പ്രൊഫ. ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് പിടിയില്‍
കൊച്ചി: പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതി പിടിയില്‍. ഒന്നാം പ്രതിയായ സവാദിനെ കണ്ണൂരില്‍ നിന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. 13 വര്‍ഷത്തോളമായി ഒളിവിലായിരുന്നു സവാദ്. ടിജെ ജോസഫിന്റെ കൈവെട്ടിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടിയായ സവാദാണ്. ഇയാളെ എന്‍ഐഎ കൊച്ചിയില്‍ എത്തിച്ചതായി സൂചന. ഇന്ന് വൈകീട്ട് സവാദിനെ കോടതിയില്‍ ഹാജരാക്കും.
അതേസമയം പ്രതിയെ കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ ടിജെ ജോസഫ് അഭിനന്ദിച്ചു. ഗൂഢാലോചന നടത്തിയവരിലേക്ക് അന്വേഷണം പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2010 ജൂലായ് നാലിനാണ് ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം.മട്ടന്നൂര്‍ ബേരത്ത് നിന്നാണ് സവാദിനെ അറസ്റ്റ് ചെയ്തതെന്നാണ് എന്‍ഐഎ സൂചിപ്പിക്കുന്നത്.

ബേരത്ത് ഇയാള്‍ മരപ്പണി ചെയ്ത് വരികയായിരുന്നു. ഇവിടെ തന്നെയുള്ള വാടക വീട്ടിലായിരുന്നു താമസം. നേരത്തെ സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലായ് പതിമൂന്നിനാണ് കോടതി പ്രതികളെ ശിക്ഷിച്ചത്. മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. ബാക്കിയുള്ള മൂന്ന് പേര്‍ക്ക് മൂന്ന് വര്‍ഷം വീതം തടവിനും ശിക്ഷിച്ചിരുന്നു. ഇവര്‍ക്ക് നാല് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു.
കൊച്ചിയിലെ എന്‍ഐഎ കോടതിയായിരുന്നു ശിക്ഷ വിധിച്ചത്.കുറ്റകൃത്യം നടന്ന 2010 ജൂലായ് നാലിന് ആലുവയില്‍ നിന്ന് സവാദ് ബെംഗളൂരുവിലേക്ക് കടന്നതായി കേസന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ 13 വര്‍ഷത്തോളം സവാദിനായി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ എല്ലായിടത്തും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കണ്ടെത്താനായിരുന്നില്ല.
ഇനി സവാദിനെ കണ്ടെത്താനാവില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് കണ്ണൂരില്‍ നിന്ന് ഇയാള്‍ അറസ്റ്റിലാവുന്നത്. സവാദിനെ വിദേശത്ത് കണ്ടതായുള്ള രഹസ്യ വിവരത്തെതുടര്‍ന്ന് എന്‍ഐഎ നേരത്തെ അന്വേഷണം ശക്തമാക്കിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രതികളില്‍ ഒരാളും ദുബായില്‍ സവാദിനെ കണ്ടതായി മൊഴി നല്‍കിയിരുന്നു.
കേസിലെ മറ്റ് പ്രതികളാരും സംഭവത്തിന് ശേഷം സവാദിനെ ബന്ധപ്പെട്ടിട്ടില്ല. കേസിലെ മറ്റൊരു പ്രതി എംകെ നാസറിനൊപ്പം നേപ്പാളില്‍ സവാദ് ഒളിവില്‍ താമസിച്ചിരുന്നുവെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തിട്ടും വിവരങ്ങളൊന്നും ലഭിച്ചില്ല. സവാദ് ജോസഫിന്റെ കൈവെട്ടി മഴുവുമായിട്ടാണ് കടന്നുകളഞ്ഞത്. എന്‍ഐഎക്കും ക്രൈംബ്രാഞ്ചിനും ഇതുവരെ മഴ വീണ്ടെടുക്കാനായിട്ടില്ല.












Click it and Unblock the Notifications