പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ വ്യാപക അക്രമം; കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറ്
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വ്യാപക അക്രമം. പലയിടത്തും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. അതേസമയം നിര്‍ബന്ധിപ്പിച്ച് കട അടച്ചാല്‍ നേരിടുമെന്ന് കഴിഞ്ഞ ദിവസം തന്നെ പോലീസ് മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ പോലീസിന്റെ സുരക്ഷ അത്രത്തോളം ശക്തമല്ല.
കോഴിക്കോട്, വയനാട്,തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് ഉണ്ടായത്. കോഴിക്കോട് തന്നെ മൂന്നിടത്തായിട്ടാണ് കല്ലേറുണ്ടായത്. സിവില്‍ സ്‌റ്റേഷന് സമീപത്തെ കല്ലേറില്‍ കെഎസ്ആര്‍ടി ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു.

കോഴിക്കോട്ട് ലോറിക്ക് നേരെയും കല്ലേറുണ്ടായി. കല്ലേറില്‍ കെഎസ്ആര്‍ടിസി ബസ്സുകളും ചില്ലുകള്‍ തകര്‍ന്നു. പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ്സിന് നേരെയും കല്ലേറുണ്ടായി. ബൈക്കില്‍ എത്തിയവരാണ് കല്ലെറിഞ്ഞത്.
സ്വകാര്യ ബസ്സിന്റെ ചില്ലുകളും തകര്‍ന്നു. പിഎസ്എസ് പരീക്ഷ നടക്കേണ്ട സ്‌കൂളിന് മുന്നില്‍ അക്രമമുണ്ടായി. പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കില്‍ അക്രമികളെ പിടിക്കാനായിട്ടില്ല. കോഴിക്കോട് കല്ലായിയിലാണ് ലോറിയുടെ ചില്ല് എറിഞ്ഞ് തകര്‍ത്തത്.
തിരുവനന്തപുരത്ത് മൂന്നിടത്തായിട്ടാണ് കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. ബൈക്കില്‍ വന്ന രണ്ട് പേരാണ് കല്ലെറിഞ്ഞതെന്ന് ഡ്രൈവര്‍ പറഞ്ഞു. മുന്നിലും പിന്നിലുമായിട്ടായിരുന്നു കല്ലേറ്. ഈ സമയം ബസ്സില്‍ യാത്രക്കാരുണ്ടായിരുന്നു. തലസ്ഥാനനഗരയില്‍ ഒരു കാറും ഒരു ഓട്ടോറിക്ഷയും സമരാനുകൂലികള്‍ എറിഞ്ഞ് തകര്‍ത്തു.
വിമാനത്താവളത്തിലേക്ക് പോയ കാറിന് നേരെയായിരുന്നു ആക്രമണം. എറണാകുളത്തും വ്യാപക അക്രമം അരങ്ങേറി. രണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍, ടാങ്കര്‍ ലോറി, ട്രെയിലര്‍ ലോറി എന്നിവയുടെ ചില്ല് തകര്‍ന്നു. കല്ലെറിഞ്ഞ ശേഷം പോലീസിന്റെ കണ്ണിപ്പെടാതെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.
പന്തളത്തും കെഎസ്ആര്‍ടിസി ബസ്സിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്തു. കാട്ടാക്കടയില്‍ സര്‍വീസ് നടത്താന്‍ തുടങ്ങിയ ബസ്സുകള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെത്തി തടഞ്ഞു. ചാലക്കമ്പോളത്ത് ഹര്‍ത്താലുമായി സഹകരിക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കച്ചവടക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഇവിടെ തുറന്ന് പ്രവര്‍ത്തിക്കുന്ന കടകള്‍ ചുരുക്കമാണ്.
പച്ചക്കറിയുമായി ചുരുക്കം ചില വാഹനങ്ങളാണ് എത്തിയത്. സര്‍വീസ് നടത്താന്‍ സുരക്ഷയൊരുക്കുമെന്ന പോലീസ് പ്രഖ്യാപനം വെറുതെയായിരിക്കുകയാണ്. സര്‍വീസ് നടത്തേണ്ടതില്ലെന്ന് കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍മാരോട് പോലീസ് തന്നെ അറിയിച്ചിരിക്കുകയാണ്.












Click it and Unblock the Notifications