കാനത്തിന് വിട ചൊല്ലി രാഷ്ട്രീയ കേരളം; ഇനി ജ്വലിക്കുന്ന ഓർമ്മ, സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി
കോട്ടയം: അന്തരിച്ച മുതിർന്ന സിപിഐ നേതാവ് കാനം രാജേന്ദ്രന് വിടചൊല്ലി രാഷ്ട്രീയ കേരളം. ഔദ്യോഗിക ബഹുമതികളോടെ വീട്ടു വളപ്പിലാണ് സംസ്‌കാരം നടന്നത്. വൈകാരിമായ യാത്രയയപ്പാണ് കാനത്തിന് നൽകിയത്. മുഖ്യമന്ത്രിയും, സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും അടക്കമുള്ളവർ അന്ത്യാജ്ഞലി അർപ്പിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും അന്തിമ ചടങ്ങുകൾക്ക് സാക്ഷികളായി.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് കാനത്തിന്റെ വസതിയിലെത്തിയത്. ആയിരക്കണക്കിന് ജനങ്ങളാണ് പ്രിയ സഖാവിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്. തുടർന്ന് രാവിലെ പത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. മന്ത്രിമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവരും കാനത്തിന്റെ വസതിയിലെത്തി.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു കാനത്തിന്റെ അന്ത്യം. പ്രമേഹത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. കടുത്ത ഹൃദ്രോഗം രോഗാവസ്ഥ കൂടുതൽ വഷളാക്കി. ഒടുവിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ആളായിരുന്നു കാനം രാജേന്ദ്രൻ.
ആരോഗ്യകാരണങ്ങളാൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മൂന്ന് മാസമായി അവധിയെടുത്തിരിക്കുകയയായിരുന്നു കാനം രാജേന്ദ്രൻ. പ്രമേഹമായിരുന്നു അദ്ദേഹത്തെ കാര്യമായി ബുദ്ധിമുട്ടിച്ചത്. തുടർന്ന് വലതുകാൽ മുറിച്ച് മാറ്റേണ്ടി വന്നിരുന്നു.
കാൽപാദം മുറിച്ചുമാറ്റിയെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ട് വരുകയായിരുന്നു. കൃത്രിമ കാൽപാദം ഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. ഇതോടെ മൂന്ന് മാസത്തെ അവധി അപേക്ഷിച്ച് സംസ്ഥാന നേതൃത്വത്തിന് അദ്ദേഹം കത്ത് കൈമാറുകയും ചെയ്‌തു. ഇതിനിടയിലാണ് നിനച്ചിരിക്കാതെ മരണവാർത്ത വന്നെത്തുന്നത്.
എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് കാനം രാഷ്ട്രീയരംഗത്ത് കാലെടുത്ത് വയ്ക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനത്തിനൊപ്പം ഉറച്ചു നിൽക്കാനുള്ള മനസ് കാനത്തെ അടുപ്പിച്ചത് സിപിഐയുടെ പാളയത്തിലേക്കായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരിക്കെ തന്നെ 1971ല്‍ തന്റെ 21-ാം വയസ്സില്‍ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ സാന്നിധ്യമറിയിച്ചു കാനം.
മുതിർന്ന നേതാവ് എന്‍ഇ ബല്‍റാം പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ 1975ല്‍ എംഎന്‍. ഗോവിന്ദന്‍ നായര്‍, ടിവി തോമസ്, സി അച്യുതമേനോന്‍ എന്നീ അതികായർക്കൊപ്പം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലും കാനം രാജേന്ദ്രൻ ഉള്‍പ്പെട്ടു.
ശാരീരിക അവശതയ്ക്ക് ഇടയിലും സ്ഥാനത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു അണികളും, മറ്റ് നേതാക്കളുമെല്ലാം. എന്നാൽ അപ്രതീക്ഷിതമായാണ് ഇതിനിടയിൽ വിയോഗ വാർത്ത എത്തിയത്. കാൽപാദം മുറിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന കാനത്തിന് പകരം തൽക്കാലം ചുമതല നൽകേണ്ടെന്നായിരുന്നു പാർട്ടിയുടെ തീരുമാനം.












Click it and Unblock the Notifications