പ്രമുഖ സംവിധായകൻ മോഹൻ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയ്ക്ക് വഴികാട്ടിയ പ്രതിഭാധനൻ
തിരുവനന്തപുരം: പ്രമുഖ സംവിധായകൻ എം മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കരിയറിൽ ഉടനീളം 23 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികള്‍, ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുമ്പേ, ഇളക്കങ്ങള്‍ തുടങ്ങിയവയാണ് മോഹന്റെ ശ്രദ്ധേയ സിനിമകൾ.
നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു മോഹൻ എന്ന സംവിധായകൻ. എൺപത് കാലഘട്ടത്തിൽ മലയാള സിനിമയ്ക്ക് മാറ്റത്തിന്റെ വഴി വെട്ടിത്തെളിച്ച വ്യക്തികളിൽ ഒരാൾ കൂടിയായിരുന്നു മോഹൻ. മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്‌ത് ശോഭന നായികയായി പക്ഷേ ഉൾപ്പെടെ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങൾ ഏറെയാണ്.

ഇരിങ്ങാലക്കുട ക്രൈസ്‌റ്റ് കോളജിലായിരുന്നു പ്രീഡിഗ്രി പഠനം. മദ്രാസിലെ ജെയ്ൻ കോളജിലായിരുന്നു ബികോം പഠനം. പിതാവിന്റെ ഒരു സുഹൃത്തു വഴിയാണ് പ്രശസ്‌ത സംവിധായകൻ എം കൃഷ്‌ണന്‍ നായരെ പരിചയപ്പെട്ടത്. അവിടുന്ന് അങ്ങോട്ടായിരുന്നു മോഹന്റെ കലാജീവിതം ആരംഭിച്ചത്. പഠനവും സിനിമയും ഒന്നിച്ചു കൊണ്ടു പോയ മോഹന്‍ സിനിമയുടെ എല്ലാ മേഖലയിലും പ്രവർത്തിച്ച വ്യക്തി കൂടിയാണ്.
1978ലാണ് മോഹൻ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി ചിത്രങ്ങൾ അഭ്രപാളിയിൽ അദ്ദേഹം എത്തിച്ചു. നെടുമുടി വേണു ആദ്യമായി നായകനായെത്തിയത് മോഹന്റെ വിടപറയും മുമ്പേ എന്ന ചിത്രത്തിലൂടെയായിരുന്നു. ഇടവേളയിലൂടെ ഇടവേള ബാബുവും മലയാള സിനിമയിലെത്താൻ മോഹൻ വഴിയൊരുക്കി.
ആലോലം, തീര്‍ത്ഥം, രചന, ശ്രുതി, മംഗളം നേരുന്നു, ഒരു കഥ ഒരു നുണക്കഥ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം പിന്നീട് മലയാളികൾക്ക് സുപരിചിതനായ മാറിയത്. 2005 ൽ പുറത്തിറങ്ങിയ ദി ക്യാമ്പസ് ആയിരുന്നു മോഹന്റെ അവസാന ചിത്രം. പിന്നീട് രണ്ട് പതിറ്റാണ്ടോളമായി സിനിമാ രംഗത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്നു അദ്ദേഹം.
തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എബി രാജ്, മധു, പി വേണു, ഹരിഹരന്‍ എന്നിവരുടെ ഉൾപ്പെടെ സംവിധാന സഹായിയായി മോഹൻ പ്രവർത്തിച്ചിട്ടുണ്ട്. നാട്ടുകാരനും സുഹൃത്തുമായിരുന്ന ഇന്നസന്റിനെ സിനിമയിലെത്താൻ സഹായിച്ചതും മോഹൻ തന്നെയായിരുന്നു. പിന്നീട് ഇന്നസന്റുമായി ചേര്‍ന്ന് ചില ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ചിരുന്നു. രണ്ട് പെണ്‍കുട്ടികള്‍ എന്ന സിനിമയിലെ നായികയും പ്രമുഖ നർത്തകിയുമായ അനുപമയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.












Click it and Unblock the Notifications