'ഇപിയെ മാത്രമല്ല, കേരളത്തിലെ എല്ലാ കോൺഗ്രസ് എംപിമാരെയും കണ്ടിരുന്നു'; അടുത്ത വെടിപൊട്ടിച്ച് ജാവദേക്കർ
തിരുവനന്തപുരം: നേതാക്കളുടെ ബിജെപി പ്രവേശവും അതുമായി ബന്ധപ്പെട്ട ചർച്ചകളും കൊഴുക്കുന്നതിനിടെ കോൺഗ്രസിനെ വെട്ടിലാക്കി മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുടെ വെളിപ്പെടുത്തൽ. കേരളത്തിൽ ഇപി ജയരാജനെ മാത്രമല്ല കണ്ടതെന്നും എല്ലാ കോൺഗ്രസ് എംപിമാരെയും താൻ കണ്ടിരുന്നുവെന്നും ജാവദേക്കർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് എന്ന നിലയിലാണ് പ്രകാശ് ജാവദേക്കർ ഇവിടെ എത്തുന്നത്. ഈ സമയത്ത് താൻ സിപിഎം, സിപിഐ നേതാക്കളുമായും കോൺഗ്രസ് എംപിമാരുമായും കൂടിക്കാഴ്‌ച നടത്തിയെന്നാണ് ജാവദേക്കർ അവകാശപ്പെടുന്നത്. കേരളത്തിൽ സിപിഎമ്മിന് ഒരു എംപി മാത്രമാണുള്ളതെന്ന് പറഞ്ഞ ജാവദേക്കർ ബാക്കിയുള്ളവരെ കണ്ടിരുന്നു എന്നും വ്യക്തമാക്കി.

രാഷ്ട്രീയ നേതാക്കൾ പരസ്‌പരം നടത്തുന്ന കൂടിക്കാഴ്‌ചകളിൽ എന്ത് തെറ്റാണ് ഉള്ളതെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ ജാവദേക്കർ ചോദിക്കുകയുണ്ടായി. എന്നാൽ ഇപി ജയരാജനുമായുള്ള കൂടിക്കാഴ്‌ചയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ആ വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പോട് കൂടി അവസാനിച്ചെന്നായിരുന്നു ജാവദേക്കറുടെ മറുപടി.
അതേസമയം, കേരളത്തിൽ പുതിയൊരു രാഷ്ട്രീയ വിവാദത്തിന് കൂടി തിരി കൊളുത്താൻ കെൽപ്പുള്ളതാണ് ജാവദേക്കറുടെ ഈ വെളിപ്പെടുത്തൽ. പ്രത്യേകിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഇപി ജയരാജൻ ജാവദേക്കറിനെ കണ്ട കാര്യം വലിയ രീതിയിൽ കോൺഗ്രസ് വിമർശന വിധേയമാക്കുകയും അതിന്റെ പേരിൽ സിപിഎമ്മിനെ ഉൾപ്പെടെ കുറ്റപ്പെടുത്തുകയും ഒക്കെ ചെയ്‌ത സാഹചര്യത്തിൽ.
ഇതിന്റെ അലയൊലികൾ അടങ്ങും മുൻപാണ് കോൺഗ്രസ് എംപിമാരെയും താൻ കണ്ടിരുന്നെന്ന് ജാവദേക്കർ വെളിപ്പെടുത്തുന്നത്. എന്നാൽ ആരൊക്കെയാണ് ഇതിൽ ഉള്ളതെന്ന കാര്യം ജാവദേക്കർ പേരെടുത്ത് പറഞ്ഞിട്ടില്ല. ജയരാജൻ വിവാദത്തിൽ പ്രതിരോധത്തിലായ സിപിഎമ്മിന് ഈ തുറന്നുപറച്ചിൽ പിടി വള്ളിയാകും എന്നുറപ്പാണ്.
നേരത്തെ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ഇപി ജയരാജൻ സിപിഎം വിട്ട് ബിജെപിയിലേക്ക് പോവുമെന്ന മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത് വന്നത്. അതിന് മുന്നോടിയായി ശോഭ സുരേന്ദ്രനുമായി ഇപി ചർച്ച നടത്തിയെന്നും സുധാകരൻ ആരോപിച്ചിരുന്നു.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ഇപി ആവട്ടെ പ്രകാശ് ജാവദേക്കറെ കണ്ടെന്ന കാര്യം വ്യക്തമാക്കുകയും ചെയ്‌തിരുന്നു. കൂടിക്കാഴ്‌ചയ്ക്ക് സാക്ഷിയായി ദല്ലാൾ നന്ദകുമാർ കൂടെ ഉണ്ടായിരുന്നുവന്നും ഇപി ജയരാജൻ സമ്മതിച്ചു. ഇതോടെ കോൺഗ്രസ് വലിയ പ്രതിഷേധമാണ് ഉയർത്തിയത്.












Click it and Unblock the Notifications