സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സമരത്തിലേക്ക്; പ്രഖ്യാപനം 8ന്, മിനിമം ചാർജ് 15 രൂപയാക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സമരത്തിലേക്ക്. അനിശ്ചിതകാല സമരം ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാനാണ് ബസുടമകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 8ന് നിർണായക യോഗം ചേരും. പാലക്കാട് വച്ചാണ് യോഗം ചേരുന്നത്. മിനിമം ചാർജ് 15 രൂപയാണക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. മറ്റന്നാൾ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവുമെന്നാണ് വിവരം.
യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പ്രിയദർശിനി പദ്ധതി മൂലം കനത്ത നഷ്‌ടമാണ് അനുഭവിക്കുന്നതെന്ന് ബസുടമകൾ പരാതി ഉന്നയിച്ചിരുന്നു. സ്വകാര്യബസ് മേഖലയ്ക്ക് ഉണ്ടാകുന്ന നഷ്‌ടം പഠിച്ച് നിർദേശങ്ങൾ നൽകുവാൻ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് സ്വകാര്യ ബസ് മേഖലയ്ക്ക് വ്യവസായം നിലനിർത്താൻ പര്യാപ്‌തമല്ലെന്നാണ് ബസുടമകൾ അറിയിച്ചത്.

കമ്മീഷന്റെ ശുപാർശകളിൽ കടുത്ത അതൃപ്‌തിയാണ് ബസുടമകൾ പ്രകടിപ്പിച്ചിരിക്കുന്നത്. സ്വകാര്യ ബസുകളിൽ കയറുന്ന സ്ത്രീകൾക്ക് സീറോ ടിക്കറ്റ് സമ്പ്രദായം ഒരുക്കണം, ഡീസലിന് സബ്‌സിഡി ഉൾപ്പെടെയുള്ളവ അനുവദിക്കണം, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം എന്നതടക്കമുള്ള സ്വകാര്യ ബസുകളുടെ ആവശ്യങ്ങളിൽ കമ്മീഷന്റെ ഒരു ശുപാർശയും കാണുന്നില്ലെന്നും ബസുടമകൾ ചൂണ്ടിക്കാണിക്കുന്നു.
ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യബസുകൾക്ക് ഒരു ദിവസം പോലും സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും അവർ പറയുന്നു. ബസ് സർവീസുകൾ നിർത്തിവെക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനിക്കുന്നതിനായാണ് സംഘടനയുടെ സംസ്ഥാനസമിതി യോഗം സെപ്റ്റംബർ എട്ടിന് പാലക്കാട് ചേരാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന് ശേഷമാവും അന്തിമ സമര പ്രഖ്യാപനം.
ഏറെക്കാലമായി ബസുടമകൾ ഉന്നയിക്കുന്ന ആവശ്യമാണ് ബസുകളിൽ മിനിമം ചാർജ് വര്ധിപ്പിക്കണമെന്നത്. 15 രൂപയായി മിനിമം ചാർജ് ഉയർത്തണമെന്നാണ് അവരുടെ ആവശ്യം. ഇതിനൊപ്പം വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. വിദ്യാർഥികളുടെ യാത്രാ നിരക്ക് നിലവിൽ ഒരു രൂപയാണ്. ഈ നിരക്ക് അഞ്ച് രൂപയാക്കണം എന്നാണ് ബസുടമകൾ ആവശ്യപ്പെടുന്നത്.
അതേസമയം, സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ടിൽ ഇത്തരം വിഷയങ്ങളെ കുറിച്ച് പറഞ്ഞിട്ടില്ല. എന്നാൽ ഒരേ റൂട്ടിൽ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നിടത്താണ് സ്വകാര്യ ബസ് ഉടമകള്‍ക്ക് സാമ്പത്തിക നഷ്‌ടം ഉണ്ടാക്കുന്നു എന്നാണ് സമിതിയുടെ കണ്ടെത്തല്‍. കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ പുനക്രമീകരിക്കുക, സ്വകാര്യ ബസുകള്‍ പാട്ടത്തിന് എടുക്കുക തുടങ്ങിയ ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്.


Click it and Unblock the Notifications