സ്വകാര്യബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര? ആവശ്യമുന്നയിച്ച് സ്വകാര്യബസുടമകള്‍... കാരണമിത്
പ്രിയദര്‍ശിനി പദ്ധതി സ്വകാര്യ ബസുകളിലും നടപ്പാക്കണം എന്ന് ബസുടമകള്‍. നിലവില്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. എല്ലാ സ്ത്രീകള്‍ക്കും സൗജന്യയാത്രയാണ് ഈ പദ്ധതിയിലൂടെ നല്‍കി വരുന്നത്. പ്രിയദര്‍ശിനി പദ്ധതി വന്നതോടെ സ്വകാര്യ ബസുകളില്‍ സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായിരുന്നു. ഇതോടെ വലിയ നഷ്ടമാണ് സ്വകാര്യ ബസ് വ്യവസായം നേരിടുന്നത്.
ഈ സാഹചര്യത്തില്‍ പ്രിയദര്‍ശിനി പദ്ധതി സ്വകാര്യ ബസുകളിലും നടപ്പാക്കണം എന്നും അതുവഴിയുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തണം എന്നുമാണ് ഉടമകളുടെ ആവശ്യം. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സ്വകാര്യ ബസുടമകള്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ സ്വകാര്യ ബസുകളില്‍ യാത്രക്കാര്‍ കുറഞ്ഞെന്നും തങ്ങള്‍ക്ക് വന്‍ നഷ്ടം ഉണ്ടാകുന്നുവെന്നുമാണ് അപ്പീലില്‍ പറയുന്നത്.

ബസുടമകളുടെ അപ്പീല്‍ അടുത്തയാഴ്ച പരിഗണിക്കുമെന്നാണ് സൂചന. നേരത്തെ പ്രിയദര്‍ശിനി പദ്ധതി മൂലം നേരിടുന്ന സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി സ്വകാര്യ ബസുടമകള്‍ ഹൈക്കോടതിയേയും കോമ്പറ്റിഷന്‍ കമീഷന്‍ ഓഫ് ഇന്ത്യയേയും സമീപിച്ചിരുന്നു. എന്നാല്‍ രണ്ടിടത്ത് നിന്നും ഹര്‍ജി തള്ളിയിരുന്നു. പദ്ധതി സംസ്ഥാന സര്‍ക്കാറിന്റെ വിവേചനാധികാരമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കോമ്പറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഹര്‍ജി തള്ളിയത്.
പ്രിയദര്‍ശനി പദ്ധതി തടയണമെന്നാണായിരുന്നു സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതി തടയാന്‍ കഴിയില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഭരണഘടനാലംഘനമോ വിവേചനമോ കാണാനാവുന്നില്ല എന്ന് പറഞ്ഞാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. അതേസമയം പ്രിയദര്‍ശിനി പദ്ധതിയെ കുറിച്ചുള്ള പഠനത്തിനായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.
പ്രിയദര്‍ശിനി സര്‍വീസുകള്‍ സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങള്‍ പഠിക്കാനാണ് കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. ആറാഴ്ചക്കുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അതിനിടെ കഴിഞ്ഞ ദിവസം പ്രിയദര്‍ശിനി പദ്ധതിക്കായി 44.35 കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പദ്ധതി ആരംഭിച്ച ശേഷം കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ അനുവദിച്ച ആകെ തുക 342.95 കോടി രൂപയാണ്.
ഒക്ടോബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 15 വരെയുള്ള കാലയളവില്‍ പദ്ധതി നടപ്പാക്കിയതുമൂലം കെഎസ്ആര്‍ടിസിക്കുണ്ടായ വരുമാന നഷ്ടം നികത്തുന്നതിനാണ് തുക അനുവദിച്ചത്. ഈ 15 ദിവസത്തിനുള്ളില്‍ മാത്രം 2,08,58,236 സ്ത്രീ യാത്രക്കാര്‍ സൗജന്യ യാത്രാ ആനുകൂല്യം ഉപയോഗപ്പെടുത്തി എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ജൂണ്‍ 15-നാണ് പ്രിയദര്‍ശിനി പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്.





Click it and Unblock the Notifications
