എസ് രാജേന്ദ്രൻ ബിജെപിക്ക് കൈ കൊടുക്കുമോ? നേതാക്കളുമായി കൂടിക്കാഴ്‌ച, രാഷ്ട്രീയകാര്യം അല്ലെന്ന് വിശദീകരണം
ഇടുക്കി: ദേവികുളം മുൻ എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ എസ് രാജേന്ദ്രനെ സന്ദർശിച്ച് ബിജെപി നേതാക്കൾ. രാജേന്ദ്രൻ ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ബിജെപി നേതാക്കൾ നേരിട്ട് അദ്ദേഹത്തെ കാണാൻ എത്തിയതെന്നാണ് ശ്രദ്ധേയമായ കാര്യം. മൂന്നാറിലെ രാജേന്ദ്രന്റെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച നടന്നത്.
നേരത്തെ വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സിപിഎം രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയിലേക്ക് മുതിർന്ന നേതാവ് കൂടുമാറിയാൽ ഉണ്ടാവുന്ന രാഷ്ട്രീയ തിരിച്ചടി ഓർത്ത് സിപിഎം തന്നെ അനുനയ നീക്കവുമായി രംഗത്തെത്തി. പിന്നീട് സിപിഎം വേദിയിൽ രാജേന്ദ്രൻ പ്രത്യക്ഷപ്പെട്ടെങ്കിലും പ്രശ്‌നങ്ങൾ പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് ലഭ്യമായ വിവരം.

ഇതിനിടെയാണ് ബിജെപി നേതാക്കൾ രാജേന്ദ്രനെ വീട്ടിലെത്തി നേരിട്ട് കണ്ടത്. ബിജെപി മധ്യമേഖല പ്രസിഡന്റ് ഹരിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവിയുമാണ് രാജേന്ദ്രന്റെ ഇക്കാനഗറിലെ വീട്ടിലെത്തിയത്. കൂടിക്കാഴ്ച്ചയിൽ രാഷ്ട്രീയം ചർച്ചയായില്ലെന്നാണ് രാജേന്ദ്രൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്.
തിരഞ്ഞെടുപ്പ് സമയത്ത് മൂന്നാറിൽ ചില അക്രമ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ പരിശോധിക്കാനാണ് ഇരുവരും തന്റെ വീട്ടിൽ എത്തിയതെന്നുമാണ് രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഇടത് കേന്ദ്രങ്ങൾ ഉൾപ്പെടെ ഈ കാര്യങ്ങൾ ഒരൽപം സംശയ ദൃഷ്‌ടിയോടെയാണ് നോക്കി കാണുന്നത്.
നേരത്തെ തന്നെ രാജേന്ദ്രൻ പാർട്ടി വിടുമെന്നും ബിജെപിയിൽ ചേരുമെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറുമായി രാജേന്ദ്രൻ ഡൽഹിയിൽ വച്ച് കൂടിക്കാഴ്‌ച നടത്തിയതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. എന്നാൽ ഈ റിപ്പോർട്ടുകൾ നിഷേധിച്ച രാജേന്ദ്രൻ പാർട്ടിയിൽ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു പ്രതികരിച്ചത്.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ പാർട്ടി നേതൃത്വത്തോടുള്ള അതൃപ്‌തി അദ്ദേഹം പ്രകടമാക്കിയിരുന്നു. സംഘടനാപ്രവര്‍ത്തനത്തിന് പാര്‍ട്ടി അനുവദിക്കുന്നില്ലെന്നും താന്‍ പേരിന് സിപിഎമ്മില്‍ ഉണ്ടെന്ന് പറയാമെന്നുമായിരുന്നു രാജേന്ദ്രന്‍ ആരോപിച്ചത്. പാർട്ടിയിൽ അംഗത്വം എടുക്കുന്നതിന് ചിലർ തടസമായി നിൽക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
പാർട്ടിക്ക് വേണ്ടി കുറച്ചുനാൾ കൂടി കാത്തിരിക്കുമെന്നും, ഈ കാത്തിരിപ്പിന് ശേഷം തീരുമാനമെടുക്കും എന്നുമായിരുന്നു അന്ന് രാജേന്ദ്രന്‍ നിലപാടെടുത്തത്. ബിജെപിയാണോ അല്ലെങ്കിൽ മറ്റേതെങ്കിലും പാര്‍ട്ടിയാണോ വേണ്ടത് എന്നത് സാഹചര്യത്തിന് അനുസരിച്ച് തീരുമാനിക്കും എന്നും അദ്ദേഹം നിലപാട് വ്യക്തമാക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications