യാക്കോബായ തര്‍ക്കത്തില്‍ മോദി ഇടപെട്ടത് നന്നായെന്ന് പിണറായി, തുടര്‍ ചര്‍ച്ചകള്‍ക്ക് രണ്ട് നേതാക്കള്‍
തിരുവനന്തപുരം: സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടത് നല്ല കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ ക്രമസമാധാന പ്രശ്‌നമായി വരുന്ന കാര്യമാണ് അത്. പ്രധാനമന്ത്രിയെ പോലൊരാള്‍ അതില്‍ ഇടപെടുന്നത് സ്വാഗതാര്‍ഹമാണ്. അതില്‍ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം പ്രശ്‌ന പരിഹാരത്തിനായി ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച്ച മോദി പൂര്‍ത്തിയാക്കി. തുടര്‍ ചര്‍ച്ചകള്‍ ഉടന്‍ ഉണ്ടാവും.

മിസോറം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ളയെയും കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരനെയുമാണ് തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നിയോഗിച്ചിരിക്കുന്നത്. ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്നും, കോടതി വിധികളിലെ നീതി നിഷേധവുമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും യാക്കോബായ സഭാപ്രതിനിധികള്‍ മോദിയോട് പറഞ്ഞു. സുപ്രീം കോടതി വിധിയില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ ഓര്‍ത്തഡോക്‌സ് സഭക്കാരും തയ്യാറല്ല. പള്ളിപിടുത്തം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാണ് യാക്കോബായ സഭ ആവശ്യപ്പെട്ടത്.
വിധികളിലെ നീതി നിഷേധമാണ് ചര്‍ച്ച ചെയ്യേണ്ടത്. പ്രധാനമന്ത്രിയുടേത് തുറന്ന സമീപനമാണെന്നും യാക്കോബായ പ്രതിനിധികള്‍ പറഞ്ഞു. കോടതി വിധി നടപ്പാക്കാന്‍ വേണ്ടി ചര്‍ച്ച നടത്തുന്നതില്‍ അര്‍ഥമില്ല. വിശ്വാസപരമായ വിഷയങ്ങളില്‍ കോടതി വിധി നിലനില്‍ക്കുമ്പോള്‍ തന്നെ സര്‍ക്കാരിന് ഇടപെടാനും സാധിക്കുമെന്ന് യാക്കോബായ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതിനിടെ തര്‍ക്കം നിയമനിര്‍മാണത്തിലൂടെ പരിഹരിക്കണം എന്നാവശ്യപ്പെട്ട് യാക്കോബായ സഭ നടത്തിയ അവകാശ സംരക്ഷണ യാത്ര സെക്രട്ടേറിയേറ്റിന് മുന്നില്‍ സമാപിച്ചു. വയനാട്ടിലെ മീനങ്ങാടിയില്‍ നിന്ന് രണ്ടാഴ്ച്ച മുമ്പാണ് യാത്ര ആരംഭിച്ചത്.
അതേസമയം മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയെ ചര്‍ച്ചയ്ക്ക് വിളിക്കാത്തതിനെ കുറിച്ചും പ്രതികരിച്ചു. ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയ്ക്ക് പറ്റിയവരല്ലെന്നും, അതുകൊണ്ടാണ് ചര്‍ച്ചയ്ക്ക് വിളിക്കാതിരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശൂരില്‍ കേരള പര്യടനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പിണറായി വ്യക്തമാക്കിയത്. വിശ്വാസികള്‍ ഒപ്പുവച്ച ഭീമഹര്‍ജി യാക്കോബായ സഭ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കി.












Click it and Unblock the Notifications