips: തുളസിക്ക് സമീപം ഈ ചെടികളുണ്ടോ..? എന്നാല്‍ വേഗം പിഴുതെറിഞ്ഞോ, ഇല്ലെങ്കില്‍ ദോഷം
ഈ പരാതിയില്‍ ഹരികൃഷ്ണന് എതിരെ വിജിലന്‍സ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇയാള്‍ താമസിക്കുന്ന ഫ്ളാറ്റിലും കായംകുളത്തും ഹരിപ്പാടുമുള്ള വീടുകളിലും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. വസ്തു ഇടപാടുകളുമായും വരവ് ചെലവുമായും ബന്ധപ്പെട്ട ഒട്ടേറെ രേഖകള്‍ അന്ന് വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. പിന്നീട് ഹരികൃഷ്ണന്‍ സസ്‌പെന്‍ഷനിലുമായി.












Click it and Unblock the Notifications