12 കോടി ഒന്നാം സമ്മാനം, 1 കോടി രണ്ടാം സമ്മാനം; പൂജ ബമ്പർ ഫലത്തിന് മണിക്കൂറുകൾ മാത്രം, എപ്പോൾ അറിയാം?
തിരുവനന്തപുരം: ഭാഗ്യാന്വേഷികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൂജ ബമ്പർ ലോട്ടറിയുടെ ഫലം നാളെ അറിയാം. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നവംബർ 22 വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ വച്ചാണ് നടക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ ആയതിനാൽ പെരുമാറ്റ ചട്ടത്തെ തുടർന്ന് ഔപചാരിക ചടങ്ങുകൾ ഒന്നും തന്നെ ഇല്ലാതെയായിരിക്കും പൂജ ബമ്പർ നറുക്കെടുപ്പ് നടക്കുക എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
ഓണം ബമ്പറിന് ശേഷം നടക്കുന്ന ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് പൂജാ ബമ്പറിന്റേത്. അതുകൊണ്ട് തന്നെ വളരെ പ്രതീക്ഷയിലാണ് സംസ്ഥാനത്തെ ഭാഗ്യാന്വേഷികൾ. ഓണം ബമ്പറിന്റെ അത്രയും സമ്മാനത്തുക ഇല്ലെങ്കിലും പൂജ ബമ്പറും ഒട്ടും മോശമല്ല. ഇത് വിൽപ്പനയിലും മറ്റും പ്രകടമാണ് താനും. കൂടാതെ ഇതിന് ഓണം ബമ്പർ ലോട്ടറിയുടെ അത്രയും ഉയർന്ന വില അല്ല താനും. 300 രൂപയാണ് പൂജ ബമ്പർ വില.

സമ്മാനങ്ങൾ ഇങ്ങനെ
പന്ത്രണ്ട് കോടി രൂപയാണ് പൂജാ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനം നേടുന്നയാൾക്ക് കിട്ടുക. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം). നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉൾപ്പെടെ ആകെ 332130 സമ്മാനങ്ങളാണ് പൂജ ബമ്പറിൽ നല്‍കുന്നത്.
കഴിഞ്ഞ വർഷത്തെ പൂജ ബമ്പർ അടിച്ചത് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലായിരുന്നു. കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറായിരുന്നു 12 കോടിയുടെ ഭാഗ്യവാൻ. കൊല്ലത്ത് വിറ്റ ജെസി 325526 എന്ന ടിക്കറ്റിനായിരുന്നു ബമ്പർ അടിച്ചത്. ഇത്തവണ എവിടെയാകും ബമ്പർ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. മണിക്കൂറുകൾ മാത്രം ശേഷിക്കെ ഭാഗ്യം തങ്ങളെ തേടി വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഫലം എവിടെ അറിയാം?
നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് നറുക്കെടുപ്പ് വന്നാൽ പിന്നെ ഭാഗ്യക്കുറിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന നിങ്ങൾക്ക് ഫലങ്ങൾ പരിശോധിക്കാൻ സാധിക്കും. ഇത്തവണ പതിവിലും കുറഞ്ഞ വിൽപ്പനയാണ് പൂജ ബമ്പറിന് ഉണ്ടായിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. അവസാന നിമിഷത്തെ തള്ളിക്കയറ്റം ഒഴിച്ച് നിർത്തിയാലും പ്രതീക്ഷിച്ച നിലവാരത്തിലാണ് പൂജ ബമ്പർ വിൽപ്പന എത്തിയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അടിച്ചാൽ 12 കോടിയും കിട്ടുമോ?
പൂജ ബമ്പർ മാത്രമല്ല കേരളത്തിലെ ലോട്ടറികളിൽ ബമ്പറിന്റെ ഒന്നാം സമ്മാനം അടിച്ചാൽ അത് മുഴുവനായും ഭാഗ്യശാലിക്ക് കൈയിൽ ലഭിക്കില്ലെന്നതാണ് യാഥാർഥ്യം. ഇതിൽ പകുതിയോളം തുകയും സർക്കാരിലേക്കാണ് പോവുക. 12 കോടി ഒന്നാം സമ്മാനം ലഭിച്ചാൽ ആദ്യം ഏജന്റ് കമ്മീഷൻ കുറയ്‌ക്കേണ്ടി വരും. സാധാരണഗതിയിൽ സമ്മാനത്തുകയുടെ 10 ശതമാനമാണ് കമ്മീഷൻ ഈടാക്കുന്നത്. ഇവിടെ ഇത് 12 കോടിയായതിനാൽ കമ്മീഷനായി ഈടാക്കുന്നത് 1.2 കോടി രൂപയായിരിക്കും.
ബാക്കി 10.8 കോടി രൂപയിൽ നിന്ന് നികുതി ഉൾപ്പെടെയുള്ളവ ഈടാക്കും. 30 ശതമാനം നിരക്കിൽ 3.24 കോടി രൂപയോളം ടിഡിഎസ് ആയി മാത്രം നൽകേണ്ടി വരും. കൂടാതെ നികുതി അടക്കുമ്പോൾ സർചാർജും നൽകം. 50 ലക്ഷം രൂപക്ക് മുകളിൽ വരുമാനമുള്ളവർ 37 ശതമാനം സർചാർജ് നൽകണമെന്നാണ് നിയമം. ഇത് ഏകദേശം 1.19 കോടി രൂപയോളം വരുമെന്നാണ് കണക്കാക്കുന്നത്.
അവിടെ കൊണ്ട് തീർന്നെന്ന് കരുതിയാൽ തെറ്റി. ശേഷം 4 ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസ് നൽകേണ്ടി വരും. ഇത് ഏകദേശം 14.40 ലക്ഷം രൂപയോളം അടക്കേണ്ടി വരും. ഇത്രയും പൂർത്തിയായാൽ ബാക്കി ഭാഗ്യശാലിയുടെ അക്കൗണ്ടിലുണ്ടാവുന്ന സമ്മാനത്തുക ഏകദേശം 6.22 കോടി രൂപയാണെന്ന് കണക്കാക്കുന്നു. ഏതാണ്ട് പകുതിയോളം തുകയാണ് നികുതി ഇനത്തിൽ പിടിക്കുന്നത്. ഈ തുക നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.












Click it and Unblock the Notifications