ഫ്യൂഡല്‍ തറവാട്ടിലെ സവര്‍ണ നായര്‍ വേഷത്തില്‍ അംബേദ്കര്‍; കവര്‍ പേജ് വിവാദമാകുന്നു
തിരുവനന്തപുരം: ഉണ്ണി ആറിന്റെ മലയാളി മെമ്മോറിയല്‍ എന്ന പുസ്തകത്തിന്റെ കവര്‍ പേജില്‍ സവര്‍ണ വേഷത്തില്‍ അവതരിപ്പിച്ച ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദ്കറുടെ ചിത്രം വിവാദമാകുന്നു. ഡി സി ബുക്സ് പുറത്തിറക്കിയ പുസ്തകത്തില്‍ ബി ആര്‍ അംബേദ്കറെ കസവു ധോത്തിയും ഷര്‍ട്ടും ധരിച്ച് ഒരു ഫ്യൂഡല്‍ വീടിന്റെ പശ്ചാത്തലത്തില്‍ ഇരിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.
വ്യത്യസ്തമായ കവര്‍പേജുകള്‍ കൊണ്ട് പ്രശസ്തനായ സൈനുല്‍ ആബിദിന്റെതാണ് ഡിസൈന്‍. കവര്‍ പേജ് ഇതിനോടകം വിമര്‍ശനം ഏറ്റ് വാങ്ങുന്നുണ്ട്. അംബേദ്കറുടെ പൈതൃകം ഉള്‍ക്കൊള്ളാനുള്ള സവര്‍ണ്ണ നായര്‍ സമുദായത്തിന്റെ ബോധപൂര്‍വമായ ശ്രമം ആണിത് എന്നാണ് ചിലര്‍ പറയുന്നത്. അതേസമയം ഇത് ഒരു മാര്‍ക്കറ്റിംഗ് തന്ത്രമാണെന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു.

അംബേദ്കറെ ഇങ്ങനെ ചിത്രീകരിക്കുന്നത് കുറ്റകരമാണ് എന്ന് ദളിത് പ്രവര്‍ത്തകനായ സണ്ണി എം കപിക്കാട് ഇന്ത്യാ ടുഡേയോട് പറഞ്ഞു. അംബേദ്കറെ പിന്തുടരുന്ന ആളുകള്‍ക്ക് നേരെയുള്ള ആക്രമണമായതിനാല്‍ ഇത് കുറ്റകരമാണ്. ഒരു നായര്‍ തറവാടിന് മുന്നില്‍ ഇരിക്കുന്ന അംബേദ്കറുടെ ഭാവന തന്നെ ഒരു ആക്രമണമാണ്, സണ്ണി എം കപിക്കാട് പറഞ്ഞു.

മഹാത്മാഗാന്ധിയുടെ ചിത്രവും അവിടെയുണ്ട്, പക്ഷേ അത് പരിചിതമായ ഗാന്ധിയാണ്. ആദ്യകാലങ്ങളില്‍ കോട്ടും സ്യൂട്ടും ധരിച്ച ഗാന്ധിയെ നമ്മള്‍ കണ്ടിട്ടുണ്ട്, പക്ഷേ അംബേദ്കറിന്റെ കാര്യം അങ്ങനെയല്ല. ഇത് ഒരു ഗൂഢാലോചനയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. വിവാദം സൃഷ്ടിച്ച് മാര്‍ക്കറ്റ് ചെയ്യുക, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അംബേദ്കര്‍ തന്റെ ജീവിത കാലത്ത് എതിര്‍ക്കാന്‍ ശ്രമിച്ചതെല്ലാം ഇപ്പോള്‍ ബലമായി അടിച്ചേല്‍പ്പിക്കുകയാണ് എന്ന് സണ്ണി എം കപിക്കാട് പറഞ്ഞു. അംബേദ്കറെ കീഴടക്കാനുള്ള ചില നിക്ഷിപ്ത ഗ്രൂപ്പുകളുടെ ശ്രമങ്ങളെയാണ് ഈ കവര്‍ പ്രതീകപ്പെടുത്തുന്നത് എന്നും പുസ്തകത്തിന്റെ പുറംചട്ട ഒരുക്കിയ കെണിയില്‍ വീഴരുത് എന്നും അദ്ദേഹം ദളിത് സമൂഹത്തിന് മുന്നറിയിപ്പ് നല്‍കി.

ഡി സി ബുക്സ് പോലുള്ള ഒരു സ്ഥാപിത പ്രസിദ്ധീകരണത്തിന് ഇത്തരമൊരു നീക്കത്തെ എങ്ങനെ പിന്തുണയ്ക്കാന്‍ കഴിയും എന്ന ചോദ്യവും ദളിത് പ്രവര്‍ത്തകര്‍ ഉന്നയിച്ചിട്ടുണ്ട്. അതേസമയം പുറംചട്ടയുടെ പ്രസക്തി മനസ്സിലാക്കാന്‍ പുസ്തകം വായിക്കണം എന്നാണ് എഴുത്തുകാരന്‍ ഉണ്ണി ആര്‍ പറയുന്നത്. അതേസമയം കവര്‍ ചിത്രങ്ങളിലൂടെ രാഷ്ട്രീയത്തെ അവതരിപ്പിക്കുന്ന ഒരു സീരിസിന്റെ ഭാഗമാണ് ഈ കവര്‍ എന്ന് സൈനുല്‍ ആബിദ് പറഞ്ഞു. ന്യൂസ് 18 നോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മലയാളി മെമ്മോറിയല്‍ എന്ന കഥ വായിക്കാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ഈ കവര്‍ അസ്വസ്ഥപ്പെടുത്തുന്ന ഒന്നാവാന്‍ സാധ്യതയുണ്ട് എന്നും എന്നാല്‍ ഈ കഥയിലെ സന്തോഷ് നായര്‍ തന്റെ ജാതി പേരിന് ഒപ്പം യഥാര്‍ത്ഥ പേര് നിലനിര്‍ത്താനും അംബേദ്ക്കര്‍ എന്ന വട്ടപ്പേര് ഒഴിവാക്കാനും ആണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരേ സമയം ഇരട്ടപ്പേരായി വീണ അംബേദ്ക്കര്‍ എന്ന വിളിയും അതേ സമയം ഉള്ളിലെ ജാതി ബോധവുമാണ് ഇങ്ങനെ ഒരു കവര്‍ ചിത്രീകരിക്കുവാന്‍ ഇടയാക്കിയത് എന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍പ് സൈനുല്‍ ആബിദ് ബെന്യാമിന്റെ മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ക്ക് ഇത്തരത്തില്‍ ചെയ്ത കവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിംഗപ്പൂര്‍ വിശേഷങ്ങള്‍ കഴിഞ്ഞില്ല അല്ലേ; ഗ്ലാമറസ് ഫോട്ടോകളുമായി വീണ്ടും അഹാന












Click it and Unblock the Notifications