മോദിയെ കാണാന്‍ 8 ക്രൈസ്തവസഭാ മേലധ്യക്ഷന്‍മാര്‍ക്ക് ക്ഷണം; തന്ത്രമൊരുക്കി ബിജെപി
കൊച്ചി: കേരള സന്ദര്‍ശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും. എട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ ആണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണിച്ചിരിക്കുന്നത് എന്നാണ് വിവരം. കേരളത്തില്‍ ബി ജെ പി പയറ്റുന്ന തന്ത്രത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ക്രൈസ്തവ വിഭാഗക്കാരെ ഒപ്പം നിര്‍ത്തണം എന്ന് ബി ജെ പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ ഭാഗമായി ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവരുടെ വീട് സന്ദര്‍ശിക്കണം എന്നും വിഷു ദിനത്തില്‍ ക്രൈസ്തവരെ വീട്ടിലേക്ക് ക്ഷണിക്കണം എന്നും സംസ്ഥാനത്തെ പ്രവര്‍ത്തകരോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരെ പ്രധാനമന്ത്രി നേരിട്ട് കാണുന്നത്. സഭാ മേലധ്യക്ഷന്‍മാരുമായുള്ള കൂടിക്കാഴ്ചക്ക് രണ്ട് സ്ഥലങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്.

വില്ലിംഗ്ടണ്‍ ഐലന്റിലെ താജ് വിവാന്ത ഹോട്ടലും, യുവം പരിപാടി നടക്കുന്ന തേവര എസ്എച്ച് കോളേജിലും വെച്ച് പ്രധാനമന്ത്രി ഇവരെ കാണും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി- സീറോ മലബാര്‍ സഭ, ബസേലിയോസ് മാര്‍തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക, ഓര്‍ത്തഡോക്‌സ് സഭ എന്നിവര്‍ അടക്കമുള്ളവര്‍ക്കാണ് കൂടിക്കാഴ്ചയ്ക്ക് ക്ഷണം കിട്ടിയിരിക്കുന്നത്.
ഇവരെ കൂടാതെ ജോസഫ് മാര്‍ ഗ്രീഗോറിയോസ്- യാക്കോബായ സഭ, മാര്‍ മാത്യു മൂലക്കാട്ട്- ക്‌നാനായ കത്തോലിക്ക സഭ, കോട്ടയം, മാര്‍ ഔജിന്‍ കുര്യാക്കോസ്, കല്‍ദായ - സുറിയാനി സഭ, കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് - സീറോ മലങ്കര സഭ, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് കളത്തിപ്പറമ്പില്‍ -ലത്തീന്‍ സഭ, കുര്യാക്കോസ് മാര്‍ സേവേറിയൂസ് -ക്‌നാനായ സിറിയന്‍ സഭ, ചിങ്ങവനം എന്നിവര്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള ക്രൈസ്തവ വിഭാഗക്കാരായ നേതാക്കള്‍ ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരായിരുന്നു ഇവരില്‍ ഭൂരിഭാഗവും. അതിനിടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് രാജി വെച്ച ജോണി നെല്ലൂര്‍ കഴിഞ്ഞ ദിവസം പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന ജോണി നെല്ലൂരിന്റെ പാര്‍ട്ടിയുടെ ലക്ഷ്യവും ബി ജെ പി പാളയമാണ് എന്നാണ് റിപ്പോര്‍ട്ട്.
Astro Tips: കുന്നും മലയും ഇഷ്ടമല്ല, മടുക്കാത്തത് ബീച്ച് മാത്രം എന്തുകൊണ്ടെന്നറിയാമോ?












Click it and Unblock the Notifications