മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചരണം; സംവിധായകൻ അഖിൽ മാരർക്കെതിരെ കേസെടുത്തു
കൊച്ചി: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നടത്താൻ ആഹ്വാനം നിലനിൽക്കെ അതിനെതിരെ ഫേസ്‌ബുക്ക് പോസ്‌റ്റിട്ട സംവിധായകനും റിയാലിറ്റി ഷോ താരവുമായി അഖിൽ മാരാർക്ക് എതിരെ പോലീസ് കേസെടുത്തു. ഇൻഫോപാർക്ക് പോലീസാണ് സംഭവത്തിൽ അഖിലിനെതിരെ കേസെടുത്തത്.
കേസെടുത്തുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അതിനോട് പ്രതികരിച്ച് മറ്റൊരു പോസ്‌റ്റും താരം ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. 'വീണ്ടും കേസ്, മഹാരാജാവ് നീണാൾ വാഴട്ടെ' എന്നെഴുതിയ പുതിയ പോസ്‌റ്റ് ആണ് അഖിൽ പങ്കുവച്ചിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ താൽപര്യം ഇല്ലെന്നായിരുന്നു അഖിൽ മാരാർ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞിരുന്നത്.

ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകില്ലെന്നും പകരം ദുരിതബാധിതർക്ക് താൻ വീട് വച്ച് നൽകുമെന്നുമായിരുന്നു അഖിലിന്റെ പ്രഖ്യാപനം. മൂന്ന് വീടുകൾ വച്ച് നൽകുമെന്നായിരുന്നു അഖിലിന്റെ വാഗ്‌ദാനം. തന്റെ നാട്ടിൽ അവർക്ക് വീട് വച്ച് നൽകാമെന്നായിരുന്നു ആദ്യം സംവിധായകൻ പറഞ്ഞത്. പിന്നീട് ഇടത് അനുഭാവികളെ വെല്ലുവിളിച്ചുകൊണ്ട് അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് വീട് വച്ച് നൽകാമെന്ന് അഖിൽ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൊടുക്കരുതെന്ന് ഒരാളോട് പോലും താൻ പറഞ്ഞിട്ടില്ലെന്നും അഖിൽ മരാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താൻ ഒരിക്കലും ആരേയും തടയില്ല. എന്നാൽ താൻ കൊടുക്കുന്ന പണം ആർക്ക് പോകണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും അഖിൽ വ്യക്തമാക്കി.
പിണറായി വിജയനെ പരോക്ഷമായി വിമർശിക്കുകയും ചെയ്‌തിരുന്നു സംവിധായകൻ. കേരളത്തിലെ ജനതയെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ഒരു ഭരണാധികാരിയായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയിരുന്നുവെങ്കിൽ ഒരു ജനത്തിന്റെയടുത്തും ഇതുപോലെ വന്ന് തെണ്ടേണ്ട അവസ്ഥ മുഖ്യമന്ത്രിക്ക് വരില്ലായിരുന്നുവെന്ന് അഖിൽ മാരാർ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിവുകെട്ട, ക്രിയാത്മകമായി ഭരിക്കാൻ അറിയാത്ത ഒരു ഭരണാധികാരി നമ്മളെ ഭരിക്കുമ്പോൾ അത്തരം ഒരു മുഖ്യന് അടുത്തേക്ക് എന്റെ പണം കൊടുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സംവിധായകൻ മറുപടി നൽകി. ഇതിന് പിന്നാലെയാണ് ഇൻഫോപാർക്ക് പോലീസ് അഖിൽ മാരാർക്ക് എതിരെ കേസെടുത്തിരിക്കുന്നത്.
നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹമാധ്യങ്ങളിൽ നപ്രചരണം നടത്തിയതിന് ബിജെപി മീഡിയ വിഭാഗം മുന്‍ കോ-കണ്‍വീനർ ശ്രീജിത്ത് പന്തളത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പുറമെ മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ, മേലുകാവ് സ്വദേശി റിജിൽ ചാക്കോ ഉൾപ്പെടെയുള്ളവർ അറസ്‌റ്റിലുമായിരുന്നു.












Click it and Unblock the Notifications