'ആശമാരെ പിന്തുണച്ച തദ്ദേശസ്ഥാപന ഭരണാധികാരികളെ ആദരിക്കും, സമരവുമായി മുന്നോട്ട്'; ആശ പ്രവർത്തകർ
തിരുവനന്തപുരം: സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രതിഷേധിക്കുന്ന ആശ പ്രവർത്തകർ. ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നാണ് ആശ പ്രവർത്തകർ അറിയിച്ചത്. രാപ്പകൽ സമരവും സത്യഗ്രഹ സമരവും ശക്തമായി മുന്നോട്ടു കൊണ്ടുപോകും. പ്രധാനപ്പെട്ട ആവശ്യങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുന്നുവെന്നാണ് സമരസമിതി പറയുന്നത്.
ഓണറേറിയം വർധനവിലും വിരമിക്കൽ ആനുകൂല്യത്തിലും തീരുമാനമായില്ലെന്നും സമരസമിതി ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ തന്നെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി വ്യക്തമാക്കി. ഏപ്രിൽ 21ന് ആശമാരെ പിന്തുണച്ച തദ്ദേശസ്ഥാപന ഭരണാധികാരികളെ ആദരിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്. സമരത്തെ തകർക്കാൻ ചില കേന്ദ്രങ്ങൾ പല പരിശ്രമങ്ങളും നടത്തുന്നുവെന്നും അവർ ആരോപിക്കുന്നു.

തങ്ങളെ കരിവാരി തേക്കാൻ ശ്രമം നടക്കുന്നുവെന്നാണ് എസ് മിനിയുടെ ആരോപണം. സമരം നിർത്തുക എന്നത് അജണ്ടയിൽ ഇല്ലെന്നും പൂർവാധികം ശക്തിയായി മുന്നോട്ടു പോകുമെന്നും എസ് മിനി മാധ്യമങ്ങളോട് പറഞ്ഞു. 99 ശതമാനം ജനങ്ങളും സമരത്തോടൊപ്പമാണ്. തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കിയെടുക്കുവാന്‍ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ശക്തമായ പ്രക്ഷോഭം ഇനിയും ഉണ്ടാകുമെന്നും അവർ പറഞ്ഞു.
ഈ ഒരു സമരം കേരളത്തിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ നടത്തുന്ന ഐതിഹാസിക സമരമായി രേഖപ്പെട്ടുകഴിഞ്ഞു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് സമരസമിതി പറഞ്ഞു. ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശ വർക്കേഴേസ് നടത്തുന്ന സമരം രണ്ട് മാസം പിന്നിട്ടിട്ടും പ്രശ്‌ന പരിഹാരം ആയിട്ടില്ല.
ആശമാർ തലസ്ഥാനത്ത് നടത്തുന്ന പ്രതിഷേധ സമരം ഇന്ന് 64 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശാ പ്രവർത്തകരെയും സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖരെയും അണിനിരത്തി പൗരസാഗരം പരിപാടിയും സംഘടിപ്പിച്ചിരുന്നു.
സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പൗര സംഗമത്തിൽ പങ്കെടുത്തവർ ഒന്നടങ്കം ഉന്നയിച്ചത്. സമരം ഒത്തുതീർക്കാനായി സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ശ്രമവും ഇല്ലാത്തതിനാൽ പുതിയ സമര രീതികളിലേക്ക് കടക്കാനാണ് സമര സമിതിയുടെ അടക്കം തീരുമാനം. നിരാഹാര സമരം ഇന്ന് 26ആം ദിവസത്തിൽ എത്തിയിരിക്കുകയാണ്.












Click it and Unblock the Notifications