ഹലോ സൂരജ് ഇത് പൃഥ്വിരാജാണ്, കൊവിഡ് ബാധിച്ച ആരാധകനെ ഞെട്ടിച്ച് സൂപ്പര്‍ താരത്തിന്റെ ഫോണ്‍ വിളി!!
കൊച്ചി: സൂപ്പര്‍ താരങ്ങള്‍ കൊവിഡ് കാലത്ത് ആരാധകരെയും സഹപ്രവര്‍ത്തകരെയും വിളിക്കുന്ന വാര്‍ത്ത എല്ലാവരും അറിഞ്ഞിരുന്നു. അതേ കൂട്ടത്തിലേക്ക് നടന്‍ പൃഥ്വിരാജും എത്തുകയാണ്. കൊവിഡ് ബാധിച്ച ആരാധകനെ വിളിച്ച് പൃഥ്വി പറയുന്ന ആശ്വാസ വാക്കുകള്‍ ആരാധകര്‍ അടക്കമുള്ളവര്‍ ഏറ്റെടുത്തിരിക്കുകയാണ്. പൃഥ്വിരാജിന്റെ ആരാധകരിലൊരാളുമായുള്ള ഫോണ്‍ കോളാണ് പുറത്തുവന്നത്. ഇയാള്‍ പൃഥ്വിയുടെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകന്‍ കൂടിയാണ്.

ആരാധകന് എല്ലാവിധ സഹായങ്ങളും പൃഥ്വിരാജ് വാഗ്ദാനം ചെയ്യുന്നുണ്ട്. സൂരജ് എന്നാണ് ആരാധകന്റെ പേര്. ഹലോ സൂരജ് ഇത് പൃഥ്വിരാജാണ് എന്നാണ് ഫോണ്‍ വിളിയുടെ തുടക്കത്തില്‍ തന്നെ അദ്ദേഹം പറയുന്നത്. തുടര്‍ന്ന് ഇപ്പോള്‍ എങ്ങനെയുണ്ടെന്നും പൃഥ്വി ചോദിച്ചു. രോഗനിലയെ കുറിച്ച് അദ്ദേഹം കാര്യമായി ചോദിച്ചറിയുന്നുണ്ട്. സാമ്പത്തികമായി എന്തെങ്കിലും സഹായം വേണ്ടതുണ്ടോയെന്നും പൃഥ്വിരാജ് ഇയാളോട് തിരക്കുന്നുണ്ട്. തുടര്‍ന്ന് ഇതിനെല്ലാം സൂരജ് മറുപടിയും നല്‍കുന്നുണ്ട്.
ഇപ്പോള്‍ താന്‍ ക്വാറന്റൈനില്‍ ആണെന്നും സാമ്പത്തിക സഹായം തല്‍ക്കാലം ആവശ്യമില്ലെന്നും സൂരജ് മറുപടി നല്‍കി. അതേസമം എപ്പോഴെങ്കിലും സഹം വേണ്ടി വരികയാണെങ്കില്‍ ചോദിക്കാന്‍ മടിക്കരുതെന്ന് പൃഥ്വിരാജ് നിര്‍ദേശിക്കുന്നുണ്ട്. സഹായം വേണ്ടി വന്നാല്‍ തന്നെ നേരിട്ടോ അല്ലെങ്കില്‍ ഫാന്‍സ് അസോസിയേഷനിലെ ആരെയെങ്കിലുമോ വിളിക്കണമെന്നും പൃഥ്വിരാജ് ആരാധകനോട് പറഞ്ഞു. കൊവിഡ് പോസിറ്റീവ് ആവുക എന്ന് പറഞ്ഞാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും, ഇപ്പോള്‍ കൊവിഡ് ബാധിക്കുകയെന്ന് പറഞ്ഞാല്‍ വലിയ കാര്യമല്ലാതായി മാറിയിരിക്കുകയാണെന്നും പൃഥ്വിരാജ് സൂരജിനോട് പറയുന്നുണ്ട്.
അതേസമയം കൊവിഡ് എല്ലാവര്‍ക്കും വന്ന് പോകുമെന്നാണ് തനിക്ക് തോന്നുന്നതെന്നും പൃഥ്വി സൂരജുമായുള്ള സംഭാഷണത്തില്‍ പറയുന്നുണ്ട്. നേരത്തെ പൃഥ്വിരാജിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജനഗണ മന എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു പൃഥ്വിരാജിന് കൊവിഡ് പോസിറ്റീവ് ആകുന്നത്. നേരത്തെ മോഹന്‍ലാലും ഇത്തരത്തില്‍ ആരാധകരെയും സഹപ്രവര്‍ത്തകരെയും വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചിരുന്നു. എന്ത് പ്രശ്‌നമുണ്ടായാലും പറയണമെന്നും മോഹന്‍ലാല്‍ ഇവരോട് നിര്‍ദേശിച്ചിരുന്നു. അമ്മ സംഘടനയിലെ അംഗങ്ങളില്‍ പലരും മോഹന്‍ലാലിന്റെ കരുതലിനെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു.












Click it and Unblock the Notifications