ശ്രീറാം വിഷയത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ഒത്തുകളി; നിസാര പരിക്ക്, കോളേജിലെത്തുമ്പോൾ ഗുരുതരമായി
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ സർവ്വെ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന് ജയിൽ വാസം ഒഴിവാക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ ഒത്തുകളിച്ചതായി അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വിഷയത്തിൽ പോലീസ് അന്വേഷണവും ആശുപത്രി വാസവുമെല്ലാം നേരത്തെ തന്നെ ദുരൂഹതകൾ നിരഞ്ഞതായിരുന്നു.
പോലീസ് അന്വേഷണത്തെ കുറിച്ച് ആരോപണങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു. പോലീസിന്റെ മെല്ലെ പോക്ക് നയത്തിന്റെ ഭാഗമായാണ് ശ്രീറാം വെങ്കിട്ടരാമന് വേഗത്തിൽ ജാമ്.യം ലഭിച്ചതും. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകുകയും രക്ത പരിശോധനയ്ക്കുള്ള സാമ്പിൾ എടുക്കാൻ സംഭവം കഴിഞ്ഞ് ഒമ്പത് മണിക്കൂർ കഴിഞ്ഞതും നേരത്തെ കേരള പോലീസിനെതിരെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഡോക്ടർമാരുടെ ഒത്തുകളി
ഇതിന് പിന്നാലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ ഒത്തു കളിച്ചെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയിരിക്കുന്നത്. ശ്രീറാമിനെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയാണ് ഇക്കാര്യത്തിൽ നിർണായകമാകുന്നത്. മാധ്യമപ്രവർത്തകന്റെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചതിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമനെ ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. എ്നാൽ അവിടുന്ന് സ്വന്തം ഇഷ്ടപ്രകാരം ശ്രീറാം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

നിസാര പരിക്ക്
സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റി കെയർ വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പ്രധാന ഡോക്ടറിന്റെയും അസിസ്റ്റന്റ് ഡോക്ടറിന്റെയും മൊഴിയാണ് ഇപ്പോൾ നിർണായകമായിരിക്കുന്നത്. ആശുപത്രിയിൽ എത്തിയ സമയത്ത് ശ്രീറാം വെങ്കിട്ടരാമന് ഗുരുതരമായ പരിക്കുകളൊന്നു ഉണ്ടായിരുന്നില്ലെന്നാണ് സ്വകാര്യ ആശുപത്രി ഡോക്ടർമാർ വെളിപ്പെടുത്തുന്നത്. കയ്യിലും മുതുകിലും നിസാര പരിക്കുകൾ ഉണ്ടായിരുന്നെന്നും അവർ അന്വേഷണ സംഘത്തിന് മൊഴി നൽകി.

ഗുരുതര പരിക്കെന്ന പ്രതീതി വരുത്താൻ ശ്രമം
സ്വകാര്യ ആശുപത്രിയിൽ സുഖചികിത്സയെന്ന വാർത്തകളെത്തുടർന്നു ശ്രീറാമിനെ വൈകിട്ടു തന്നെ ഇവിടെ നിന്നു ഡിസ്ചാർജ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. തുടർന്നു ജയിലിലേക്കു കൊണ്ടുപോയെങ്കിലും സൂപ്രണ്ടിന്റെ നിർദേശപ്രകാരം നേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിട്ടു. എന്നാൽ ്വിടെ പോലീസ് സെല്ലിന് പകരം മൾട്ടി സ്പെഷ്യൽറ്റി ട്രോമ കെയറിലെ തീവ്രപരിചരണ വിഭാഗത്തിലാണു ശ്രീറാമിനെ പ്രവേശിപ്പിച്ചത്. ഗുരുതര പരിക്കുണ്ടെന്ന പ്രതീതി വരുത്താനായിരുന്നു ഈ ശ്രമം.

കൂട്ടു നിന്നത് സഹപാഠികൾ
ശ്രീറാം വെങ്കിട്ടരാമനും എംബിബിഎസ് ബിരുധദാരിയാണ്. മെഡിക്കൽ കോളജിലെ പൂർവവിദ്യാർഥിയായ ശ്രീറാമിന്റെ അധ്യാപകരും സഹപാഠികളായിരുന്ന ഡോക്ടർമാരുമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. ഗുരുതര പരിക്കുള്ളതായി മെഡിക്കൽ കോളേജ ആധികൃതർ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുകയും ചെയ്തിരുന്നു. അപകടം നടന്ന ആഘാതത്തിൽ അപകടവും അതിന് തൊട്ടു മുമ്പുള്ള കാര്യങ്ങളും മറന്നു പോകുന്ന റിട്രോഗ്രേഡ് അംനീസ്യ ശ്രീറാമിന് ഉണ്ടെന്നും അവിടത്തെ ഡോക്ടർമാർ കണ്ടെത്തിയിരുന്നു.
Recommended Video

രേഖകൾ ആവശ്യപ്പെട്ട് കത്ത്
നിസാര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയ ശ്രീറാം വെങ്കിട്ടരാമൻ എങ്ങിനെ ഗുരുതര രോഗിയായി എന്നതിനെ കുറിച്ച് അന്വേഷണ സംഘം പരിശോധിക്കും. ശ്രീറാം വെങ്കിട്ടരാമന്റെ എക്സറേ, സ്കാൻ റിപ്പോർട്ടുകൾ, രക്തപരിശോധന ഫലം തുടങ്ങിയവ വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ വിലയിരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എല്ലാ ചികിത്സാ രേഖകളും ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് അധികൃതർക്ക് അന്വേഷണ സംഘം കത്ത് നൽകിയിട്ടുണ്ട്.












Click it and Unblock the Notifications